ഐറ്റി, ധനകാര്യ ഓഹരികള്‍ കരുത്തായി, നേരിയ നേട്ടത്തോടെ ഓഹരി വിപണി

കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ

Update:2021-05-27 16:55 IST

ഐറ്റി, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ നേരിയ നേട്ടമുണ്ടാക്കി ഓഹരി വിപണി. സെന്‍സെക്‌സ് 97.70 പോയ്ന്റ് ഉയര്‍ന്ന് 51115 പോയ്ന്റിലും നിഫ്റ്റ് 36.40 പോയ്ന്റ് ഉയര്‍ന്ന് 15337.90 പോയ്ന്റിലും ക്ലോസ് ചെയ്തു. 1657 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1314 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 121 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ശ്രീ സിമന്റ്‌സ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഐഒസി, ബജാജ് ഫിനാന്‍സ്, എച്ച് യു എല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. ഫാര്‍മ, എനര്‍ജി സൂചികകള്‍ ഒഴികെ ബാക്കിയെല്ലാം നേട്ടമുണ്ടാക്കി. ഐറ്റി, പി എസ് യു ബാങ്ക് സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും നേട്ടം രേഖപ്പെടുത്തി.

കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതും ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയതും വിപണിയെ തുടക്കത്തില്‍ മുന്നോട്ട് നയിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഓഹരി വിപണിയിലെ അപകട സാധ്യതകളെ കുറിച്ചുള്ള ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ് തിരിച്ചടിയായതോടെ നേരിയ നേട്ടത്തില്‍ അവസാനിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 5.20 ശതമാനം നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.04 ശതമാനം), ആസ്റ്റര്‍ ഡി എം (മൂന്ന് ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ ( 2.46 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (1.42 ശതമാനം), ഫെഡറല്‍ ബാങ്ക് (1.21 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം എവിറ്റി, കല്യാണ്‍ ജൂവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍, സിഎസ്ബി ബാങ്ക്, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 18 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.



 




Tags:    

Similar News