നിയമപരമോ നിയമവിരുദ്ധമോ? ബിറ്റ്കോയിനുകളില്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവിരടങ്ങിയ ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ഐശ്വര്യ ഭാട്ടിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
ബിറ്റ്കോയിനുകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. നിലവില്‍, രാജ്യത്ത് ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിന് നിയന്ത്രണമോ നിരോധനമോ ഇല്ല. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവിരടങ്ങിയ ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ഐശ്വര്യ ഭാട്ടിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗെയിന്‍ ബിറ്റ്കോയിന്‍ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ബിറ്റ്കോയിനുകളുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടത്. നേരത്തെ, ക്രിപ്റ്റോ ഇടപാടുകളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ബാങ്കുകളെ വിലക്കിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് 2020 മാര്‍ച്ചില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
2022ലെ ബജറ്റില്‍ ഇത്തരം ഡിജിറ്റല്‍ അസറ്റുകള്‍ വഴിയുള്ള നേട്ടത്തിന് 30 ശതമാനം നികുതി ചുമത്തിയിട്ടുണ്ടെങ്കിലും ക്രിപ്റ്റോകറന്‍സികളുടെ നിയമസാധുത സംബന്ധിച്ച് രാജ്യം നിലപാട് വ്യക്തമാക്കിയിട്ടില്ല.