മെറ്റല്‍, പിഎസ്‌യു ബാങ്ക് ഓഹരികള്‍ നിറം മങ്ങി സൂചികകള്‍ താഴേക്ക്
കേരള കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
രാജ്യാന്തര വിപണി ദുര്‍ബലമായതോടെ ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സൂചികകള്‍ താഴേക്ക് പോകുന്നത്. സെന്‍സെക്‌സ് 524.96 പോയ്ന്റ് ഇടിഞ്ഞ് 58490.93 പോയ്ന്റിലും നിഫ്റ്റി 188.30 പോയ്ന്റ് ഇടിഞ്ഞ് 17396 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 995 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2308 ഓഹരികളുടെ വിലയിടിഞ്ഞപ്പോള്‍ 132 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. എച്ച് യു എല്‍, ഐറ്റിസി, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍ സൂചികയില്‍ 7 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ രണ്ടു ശതമാനത്തിനടുത്ത് ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
വിപണിയിലെ മോശം പ്രകടനം കേരള കമ്പനികള്‍ക്ക് വലിയ തിരിച്ചടിയായി. അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.98 ശതമാനം), കിറ്റെക്‌സ് (1.25 ശതമാനം), കെഎസ്ഇ (1.58 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (1.09 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (0.85 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), ഫെഡറല്‍ ബാങ്ക്, എവിറ്റി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കല്യാണ്‍ ജൂവലേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി 24 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.