നേരിയ നേട്ടത്തോടെ വിപണി, സെന്‍സസെക്‌സ് 54 പോയ്ന്റ് ഉയര്‍ന്നു
ഹാരിസണ്‍സ് മലയാളം, പാറ്റ്‌സ്പിന്‍ ഇന്ത്യ ഉള്‍പ്പെടെ 20 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി
ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 54 പോയ്ന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 59,085 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി50 സൂചിക 27 പോയ്ന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 17,605 ലുമെത്തി. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.7 ശതമാനം വീതം മുന്നേറി.
മേഖലാതലത്തില്‍ നിഫ്റ്റി മീഡിയ സൂചിക 1.7 ശതമാനവും നിഫ്റ്റി റിയല്‍റ്റി 1.8 ശതമാനവും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 1.6 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐടിയും ഫാര്‍മയും 0.3 ശതമാനം വീതം ഇടിഞ്ഞു.
എന്‍ഡിടിവിയുടെ ഓഹരികള്‍ ഗൗതം അദാനി ഏറ്റെടുത്തതിന് പിന്നാലെ വാര്‍ത്താചാനലിന്റെ ഓഹരിവില കുതിച്ചു. ഇന്നലെ അഞ്ച് ശതമാനം നേട്ടമുണ്ടാക്കിയ എന്‍ഡിടിവി ഓഹരി ഇന്നും അപ്പര്‍സര്‍ക്യൂട്ടിലായിരുന്നു. ഈ കമ്പനിയിലെ റീട്ടെയ്ല്‍ നെിക്ഷേപകര്‍ക്ക് ഹ്രസ്വ-ഇടത്തരം കാലയളവില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുമെന്ന് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു.
അതിനിടെ, ഇന്ന് തുറന്ന ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോമായ ഡ്രീംഫോക്‌സ് സര്‍വീസസിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. റീട്ടെയ്ല്‍ പങ്കാളിത്തത്തിന്റെ ബലത്തില്‍ ആദ്യദിവസം തന്നെ ഇഷ്യു ഒരു തവണയാണ് സബ്സ്ക്രൈബ് ചെയ്തത്. റീട്ടെയ്ല്‍ വിഭാഗം 6.5 തവണയാണ് സബ്സ്ക്രൈബ് ചെയ്തത്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 20 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി (2.95 ശതമാനം), എഫ്എസിടി (3.90 ശതമാനം), ഫെഡറല്‍ ബാങ്ക് (3.78 ശതമാനം), ഹാരിസണ്‍സ് മലയാളം (4.30 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (3.56 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (8.28 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.63 ശതമാനം) തുടങ്ങിയവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം അപ്പോളോ ടയേഴ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കെഎസ്ഇ എന്നിവയുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.