ഒമിക്രോണ്‍ ഭീതി അവഗണിച്ച് ഓഹരി വിപണി; തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറ്റം

രാജ്യത്തെ കൂടുതലിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം

Update: 2022-01-04 12:10 GMT

പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം 20,000ത്തിന് മുകളില്‍ പോയാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ മുംബൈ. വാരാന്ത്യ കര്‍ഫ്യുവിലേക്ക് ഡെല്‍ഹി നീങ്ങുന്നു. ജനങ്ങളെ വീണ്ടും വീടുകളിലേക്ക് ചുരുക്കുന്ന നിയന്ത്രണങ്ങള്‍ രാജ്യത്ത് പലഭാഗങ്ങളില്‍ വരുമ്പോഴും തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി സൂചികകള്‍ മുന്നേറി.

ഒമിക്രോണ്‍ ഭീതിയെ വകഞ്ഞുമാറ്റിയാണ് വിപണിയുടെ പോക്ക്. സെന്‍സെക്‌സ് 672.71 പോയ്ന്റ് അഥവാ 1.14 ശതമാനം ഉയര്‍ന്ന് 59,855.93ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 179.55 പോയ്ന്റ് അഥവാ 1.02 ശതമാനം ഉയര്‍ന്ന് 17,805.25ലും ക്ലോസ് ചെയ്തു.

വിശാല വിപണിയുടെ പ്രകടനം ഇന്നും മുഖ്യ സൂചികകള്‍ക്കൊപ്പമെത്തിയില്ല. നിഫ്റ്റി സ്‌മോള്‍കാപ് 0.32 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി മിഡ്കാപ് സൂചികയുടെ നേട്ടം 0.27 ശതമാനം മാത്രമായിരുന്നു.

 കേരള കമ്പനികളുടെ പ്രകടനം

11 കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. വണ്ടര്‍ലയുടെ ഓഹരി വില 2.69 ശതമാനം ഇടിഞ്ഞു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി വിലയും 2.73 ശതമാനം താഴ്ന്നു.

സിഎസ്ബി ബാങ്ക് ഓഹരി വില ഇന്ന് 6.02 ശതമാനമാണ് ഉയര്‍ന്നത്. എഫ് എ സി ടി ഓഹരി വില 4.17 ശതമാനവും കിറ്റെക്‌സ് ഓഹരി വില 5.50 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.



 


Tags:    

Similar News