ഈ റിയല്‍റ്റി കമ്പനിയും ഓഹരി വിപണിയിലേക്ക്

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 850 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്

Update: 2022-06-13 12:15 GMT

റുസ്‌തോംജീ ഗ്രൂപ്പ് കമ്പനിയായ കീസ്റ്റോണ്‍ റിയല്‍റ്റേഴ്സും ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയല്‍ ചെയ്തു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 850 കോടി രൂപ സമാഹരിക്കാനാണ് റിയല്‍റ്റി കമ്പനി ലക്ഷ്യമിടുന്നത്.

700 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരും പ്രൊമോട്ടര്‍മാരുടെയും 150 കോടി രൂപ വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ഉള്‍പ്പെടുക. ബൊമന്‍ റുസ്തം ഇറാനിയുടെ 75 കോടി രൂപയുടെ ഓഹരിയും പെര്‍സി സൊറാജി ചൗധരി, ചന്ദ്രേഷ് ദിനേഷ് മേത്ത എന്നിവരുടെ 37.50 കോടി രൂപയുടെ ഓഹരികള്‍ വീതവുമാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ കൈമാറുക.
ഐപിഒ തുകയില്‍ 427 കോടി രൂപ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടക്കാന്‍ വിനിയോഗിക്കും. ബാക്കി പണം ഭാവിയിലെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാനുമാണ് ലക്ഷ്യമിടുന്നത്. ആക്‌സിസ് ക്യാപിറ്റലും ക്രെഡിറ്റ് സ്യൂസും ആണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
മൈക്രോ മാര്‍ക്കറ്റുകളിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒരാളാണ് കീസ്റ്റോണ്‍ റിയല്‍റ്റേഴ്സ്. ജുഹു, ബാന്ദ്ര ഈസ്റ്റ്, ഖാര്‍, ഭാണ്ഡൂപ്, വിരാര്‍, താനെ എന്നിവിടങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 848.72 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത വരുമാനം. 2021 ഡിസംബര്‍ വരെ, അതിന്റെ മൊത്തം കടം 1439.18 കോടി രൂപയാണ്.


Tags:    

Similar News