ആഗോള വിപണി ദുര്‍ബലം, ഇന്ത്യന്‍ സൂചികകളില്‍ തുടര്‍ച്ചയായ മൂന്നാം സെഷനിലും ഇടിവ്

കേരള കമ്പനികളില്‍ 9 എണ്ണത്തിന് മാത്രമേ നേട്ടമുണ്ടാക്കാനായുള്ളൂ

Update: 2021-11-11 11:31 GMT

ആഗോളപണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദം വിപണിയില്‍ പ്രതിഫലിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴേക്ക് പതിച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നാം സെഷനിലാണ് സൂചികകളില്‍ ഇടിവുണ്ടാകുന്നത്.

സെന്‍സെക്‌സ് 433.13 പോയ്ന്റ് ഇടിഞ്ഞ് 59,919.69 പോയ്ന്റിലും നിഫ്റ്റി 143.60 പോയ്ന്റ് ഇടിഞ്ഞ് 17873.60 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. 1398 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1769 ഓഹരികളുടെ വില ഇടിഞ്ഞു. 139 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐഒസി, ടെക് മഹീന്ദ്ര, എസ്ബിഐ, ഒഎന്‍ജിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ടൈറ്റന്‍ കമ്പനി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര & മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി. ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഐറ്റി, ഫാര്‍മ, റിയല്‍റ്റി സൂചികകള്‍ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം മെറ്റല്‍ സൂചിക നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം വീതം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 9 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഈസ്റ്റേണ്‍ ട്രെഡ്‌സ് (6.93 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.76 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.90 ശതമാനം), കേരള ആയുര്‍വേദ (0.79 ശതമാനം) തുടങ്ങിയ കേരള ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം വണ്ടര്‍ലാ ഹോളിഡേയ്‌സ്, നിറ്റ ജലാറ്റിന്‍, കെഎസ്ഇ, കല്യാണ്‍ ജൂവലേഴ്‌സ്, ഹാരിസണ്‍സ് മലയാളം, ധനലക്ഷ്മി ബാങ്ക് തുടങ്ങി 20 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.


 




Tags:    

Similar News