പച്ചയില്‍ മുന്നേറി വിപണി, സെന്‍സെക്‌സ് 1,040 പോയ്ന്റ് ഉയര്‍ന്നു

കേരള കമ്പനികളില്‍ 12.03 ശതമാനം ഉയര്‍ന്ന് എവിറ്റിയുടെ മുന്നേറ്റം

Update: 2022-03-16 11:15 GMT

ബുധനാഴ്ച രാവിലെ മുതല്‍ പച്ചയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണി വ്യാപാരാന്ത്യത്തില്‍ കുതിച്ചുയര്‍ന്നു. യുക്രെയ്‌നുമായുള്ള ചര്‍ച്ചയില്‍ 'ഒരു വിട്ടുവീഴ്ചയ്ക്ക് ചില പ്രതീക്ഷകള്‍' ഉണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് വിപണി സൂചികകള്‍ കുതിച്ചത്. ഇന്നലെ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1,040 പോയ്ന്റ് (1.85 ശതമാനം) ഉയര്‍ച്ചയോടെ 56,816 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 312 പോയ്ന്റ് (1.87 ശതമാനം) ഉയര്‍ന്ന് 16,975 ലും ക്ലോസ് ചെയ്തു.

സൂചികകള്‍ കുതിച്ചുയര്‍ന്നപ്പോള്‍ അള്‍ട്രാടെക് സിമന്റിന്റെ ഓഹരി വില 4.6 ശതമാനം വര്‍ധിച്ച് നിഫ്റ്റിയില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, ശ്രീ സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐഒസി, ഗ്രാസിം ഇന്‍ഡസ്, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ ഓഹരി വില 2.5 മുതല്‍ 3.5 ശതമാനം വരെ ഉയര്‍ന്നു. സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എന്നിവ 1.4 ശതമാനം വരെ ഇടിഞ്ഞ് ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.8 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 1.4 ശതമാനം ഉയര്‍ന്നു.
മേഖലാതലത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക 3.6 ശതമാനവും മെറ്റല്‍ സൂചിക 2.6 ശതമാനവും പ്രൈവറ്റ് ബാങ്ക് സൂചിക 2.3 ശതമാനവും മുന്നേറിയപ്പോള്‍ എല്ലാ പ്രധാന മേഖലാ സൂചികകളും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി കുതിച്ചുയര്‍ന്നപ്പോള്‍ കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, കെഎസ്ഇ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്. എവിറ്റി (12.03 ശതമാനം), എഫ്എസിടി (4.26 ശതമാനം), ഫെഡറല്‍ ബാങ്ക് (5.24 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.19 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.52 ശതമാനം) തുടങ്ങിയവയാണ് ഇന്ന് വിപണിയില്‍ നേട്ടം കൊയ്ത കേരള കമ്പനികള്‍.




 




Tags:    

Similar News