ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തില്‍ സെന്‍സെക്‌സ്; നിഫ്റ്റിയും 69 പോയ്ന്റ് ഉയര്‍ന്നു

Update: 2020-06-10 14:02 GMT

ബുധനാഴ്ച വിപണിയുടെ ചാഞ്ചാട്ട ദിനമായിരുന്നു. എന്നാല്‍ വിപണി ക്ലോസ് ചെയ്യുന്നതിന്റെ അവസാന മിനിട്ടുകളില്‍ റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയുടെ ബയിംഗിന്റെ പിന്‍ബലത്തില്‍ വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 290 പോയ്ന്റ് അഥവാ 0.86 ശതമാനം ഉയര്‍ന്ന് ഇന്ന് 34,247.05 ലെത്തി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് ഇന്നത്തെ ടോപ്പര്‍. ഏകദേശം എട്ട് ശതമാനത്തോളം വില ഉയര്‍ന്നു. ഹീറോ മോട്ടോകോര്‍പാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഏകദേശം നാല് ശതമാനത്തോളം.

നിഫ്റ്റി 69.50 പോയ്ന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 10,116ലെത്തി.

അതിനിടെ ട്രേഡര്‍മാര്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ദ്വിദിന മീറ്റിംഗിന്റെ നിരീക്ഷണങ്ങളെ ഉറ്റുനോക്കുകയാണ്. വരും ദിനങ്ങളില്‍ വിപണിയെ സ്വാധീനിക്കുന്ന ഒരു ഘടകം ഇതാകും.

സെക്ടറുകള്‍ പരിഗണിച്ചാല്‍ പൊതുമേഖലാ ബാങ്ക് ഓഹരികള്‍ ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക 3.5 ശതമാനം ഉയര്‍ന്നു.

കോവിഡ് വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി ധാരണയിലെത്തുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് പനേസിയ ബയോടെക്കിന്റെ വില അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ചു. ജൂബിലന്റ് ലൈഫ് സയന്‍സും തുടര്‍ച്ചയായും ഏഴാം ദിവസവും ഉയര്‍ന്നു. ടിസിഎസും മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ടിസിഎസ് കഴിഞ്ഞ മൂന്നുമാസത്തെ ഉയര്‍ന്ന നിരക്കായ 2,127 രൂപയിലെത്തിയിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കിംഗ്, ധനകാര്യ സേവന കമ്പനികളും നേട്ടമുണ്ടാക്കിയ ദിവസമാണിന്ന്. സിഎസ്ബി ബാങ്ക് (6.43 %), ധനലക്ഷ്മി ബാങ്ക് (1.36%), ഫെഡറല്‍ ബാങ്ക് (3%), ജിയോജിത് (2.63%), ഇന്‍ഡിട്രേഡ് (3.76%), മണപ്പുറം ഫിനാന്‍സ് (2.77%), മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് (9.99%), മുത്തൂറ്റ് ഫിനാന്‍സ് (2.61%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.72%) എന്നിവയെല്ലാം ഇന്നലത്തേതിനേക്കാളും നിലമെച്ചപ്പെടുത്തി.

കേരള ആയുര്‍വേദയുടെ വില ഇന്നും ഉയര്‍ന്നു. 21ഓളം കേരള കമ്പനികളുടെ വിലകള്‍ ഇന്നലത്തേതിനേക്കാളും ഉയര്‍ന്നുവെന്നതും സവിശേഷതയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News