നിലമെച്ചപ്പെടുത്തി കരുത്തുറ്റ കേരള കമ്പനികള്‍

Update: 2020-04-09 13:37 GMT

നൈനാന്‍ വര്‍ക്കി

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് പിന്നില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓട്ടോമൊബീല്‍, ഫാര്‍മ കമ്പനികളുടെ ഓഹരികളായിരുന്നു. അതേ ട്രെന്‍ഡിന്റെ ചുവടുപിടിച്ചായിരുന്നു കേരള കമ്പനികളുടെ ഓഹരികളുടെ ചലനവും.

ഓട്ടോ സെക്ടര്‍ സൂചിക ഇന്ന് 11 ശതമാനം ഉയര്‍ന്നു. ഈ മേഖലയിലുള്ള കേരള കമ്പനിയായ അപ്പോളോ ടയേഴ്‌സിന്റെ ഓഹരി വില 7.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇന്നലത്തെ ക്ലോസിംഗ് വില 83.40 രൂപയായിരുന്നുവെങ്കില്‍ ഇന്ന്് 89.50 രൂപയാണ്. ഇന്ന് ട്രേഡിംഗിനിടെ ഒരു ഘട്ടത്തില്‍ വില 90.80 രൂപയിലുമെത്തിയിരുന്നു.

നിഫ്റ്റി ബാങ്ക് സൂചിക 4.84 ശതമാനമാണ് ഉയര്‍ന്നത്. ഫെഡറല്‍ ബാങ്ക്് ഓഹരി വില ഇന്നലത്തെ ക്ലോസിംഗായ 40.85 രൂപയില്‍ നിന്ന് 41 രൂപയിലെത്തിയുള്ളൂവെങ്കിലും 3.4 കോടി ഓഹരികള്‍ ട്രേഡ് ചെയ്യപ്പെട്ടു. സിഎസ്ബി മുന്‍ ദിന ക്ലോസിംഗായ 117.95 രൂപയില്‍ നിന്ന്് താഴ്ന്ന് 117.25 രൂപയിലെത്തി. ട്രേഡഡ് വോള്യം വെറും 54000 ഓഹരികളായിരുന്നു. വിപണി വളരെ വ്യക്തമായി കരുത്തുറ്റ ബാങ്കുകളെ തെരഞ്ഞെടുത്തപ്പോള്‍ മറ്റുള്ളവരെ അവഗണിച്ചു.

ധനകാര്യ സേവന മേഖലകളെ എടുത്താല്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മുത്തൂറ്റ് ഫിനാന്‍സ് മുന്നേറ്റം തുടര്‍ന്നു. മുന്‍ ദിന ക്ലോസിംഗായ 687 രൂപയില്‍ 738 രൂപയായി ഇന്ന് വര്‍ധിച്ചു. 7.4 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ധനം ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതു പോലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ലോണ്‍ പോര്‍ട്ട്‌ഫോളിയോയില്‍ പ്രധാനമായും ഗോള്‍ഡ് ലോണ്‍ ആണ്. അതുകൊണ്ട് വായ്പാ തിരിച്ചടവിലെ വീഴ്ചകളുമായുള്ള റിസ്‌കുകള്‍ കുറഞ്ഞ തോതിലാകും ഇവരെ ബാധിക്കുക. മുത്തൂറ്റ് ഫിനാന്‍സിന്റെ 17 ലക്ഷം ഷെയറുകള്‍ ഇന്ന് ട്രേഡ് ചെയ്തു.

സ്വര്‍ണപ്പണയ വായ്പാ രംഗത്തെ കേരളത്തില്‍ നിന്നുള്ള മറ്റൊരു പ്രമുഖ കമ്പനിയായ മണപ്പുറം ഫിനാന്‍സും നേട്ടമുണ്ടാക്കി. ഇന്ന് മണപ്പുറത്തിന്റെ ഓഹരി വിലയില്‍ 3.44 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗായ 107.60 രൂപയില്‍ നിന്ന് 111.30 രൂപയിലെത്തി. മണപ്പുറത്തിന്റെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന വില 115.45 രൂപയാണ്. മണപ്പുറം ഓഹരി വിലയും തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഉയര്‍ന്നിരിക്കുകയാണ്. ഒരു കോടി ഓഹരികള്‍ ട്രേഡ് ചെയ്യപ്പെട്ടു.

നിഫ്റ്റി ഫാര്‍മ സൂചിക 4.47 ശതമാനം ഉയര്‍ന്നുവെങ്കിലും ആ രംഗത്തെ കേരള കമ്പനിയായ കേരള ആയുര്‍വേദയുടെ ഓഹരി വില 42.30 രൂപയില്‍ തന്നെയാണ്. ഇന്നലെ ഇത് 42 രൂപയായിരുന്നു. 5000 ഓഹരികള്‍ ട്രേഡ് ചെയ്തു.

ഇന്‍ഡസ്ട്രി രംഗത്തേക്ക് നോക്കിയാല്‍, വി ഗാര്‍ഡ് ഇന്ന് നില മെച്ചപ്പെടുത്തി. ഇന്നലത്തെ 161.50 രൂപ എന്ന ക്ലോസിംഗ് വിലയില്‍ നിന്ന് 164.5 രൂപയിലെത്തി. ഇന്ന് വ്യാപാരത്തിനിടെ വി ഗാര്‍ഡ് വില 167.90 രൂപയിലുമെത്തിയിരുന്നു.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ വില 7.6 ശതമാനം വര്‍ധനയാണ് ഇന്ന്് രേഖപ്പെടുത്തിയത്. ഇന്നലത്തെ ക്ലോസിംഗ് വിലയായ 92.45 രൂപയില്‍ നിന്ന്് 104.90 രൂപ വരെ വ്യാപാരത്തിനിടെ എത്തിയിരുന്നുവെങ്കിലും ക്ലോസ് ചെയ്തത് 99.50 രൂപയ്ക്കാണ്.

കെഎസ്ഇ ലിമിറ്റഡിന്റെ വില ഇന്നലത്തെ 1191 രൂപയില്‍ നിന്ന് 1242 രൂപയിലെത്തി. വെറും 600 ഓഹരികളാണ് ട്രേഡ് ചെയ്തത്. കുറഞ്ഞ വോള്യം മാത്രം ട്രേഡ് ചെയ്യുന്നതിനാല്‍ ഷോര്‍ട്ടേം ഇന്‍വെസ്റ്റര്‍മാര്‍ ട്രേഡ് ചെയ്യുന്നത് ഉചിതമല്ല. ദീര്‍ഘകാല നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുകയും വേണം.

കഴിഞ്ഞ മൂന്നുദിവസമായി വിപണിയില്‍ കാണുന്നത്,  അടിസ്ഥാനപരമായി കരുത്തുറ്റ കമ്പനികളുടെ ഓഹരികളെ നിക്ഷേപകര്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാണ്.

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് 4.15 ശതമാനമാണ് ഉയര്‍ന്നത്. നിഫ്റ്റി 50 ല്‍ 43 കമ്പനികളുടെ ഓഹരികളും നിലമെച്ചപ്പെടുത്തി.

ഇന്ന് വ്യാപാരത്തിനിടെ നിഫ്റ്റി 9128ലും സെന്‍സെക്‌സ് 31225ലും എത്തിയിരുന്നു.

നിഫ്റ്റിയുടെ ക്ലോസിംഗ് 9111.90 ലായിരുന്നു. സെന്‍സെക്‌സ് 31159.62ലും ക്ലോസ് ചെയ്തു.

വിദേശ സ്ഥാപനങ്ങള്‍ വില്‍പ്പന നിര്‍ത്തി ചെറിയ തോതില്‍ വാങ്ങലുകള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍, യൂറോപ്യന്‍ വിപണികളിലും ജപ്പാന്‍ ഒഴികെയുള്ള ഏഷ്യന്‍ വിപണികളിലും ചെറിയ തോതിലെങ്കിലും പോസിറ്റീവ് ചലനമാണ് ഇന്നുണ്ടായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News