ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തോടെ വിപണി, സെന്‍സെക്‌സ് 257 പോയ്ന്റ് ഉയര്‍ന്നു

കേരള കമ്പനികളില്‍ കല്യാണ്‍ ജൂവലേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര എന്നിവയുടെ ഓഹരിവില 10 ശതമാനം കയറി

Update:2022-08-23 16:46 IST

ആഗോള സൂചനകള്‍ക്കനുസൃതമായി നീങ്ങിയ ഓഹരി വിപണി ചാഞ്ചാട്ടത്തിനൊടുവില്‍ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 0.44 ശതമാനം അഥവാ 257 പോയ്ന്റ് ഉയര്‍ച്ചയോടെ 59,031 ലാണ് ഇന്ന് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ ഏറ്റവും താഴ്ന്നനിലയായ 58,475 എന്ന പോയ്ന്റിലുമെത്തി. നിഫ്റ്റി 50 സൂചിക 87 പോയിന്റ് അഥവാ 0.5 ശതമാനം ഉയര്‍ന്ന് 17,578 ലുമെത്തി. ഇത് വ്യാപാരത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയായ 17,626 ലും താഴ്ന്ന 17,345 ലും എത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എം ആന്‍ഡ് എം, എസ്ബിഐ, കൊട്ടക് ബാങ്ക്, ബജാജ്, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍ എന്നിവയാണ് സൂചികകളെ മുന്നോട്ടേക്ക് നയിച്ചത്. ഇവയുടെ ഓഹരിവില 1.4-4 ശതമാനമാണ് ഉയര്‍ന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്യുഎല്‍, എച്ച്ഡിഎഫ്സി എന്നിവയുടെ ഓഹരി വിലയില്‍ നഷ്ടമുണ്ടായി.
വിശാല വിപണിയില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1 ശതമാനവും 0.78 ശതമാനവും ഉയര്‍ന്നു. മേഖലാ സൂചികകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 2.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി ഐടി സൂചിക 1.77 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 19 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. അക്വാകള്‍ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വര്‍ ലിമിറ്റഡ്, കല്യാണ്‍ ജൂവലേഴ്‌സ് എന്നിവയുടെ ഓഹരിവില 10 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.24 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (1.66 ശതമാനം), ഫെഡറല്‍ ബാങ്ക് (3.05 ശതമാനം), കെഎസ്ഇ (2.07 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.27 ശതമാനം), നിറ്റ ജലാറ്റിന്‍ (6.16 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (2.17 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.31 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍.
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ തുടങ്ങിയവ വിപണിയില്‍ നഷ്ടം നേരിട്ടു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരിവിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News