നെഗറ്റീവ് വാര്‍ത്തകള്‍ക്ക് ചെവികൊടുക്കാതെ ഓഹരി വിപണി മുന്നോട്ട്

മാനുഫാക്ചറിംഗ്, സേവന മേഖലയിലെ തളര്‍ച്ച കാണിക്കുന്ന കണക്കുകളെ പോലും കാര്യമാക്കാതെ ഇന്ത്യന്‍ ഓഹരിയില്‍ മുന്നേറ്റം

Update: 2021-07-05 11:51 GMT

വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരികള്‍ പുതിയ വാരത്തില്‍ അതിന്റെ തുടര്‍ച്ച തന്നെ പ്രകടിപ്പിച്ചു. ബാങ്കിംഗ്, മെറ്റല്‍ ഓഹരികളില്‍ നിക്ഷേപ താല്‍പ്പര്യം ഏറെ പ്രകടമായപ്പോള്‍ സൂചികകള്‍ മുന്നേറി. ചുരുങ്ങല്‍ പ്രകടമാക്കി കൊണ്ട് പുറത്തുവന്ന ചില മാക്രോഇക്കണോമിക് ഡാറ്റകളെ കൂടി കാര്യമാക്കാതെയാണ് വിപണി മുന്നേറിയത്. രാജ്യത്തിന്റെ മാനുഫാക്ചറിംഗ് പിഎംഐ ചുരുങ്ങിയതും സര്‍വീസ് പിഎംഐ തൊട്ടുമുന്‍മാസത്തേക്കാള്‍ ജൂണില്‍ കുറഞ്ഞതും വിപണിയെ അലട്ടുന്നതേയില്ല. വിദേശ വിപണികളിലെ സമ്മിശ്ര പ്രകടനങ്ങളും ഗൗനിക്കാതെയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപക താല്‍പ്പര്യം പ്രകടമായത്.

സെന്‍സെക്‌സ് 395.33 പോയിന്റ് അഥവാ 0.75 ശതമാനം ഉയര്‍ന്ന് 52,880 പോയിന്റിലെത്തി. നിഫ്റ്റി 112.15 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന 15,834.35 ലെത്തി.

വിശാല വിപണി മുഖ്യ സൂചികകളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിഫ്റ്റി സ്‌മോള്‍കാപ് 0.79 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റി മിഡ്കാപ് 0.53 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
അഞ്ച് കേരള കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് താഴ്ച രേഖപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ്, ഇന്‍ഡിട്രേഡ്, റബ്ഫില ഓഹരി വിലകള്‍ ആറു ശതമാനത്തിലേറെ ഉയര്‍ന്നു. സിഎസ്ബി ബാങ്ക് , ഈസ്ട്രഡ് ഓഹരി വിലകള്‍ മൂന്ന് ശതമാനത്തിലേറെ കൂടി. കേരള ആയുര്‍വേദയുടെ ഓഹരി വില അഞ്ചുശതമാനത്തിലേറെ കൂടിയപ്പോള്‍ ജിയോജിത് ഓഹരി വില നാല് ശതമാനത്തോളവും വര്‍ധിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്റെയും വണ്ടര്‍ല ഹോളിഡേയ്‌സിന്റെയും ഓഹരി വിലകളും അഞ്ചു ശതമാനത്തിനുമുകളില്‍ നേട്ടമുണ്ടാക്കി.



 



 




Tags:    

Similar News