ഓഹരി വിപണിയില്‍ 21 ലക്ഷത്തിലധികം മലയാളികള്‍; കേരളത്തിന്റെ പങ്കാളിത്തം പക്ഷേ താഴേക്ക്
പുതു നിക്ഷേപകരെ ചേര്‍ക്കുന്നതില്‍ മഹാരാഷ്ട്രയെയും ഗുജറാത്തിനെയും പിന്തള്ളി ഉത്തര്‍പ്രദേശ്
സമ്പൂര്‍ണ സാക്ഷരതയില്‍ അഭിമാനം കൊള്ളുന്നവരാണെങ്കിലും ആധുനികകാലത്തെ ഏറ്റവും മികച്ച നിക്ഷേപമാര്‍ഗമെന്ന പെരുമയുള്ള ഓഹരി നിക്ഷേപങ്ങളില്‍ മലയാളികളുടെ പങ്കാളിത്തം തീരെക്കുറവാണെന്നത് കേരളത്തിന് ഈയടുത്ത കാലം വരെ ഒരു പോരായ്മയായിരുന്നു. എന്നാലിതാ, കേരളത്തില്‍ നിന്നുള്ള ഓഹരി നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്നതായി നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (NSE) ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്‍.എസ്.ഇ നടപ്പുവര്‍ഷം നവംബര്‍ വരെയുള്ള കണക്കുകള്‍ ആധാരമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്ന് 21.06 ലക്ഷം പേര്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കൊവിഡാനന്തരമാണ് ഓഹരി വിപണിയില്‍ മലയാളികളുടെ തിരക്ക് കുത്തനെ കൂടിയത്. 2018-19ല്‍ 8.51 ലക്ഷം മലയാളികളാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരുന്നത്.
കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020-21ല്‍ ഇത് 12 ലക്ഷത്തിലേക്കും തൊട്ടടുത്തവര്‍ഷം (2021-22) 15 ലക്ഷത്തിന് മുകളിലേക്കും ഉയര്‍ന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ മാത്രം 6 ലക്ഷത്തോളം കേരളീയര്‍ പുതുതായി ഓഹരി നിക്ഷേപക ലോകത്തേക്കെത്തി.
പങ്കാളിത്തം പക്ഷേ താഴേക്ക്
ഓഹരി നിക്ഷേപകരുടെ എണ്ണം കൂടിയെങ്കിലും ഓഹരി വിപണിയില്‍ കേരളത്തിന്റെ പങ്കാളിത്തം കുറയുകയാണ്. 2009-10ല്‍ ഓഹരി വിപണിയിലെ മൊത്തം നിക്ഷേപകരില്‍ മൂന്ന് ശതമാനം പേര്‍ കേരളത്തില്‍ നിന്നായിരുന്നു. നടപ്പുവര്‍ഷം (2023-24) നവംബറിലെ കണക്കുപ്രകാരം പക്ഷേ വിഹിതം 2.5 ശതമാനമാണ്.
മഹാരാഷ്ട്രക്കാരുടെ പങ്കാളിത്തം ഇക്കാലയളവില്‍ 19.7 ശതമാനത്തില്‍ നിന്ന് 17.5 ശതമാനത്തിലേക്ക് താഴ്ന്നപ്പോള്‍ ഉത്തര്‍പ്രദേശുകാരുടെ വിഹിതം 6.1 ശതമാനത്തില്‍ നിന്ന് 10.5 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഒരുകാലത്ത് ഓഹരി വിപണിയില്‍ അപ്രമാദിത്തം കാട്ടിയിരുന്ന ഗുജറാത്തുകാരുടെ വിഹിതം 13 ശതമാനത്തില്‍ നിന്ന് 9 ശതമാനത്തിലേക്കും താഴ്ന്നു.
ഗുജറാത്തിനെയും മഹാരാഷ്ട്രയെയും മറികടന്ന് യു.പി
ഓഹരി വിപണിയിലെ പുതിയ നിക്ഷേപകരില്‍ ഗുജറാത്തിനെ ഉത്തര്‍പ്രദേശ് മറികടന്നു. 2023ല്‍ ഇതുവരെ 23.1 ലക്ഷം പേരാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഓഹരി വിപണിയിലേക്ക് പുതുതായി എത്തിയത്.
21.8 ലക്ഷം പുതിയ നിക്ഷേപകരുമായി മഹാരാഷ്ട്ര രണ്ടാമതും 11.3 ലക്ഷം പേരുമായി ഗുജറാത്ത് മൂന്നാമതുമാണ്. ഏറ്റവുമധികം നിക്ഷേപകരെ നേടിയ ടോപ് 10 സംസ്ഥാനങ്ങളില്‍ കേരളമില്ല.