മുന്നേറ്റം തുടര്‍ന്ന് ഓഹരി സൂചികകള്‍
ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി
ആഗോള വിപണി ദുര്‍ബലമായി തുടരുന്നതിനിടയിലും തുടര്‍ച്ചയായ രണ്ടാം സെഷനിലും മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 776.50 പോയ്ന്റ് ഉയര്‍ന്ന് 58461.29 പോയ്ന്റിലും നിഫ്റ്റി 234.80 പോയ്ന്റ് ഉയര്‍ന്ന് 17401.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
2139 ഓഹരികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി. 1040 ഓഹരികളുടെ വിലിയിടിഞ്ഞു. 139 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ടാറ്റ സ്റ്റീല്‍, സണ്‍ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐസിഐസിഐ ബാങ്ക്, സിപ്ല, ആക്‌സിസ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടമുണ്ടാക്കി. ഐറ്റി, മെറ്റല്‍, റിയല്‍റ്റി, ഓട്ടോ, എഫ്എംസിജി, ഓയ്ല്‍ & ഗ്യാസ്, പവര്‍ സൂചികകളില്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1 ശതമാനം വീതം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. 6.07 ശതമാനം നേട്ടവുമായി ഹാരിസണ്‍സ് മലയാളം ആണ് നേട്ടത്തില്‍ മുന്നില്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.63 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.85 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.37 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.78 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (2.71 ശതമാനം) തുടങ്ങി 22 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. എന്നാല്‍ സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, സിഎസ്ബി ബാങ്ക്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി),
എഫ്എസിടി, ധനലക്ഷ്മി ബാങ്ക് എന്നീ കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇന്ന് ഇടിവുണ്ടായി. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.