സര്‍വകാല ഉയരത്തില്‍ സൂചികകള്‍; നിഫ്റ്റി 18000ത്തിന് മുകളില്‍

ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, സിഎസ്ബി ബാങ്ക് തുടങ്ങി 15 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update: 2021-10-13 11:16 GMT

ആഗോള വിപണി തിളങ്ങിയില്ലെങ്കിലും ഉത്സവ സീസണല്‍ ഇന്ത്യന്‍ വിപണിക്ക് തുണയായി. സര്‍വകാല ഉയരത്തിലെത്തി സെന്‍സെക്‌സും നിഫ്റ്റിയും. സെന്‍സെക്‌സ് 452.74 പോയ്ന്റ് ഉയര്‍ന്ന് 60737.05 പോയ്ന്റിലും നിഫ്റ്റി 169.80 പോയ്ന്റ് ഉയര്‍ന്ന് 18161.80 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കെ പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും കടപ്പത്രങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന നേട്ടവുമെല്ലാം ആഗോള വിപണിയെ ദുര്‍ബലമാക്കിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അത് പ്രതിഫലിച്ചില്ല. ഓട്ടോ, മെറ്റല്‍, പവര്‍, ഐറ്റി, ഇന്‍ഫ്ര ഓഹരികള്‍ കരുത്തുകാട്ടിയപ്പോള്‍ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചു.
1602 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1504 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായപ്പോള്‍ 118 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.
ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്, ഐറ്റിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. മാരുതി സുസുകി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച് യു എല്‍ തുടങ്ങിയവയ്ക്ക് കാലിടറി.
ഓട്ടോ സൂചിക 3.5 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ എനര്‍ജി, ഇന്‍ഫ്ര, ഐറ്റി, മെറ്റല്‍, പവര്‍, കാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയവ ഒരു ശതമാനം വീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.6 - 1.5 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണത്തിനാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഫെഡറല്‍ ബാങ്ക് (5.65 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5.53 ശതമാനം), സിഎസ്ബി ബാങ്ക് (2.11 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.96 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.51 ശതമാനം), എവിറ്റി (1.03 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.90 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എസിടി, ആസ്റ്റര്‍ ഡി എം തുടങ്ങി 12 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. അപ്പോളോ ടയേഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എ്ന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.




 


Tags:    

Similar News