തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, മണപ്പുറം ഫിനാന്‍സ് തുടങ്ങി 13 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി
ഏഷ്യന്‍ വിപണി ദുര്‍ബലമായത് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകള്‍ താഴേക്ക്. സെന്‍സെക്‌സ് 273.51 പോയ്ന്റ് ഇടിഞ്ഞ് 52578.76 പോയ്ന്റിലും നിഫ്റ്റി 78 പോയ്ന്റ് ഇടിഞ്ഞ് 15746.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 1563 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1630 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഡോ റെഡ്ഡീസ് ലാബ്‌സ്, സിപ്ല, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്, ഡിവിസ് ലാബ്‌സ് തുടങ്ങിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
മെറ്റല്‍, പിഎസ്‌യു ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളിലെല്ലാം ഇടിവുണ്ടായി. നിഫ്റ്റി ഫാര്‍മ സൂചികയില്‍ 4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂതികകളും താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 13.49 ശതമാനം നേട്ടവുമായി മുന്നിലെത്തി. മണപ്പുറം ഫിനാന്‍സ് (8.07 ശതമാനം), ഹാരിസണ്‍സ് മലയാളം (6.81 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.80 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.42 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.33 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കിറ്റെക്‌സ്, നിറ്റ ജലാറ്റിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, എഫ്എസിടി, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 16 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.