നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍; കാരണം ഇതാണ്

കേരള കമ്പനികളില്‍ ഇന്‍ഡിട്രേഡ്, ഹാരിസണ്‍ മലയാളം, റബ്ഫില എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു

Update:2022-01-17 17:37 IST

പുറത്തുവരുന്ന മൂന്നാംപാദ ഫലങ്ങളും ആസന്നമായ ബജറ്റും ഓഹരി നിക്ഷേപകരെ ചുവടുമാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ടോ? ഇന്ന് ഓഹരി സൂചികകളുടെ ചലനം നല്‍കുന്ന സൂചന അതാണ്. മികച്ച കമ്പനികളില്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുക എന്നതായിരുന്നു ഇന്ന് വിപണിയുടെ പൊതുസ്വഭാവം. വലിയ ചാഞ്ചാട്ടങ്ങള്‍ വിപണിയില്‍ പ്രകടമായില്ല. സെന്‍സെക്‌സ് 86 പോയ്ന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 61,309ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 53 പോയ്ന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 18,309 ലും ക്ലോസ് ചെയ്തു.

മുഖ്യ സൂചികകളേക്കാള്‍ മെച്ചപ്പെട്ട പ്രകടനമായിരുന്നു വിശാലവിപണിയിലേത്. ബിഎസ്ഇ മിഡ്കാപ് സൂചികയും സ്‌മോള്‍കാപ് സൂചികയും 0.6 ശതമാനത്തോളം ഉയര്‍ന്നു.

ഫുട് വെയര്‍ കമ്പനിയായ മെട്രോ ബ്രാന്‍ഡ്‌സിന്റെ ഓഹരി വില ഇന്ന് 20 ശതമാനത്തോളം ഉയര്‍ന്നു. പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിരിക്കുന്ന ഈ കമ്പനിയുടെ മികച്ച മൂന്നാംപാദ ഫലങ്ങളാണ് ഓഹരി വില ഉയരാനിടയാക്കിയത്.
കേരള കമ്പനികളുടെ പ്രകടനം
ഇന്‍ഡിട്രേഡ് ഓഹരി വില ഇന്ന് 14.83 ശതമാനമാണ് ഉയര്‍ന്നത്. ഹാരിസണ്‍ മലയാളത്തിന്റെ ഓഹരി 9.67 ശതമാനം നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്‌സ് (5.14 ശതമാനം), റബ്ഫില (7.11 ശതമാനം) ഓഹരികള്‍ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. ഫാക്ടിന്റെ ഓഹരി വില 3.79 ശതമാനം ഉയര്‍ന്നു.

കേരള ആയുര്‍വേദ ഓഹരി വില ഇന്ന് 3.62 ശതമാനം ഇടിഞ്ഞ് 78.60 രൂപയിലെത്തി.




 


Tags:    

Similar News