പ്രതീക്ഷ തെറ്റി, കേരളത്തില്‍നിന്നുള്ള എന്‍ബിഎഫ്സിയുടെ ഓഹരി വില ഒറ്റയടിക്ക് ഇടിഞ്ഞത് 12 ശതമാനം!

രാവിലെ വ്യാപാരത്തിനിടെ ഓഹരി വില 14 ശതമാനത്തിലധികം ഇടിഞ്ഞു

Update:2022-08-16 12:47 IST

Photo : Canva

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ (Muthoot Finance Ltd) ഓഹരി വിലയിടിഞ്ഞത് 13 ശതമാനത്തോളം. ഇന്ന് രാവിലെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 14 ശതമാനത്തോളം താഴ്ന്ന മുത്തൂറ്റ് ഫിനാന്‍സ് 10.30 ന് 1038 രൂപ എന്ന നിലയിലാണ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ പ്രതീക്ഷിച്ച പ്രവര്‍ത്തനഫലം ധനകാര്യസ്ഥാപനത്തിന് നേടാന്‍ കഴിയാത്തതാണ് ഓഹരി വില കുത്തനെ ഇടിയാന്‍ കാരണം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 802 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് രേഖപ്പെടുത്തിയ അറ്റാദായം. കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 971 കോടി രൂപയേക്കാള്‍ 17 ശതമാനം കുറവാണിത്.
വായ്പാ ആസ്തി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 52,614 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 56,689 കോടി രൂപയായി ഉയര്‍ന്നു. എട്ട് ശതമാനത്തിന്റെ വര്‍ധന. നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 979 കോടി രൂപയില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 825 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്.


Tags:    

Similar News