ഐറ്റി, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി വിപണി
കേരള കമ്പനികളില്‍ 12 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്
ഐറ്റി, മെറ്റല്‍, ബാങ്ക് ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി നടക്കുന്ന പശ്ചാത്തലത്തില്‍ സെന്‍സെക്‌സ് 393.92 പോയ്ന്റ് ഉയര്‍ന്ന് 52699 പോയ്ന്റിലും നിഫ്റ്റി 103.50 പോയ്ന്റ് ഉയര്‍ന്ന് 15790.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 1415 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1717 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 135 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയവ മികച്ച നേട്ടം സ്വന്തമാക്കി. എജിഎം റിലയന്‍സിനെ തുണച്ചില്ല, വിലയിടിഞ്ഞു. കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓയ്ല്‍ കോര്‍പറേഷന്‍ തുടങ്ങിയവയ്ക്കും നേട്ടമുണ്ടാക്കാനായില്ല.
ഐറ്റി സൂചികയില്‍ രണ്ടു ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ഫാര്‍മ, എനര്‍ജി സൂചികകള്‍ ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയില്‍ കണ്ട മുന്നേറ്റം കേരള കമ്പനികളെ സംബന്ധിച്ച് വലിയ നേട്ടമായില്ല. 12 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (5 ശതമാനം), സിഎസ്ബി ബാങ്ക് (3.67 ശതമാനം), ആസ്റ്റര്‍ ഡിഎം (2.48 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.30 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.40 ശതമാനം), കെഎസ്ഇ (1.38 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിറ്റെക്‌സ്, അപ്പോളോ ടയേഴ്‌സ്, എഫ്എസിടി, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.