ഓട്ടോ, ഐറ്റി മേഖലകളുടെ കരുത്തില്‍ മുന്നേറി സൂചികകള്‍

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 19 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-03-02 12:27 GMT

വാഹന വില്‍പ്പന കൂടിയെന്ന റിപ്പോര്‍ട്ടുകള്‍ ഓട്ടോ ഓഹരികളുടെ ഡിമാന്‍ഡ് ഉയര്‍ത്തിയത് വിപണിക്ക് നേട്ടമായി. ഐറ്റി മേഖലയും മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 447.05 പോയ്ന്റ് ഉയര്‍ന്ന് 50296.89 പോയ്ന്റിലും നിഫ്റ്റ് 157.60 പോയ്ന്റ് ഉയര്‍ന്ന് 14919.10 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ട്രഷറി ബോണ്ടുകളില്‍ നിന്നുള്ള മികച്ച നേട്ടം യുഎസ് വിപണിയെ ശക്തമാക്കിയത് ഇന്ത്യന്‍ വിപണിക്കും നേട്ടമായി. 1813 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1138 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 166 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ്, എന്‍ടിപിസി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഡോ റെഡ്ഡീസ് ലാബ്‌സ്, കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ മിക്കതും ഇന്ന് നേട്ടമുണ്ടാക്കി. 5.42 ശതമാനം നേട്ടവുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പട്ടികയില്‍ മുന്നിലുണ്ട്. ഈസ്റ്റേണ്‍ ട്രെഡ്‌സ് (5 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.60 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.37 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.66 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.23 ശതമാനം), ഹാരിസണ്‍സ് മലയാളം (2.89 ശതമാനം), ഇന്‍ഡിട്രേഡ് (2.74 ശതമാനം) തുടങ്ങി 19 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി.
അതേസമയം എഫ്എസിടി, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കേരള ആയുര്‍വേദ, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി ഒന്‍പത് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.



 




Tags:    

Similar News