ലാഭമെടുപ്പ് തുടരുന്നു, ഓഹരി സൂചികകള്‍ ഇടിഞ്ഞു

ആറു കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-01-18 13:02 GMT

തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതോടെ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്‌സ് 470.40 പോയ്ന്റ് താഴ്ന്ന് 48564.27 പോയ്ന്റിലും നിഫ്റ്റി 152.40 പോയ്ന്റ് ഇടിഞ്ഞ് 14281.30 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 900 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കിയപ്പോള്‍ 2074 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 144 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ആഗോള വിപണി ശോഭിക്കാതെ പോയതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി.

യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ കമ്പനി, എച്ച് ഡി എഫ് സി ബാങ്ക്, ഐറ്റിസി എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. അതേസമയം നിഫ്റ്റി, ടാറ്റ മോട്ടോര്‍സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

ആറ് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 4.31 ശതമാനം നേട്ടത്തോടെ സിഎസ്ബി ബാങ്കാണ് ഇതില്‍ മുന്നില്‍. 9.60 രൂപ ഉയര്‍ന്ന് 232.45 രൂപയാണ് ഇന്നത്തെ ഓഹരി വില. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വില 3.35 രൂപ ഉയര്‍ന്ന് (3.21 ശതമാനം) 107.85 രൂപയും എഫ്എസിടിയുടേത് 2.55 രൂപ ഉയര്‍ന്ന് (3.04 ശതമാനം) 86.40 രൂപയുമായി. ഇന്‍ഡിട്രേഡ് (1.93 ശതമാനം), നിറ്റ ജലാറ്റിന്‍ (0.55 ശതമാനം), കേരള ആയുര്‍വേദ (0.29 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
പാറ്റ്‌സ്പിന്‍ ഇന്ത്യ, മണപ്പുറം ഫിനാന്‍സ്, ഹാരിസണ്‍സ് മലയാളം, ധനലക്ഷ്മി ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കിറ്റെക്‌സ് തുടങ്ങി 20 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെയും വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെയും വിലയില്‍ മാറ്റമുണ്ടായില്ല.



 


Tags:    

Similar News