മുന്നേറി സ്‌മോള്‍, മിഡ്ക്യാപ് സൂചികകള്‍
നിഫ്റ്റി മിഡ്ക്യാപ് സൂചിക സംവത് 2080ല്‍ 37.76 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 39.19 ശതമാനവും നേട്ടമുണ്ടാക്കി.
വിവിധ സൂചികകളെടുത്താല്‍ നിഫ്റ്റി റിയല്‍റ്റിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 662.10 പോയിന്റില്‍ നിന്ന് 999.55 പോയിന്റിലെത്തി. 50.79 ശതമാനമാണ് നേട്ടം. നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍, ഫാര്‍മ സൂചികകള്‍ 47 ശതമാനം നേട്ടമുണ്ടാക്കി.
ഓയില്‍ ആന്‍ഡ് ഗ്യാസ് (42.36 ശതമാനം), മെറ്റല്‍ (40.34 ശതമാനം), നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്( 37.97 ശതമാനം) ഐ.ടി (31.88 ശതമാനം), പി.എസ്.യു ബാങ്ക് (33.82 ശതമാനം), ഫിനാന്‍ഷ്യല്‍ സര്‍വീസസ് (22.05 ശതമാനം), ബാങ്ക് (17.47 ശതമാനം), എഫ്.എം.സി.ജി (13.69) എന്നിവയും നേട്ടത്തോടെയാണ് സംവത് 2080ന് വിട ചൊല്ലിയത്. അതേസമയം നിഫ്റ്റി മീഡിയ പോയ വര്‍ഷത്തെ ഏക നഷ്ടക്കാരായി. സൂചികയുടെ
ഇടിവ് 9.56 ശതമാനം.
ദീപപ്രഭയിൽ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സും
കേരളം ആസ്ഥാനമായുള്ള കമ്പനികളുടെ ഓഹരികളില്‍ സംവത് 2080ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സ് ഗാര്‍മെന്റ്‌സുമാണ്. 186 ശതമാനം വീതമാണ് ഇരു ഓഹരികളുടെയും ഉയര്‍ച്ച.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില സംവത് 2079ന്റെ അവസാന വ്യാപാരദിനത്തില്‍ വെറും 526.25 രൂപയായിരുന്നു. ഇന്നലെ ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 1,507 രൂപയിലാണ്. 186.37 ശതമാനത്തിന്റെ നേട്ടം.
എന്നാല്‍ ഈ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ വലിയ മലക്കം മറിച്ചിലുകള്‍ക്കും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വിധേയമായി. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓഹരി വലിയ കുതിപ്പിലായിരുന്നു. ജൂലൈ 8ന് സര്‍വകാല റെക്കോഡായ 2,979.45 രൂപയില്‍ എത്തി. അന്ന് കമ്പനിയുടെ വിപണി മൂല്യം 78,350 കോടി രൂപയിലുമെത്തിയിരുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാന്‍സിനെ പിന്തള്ളി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കിയത്. പക്ഷെ നിലവില്‍ വിപണി മൂല്യമുള്ളതാകട്ടെ 39,439.76 കോടി രൂപയും. നാല് മാസത്തിനിടെ വിപണി മൂല്യത്തില്‍ നിന്ന് 39,000 കോടി രൂപയോളമാണ് കുറവു വന്നത്.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തര വിപണിയില്‍ നിന്നും യൂറോപ്പ് അടക്കമുള്ള വിദേശ ഉപയോക്താക്കളില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടുമെന്ന പ്രതീക്ഷകളും നിലവില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുമാണ് ഓഹരിയെ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഉയര്‍ത്തിയത്. എന്നാല്‍ പിന്നീട് ആ ട്രെന്‍ഡ് നിലനിറുത്താന്‍ ഓഹരിക്ക് ആയില്ല. ഒക്ടോബറില്‍ ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമാണ് ഓഹരി മികച്ച പ്രകടനം കാഴ്ചവച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 12 ശതമാനത്തിധികം ഇടിവുണ്ടായി.
സര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ 5 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് കഴിഞ്ഞ മാസം 2,000 കോടി രൂപ സമാഹരിച്ചിരുന്നു. ഇന്നലെ ഓഹരി വില 2 ശതമാനം ഉയര്‍ന്ന് 1,499.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബംഗ്ലാദേശ് വഴികാട്ടിയ കിറ്റെക്‌സ്
കുട്ടികളുടെ വസ്ത്ര നിര്‍മാണ രംഗത്തെ മുന്‍നിരകമ്പനിയായ കിറ്റെക്‌സ് ഓഹരികള്‍ സംവത് 2080ല്‍ നിക്ഷേപകര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഒപ്പത്തിനൊപ്പമുള്ള നേട്ടമാണ് നല്‍കിയത്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരി വില 203 രൂപയില്‍ നിന്ന് 582 രൂപയായി. 186.10 ശതമാനം വളര്‍ച്ച.
വസ്ത്ര കയറ്റുമതിയില്‍ ലോകത്ത് മുന്‍പന്തിയിലുള്ള ബംഗ്ലാദേശ് നേരിടുന്ന രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതകളാണ് കിറ്റെക്‌സ് അടക്കമുള്ള ഇന്ത്യന്‍ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് നേട്ടമായത്. ഇതിനൊപ്പം തെലങ്കാനയില്‍ കമ്പനി സ്ഥാപിച്ചു വരുന്ന ഫാക്ടറികള്‍ ഉത്പാദന സജ്ജമാകുന്നതും ഓഹരികള്‍ക്ക് ഗുണമായി. സംവത് 2080ലെ അവസാന വ്യാപാര ദിനമായ ഇന്നലെ കിറ്റെക്‌സ് ഓഹരി വില 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലായിരുന്നു. ഓഹരി വില എക്കാലത്തെയും ഉയരമായ 582.50 രൂപയിലെത്തി. ഇന്നലത്തെ ക്ലോസിംഗ് വില അനുസരിച്ച് 3,873.63 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
പോപ്പീസിന്റെ നേട്ടത്തിന് പിന്നിൽ
കുഞ്ഞുടുപ്പ് നിര്‍മാണ കമ്പനിയായ പോപ്പീസ് കെയേഴ്‌സ് ഓഹരികള്‍ 643.24 ശതമാനം ഉയര്‍ച്ചയുമായി നേട്ടക്കണക്കില്‍ മുന്നിലുണ്ടെങ്കിലും മറ്റ് കമ്പനികളുടെ ഓഹരികളുമായി ഇത് താരതമ്യം ചെയ്യാനാകില്ല. റിവേഴ്‌സ് മെര്‍ജര്‍ പ്രക്രിയയിലൂടെയാണ് ഓഹരി ലിസ്റ്റ് ചെയ്തത്. പ്രാദേശിക ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അര്‍ച്ചന സ്റ്റോക്‌സ് എന്ന ഒരു കമ്പനിയുടെ ഭൂരിഭാഗം ഓഹരികള്‍ കഴിഞ്ഞ വര്‍ഷം പോപ്പീസിന്റെ പ്രമോട്ടര്‍മാര്‍ സ്വന്തമാക്കിയിരുന്നു. അതുവഴിയാണ് ഓഹരികള്‍ ബി.എസ്.ഇയില്‍ വീണ്ടും വ്യാപാരം ആരംഭിച്ചത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..
സ്റ്റെല്ലും സെല്ല സ്‌പേസും
ആര്‍.പി.ജി, ആര്‍.പി.എസ്.ജി ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെല്‍ ഹോള്‍ഡിംഗ്‌സാണ് നേട്ടത്തില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച മറ്റൊരു കേരള ഓഹരി. തേയില ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിക്കാരായ കമ്പനിയുടെ ഓഹരിയും മള്‍ട്ടി ബാഗറായി. 103.74 ശതമാനം മുന്നേറ്റമാണ് ഓഹരി കാഴ്ചവചത്. ഒരു വര്‍ഷം കൊണ്ട് ഓഹരി വില 252.80 രൂപയില്‍ നിന്ന് 515 രൂപയിലെത്തി. വിവിധ ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപമുള്ള കമ്പനിയാണ് സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്.
താരതമ്യേന കുഞ്ഞന്‍ ഓഹരിയായ സെല്ല സ്‌പേസും പട്ടികയില്‍ ഇടം പിടിച്ചു. ഓഹരി വില 8.20 രൂപയില്‍ നിന്ന് 16.21 രൂപയിലെത്തി. 97 ശതമാനത്തിലധികം നേട്ടമാണ് ഓഹരിയിലുണ്ടായത്.
അതിവേഗ മുന്നേറ്റത്തില്‍ കല്യാണ്‍
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയ ഓഹരികളിലൊന്നാണ്. സ്വര്‍ണ വില വന്‍കുതിപ്പിലായതാണ് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളെയും നേട്ടത്തിലാക്കിയത്. കമ്പനിയുടെ ഓഹരി വില 338.35 രൂപയില്‍ നിന്ന് 657 രൂപയായി. 94.18 ശതമാനമാണ് ഓഹരിയുടെ ഒരു വര്‍ഷത്തെ നേട്ടം.
സെപ്റ്റംബര്‍ 23ന് ഓഹരി വില റെക്കോഡ് ഉയരമായ 786 രൂപ വരെ എത്തിയിരുന്നു. ഇന്നലെ 2.53 ശതമാനം നഷ്ടത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
കുഞ്ഞുടുപ്പ് നിര്‍മാണ കമ്പനിയായ പോപ്പീസ് കെയേഴ്‌സ് ഓഹരികള്‍ 643.24 ശതമാനം ഉയര്‍ച്ചയുമായി നേട്ടക്കണക്കില്‍ മുന്നിലുണ്ടെങ്കിലും മറ്റ് കമ്പനികളുടെ ഓഹരികളുമായി ഇത് താരതമ്യം ചെയ്യാനാകില്ല. റിവേഴ്‌സ് മെര്‍ജര്‍ പ്രക്രിയയിലൂടെയാണ് ഓഹരി ലിസ്റ്റ് ചെയ്തത്.
കനത്ത നഷ്ടം സമ്മാനിച്ച് ഇന്‍ഡിട്രേഡ് മുതല്‍ സി.എസ്.ബി വരെ
നിക്ഷേപകര്‍ക്ക് പോയവര്‍ഷം ഏറ്റവും കൂടുതല്‍ നഷ്ടം സമ്മാനിച്ചത് ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ ഓഹരിയാണ്. വില 35.68 രൂപയില്‍ നിന്ന് 13.97 രൂപയായി. 61 ശതമാനത്തോളം നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്കും നഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്. ഓഹരി വില 69.05 രൂപയില്‍ നിന്ന് 35.68 ശതമാനം ഇടിഞ്ഞ് 44.41 രൂപയിലെത്തി.
സി.എസ്.ബി ബാങ്ക് 9.58 ശതമാനം നഷ്ടത്തോടെയാണ് പോയവര്‍ഷത്തോട് വിട പറഞ്ഞത്. ഓഹരി വില 278 രൂപയില്‍ നിന്ന് 203.05 രൂപയായി.
സംവത് 2080ല്‍ ലിസ്റ്റ് ചെയ്ത ഓഹരികളും പ്രകടനവും
കഴിഞ്ഞ വര്‍ഷം ആഡ് ടെക് സിസ്റ്റംസ്, മുത്തൂറ്റ് മൈക്രോഫിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ നാല് കേരള കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇതില്‍ മൂന്നും ഇതുവരെയുള്ള കാലയളവില്‍ നിക്ഷേപകര്‍ക്ക് നഷ്ടമാണ് സമ്മാനിച്ചത്. ആഡ്‌ടെക് സിസ്റ്റംസ് ഓഹരി മാത്രമാണ് 30.57 ശതമാന നേട്ടവുമായി വ്യത്യസ്തമായത്. ഓഹരി വില 62.34 രൂപയില്‍ നിന്ന് 81.40 രൂപയായി.പോപ്പുലര്‍ 40 ശതമാനവും മുത്തൂറ്റ് മൈക്രോഫിന്‍ 27 ശതമാനവും ടോളിന്‍സ് 26 ശതമാനവും നഷ്ടമാണ് രേഖപ്പെടുത്തുന്നത്.