ധനകാര്യ ഓഹരികള്‍ നിറം മങ്ങി, സൂചികളില്‍ ഇടിവ്

കിറ്റെക്‌സും നിറ്റ ജെലാറ്റിനും മുന്നേറി. 22 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി

Update: 2021-07-19 12:37 GMT

ദുര്‍ബലമായ ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി സൂചികകളിലും ഇടിവ്. സെന്‍സെക്‌സ് 586.66 പോയ്ന്റ് ഇടിഞ്ഞ് 52553.40 പോയ്ന്റിലും നിഫ്റ്റി 171 പോയന്റ് ഇടിഞ്ഞ് 15752.40 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1765 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1562 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 165 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

എന്‍ടിപിസി, നെസ്ലെ, ഡോ റെഡ്ഡി, സണ്‍ഫാര്‍മ, ഐറ്റിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രാടെക് സിമന്റ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. നിഫ്റ്റി ഫാര്‍മ, റിയല്‍റ്റി സൂചികകള്‍ ഒഴികെ ബാക്കിയെല്ലാ മേഖലകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകളില്‍ രണ്ടു ശതമാനം വരെയാണ് ഇടിവുണ്ടായത്.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണിയിലെ ഇടിവ് കേരള ഓഹരികളിലും പ്രകടമായെങ്കിലും കിറ്റെക്‌സിന്റെ നേട്ടം ശ്രദ്ധേയമായി. 9.64 ശതമാനം വിലയുയര്‍ന്ന് 192.25 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. തൊട്ടുപിന്നില്‍ 7.03 ശതമാനം നേട്ടവുമായി കേരള ഓഹരികളില്‍ നിറ്റ ജെലാറ്റിനും മികച്ച പ്രകടനം കാഴ്ചവെച്ചു. കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്.

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.96 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.95 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.77 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്(0.74 ശതമാനം), ആസ്റ്റര്‍ ഡി എം (0.06 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍. അതേസമയം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, സിഎസ്ബി ബാങ്ക്, അപ്പോളോ ടയേഴ്‌സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 22 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.




 

Tags:    

Similar News