500 രൂപയില്‍ താഴെ വിലയുള്ള ഈ ഓഹരി 3 ദിവസത്തില്‍ ജുന്‍ജുന്‍വാലയ്ക്ക് നല്‍കിയത് 300 കോടിയിലേറെ !
ഈ ഓട്ടോ സ്‌റ്റോക്കിന് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ്.
രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ 500 രൂപയില്‍ താഴെയുള്ള ഒരു സ്റ്റോക്ക് മൂന്നു ദിവസം കൊണ്ട് അദ്ദേഹത്തിന് നല്‍കിയത് 310 കോടി രൂപയുടെ നേട്ടം. മാത്രമല്ല, ഇന്ത്യന്‍ നിക്ഷേപകരുടെ സ്വന്തം വാരന്‍ ബഫറ്റായ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് രണ്ട് സ്‌റ്റോക്കുകളും അദ്ദേഹത്തിന്റെ ആസ്തി കുതിച്ചുയരാന്‍ സഹായിച്ചു.
ടാറ്റ മോട്ടോഴ്‌സ് ആണ് വെറും മൂന്നു ദിവസത്തിനുള്ളില്‍ 25 ശതമാനം വര്‍ധനയോടെ 335.60 രൂപയില്‍ നിന്നും 417.80 രൂപയായി ഉയര്‍ന്നത്. ഇതോടെ 2021 ഒക്ടോബര്‍ ആറ് മുതല്‍ തുടര്‍ച്ചയായ മൂന്നു സെഷനില്‍ 310 കോടി രൂപയാണ് അദ്ദേഹത്തിന്റെ സ്വത്തിലേക്ക് ചേര്‍ത്തത്. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ ഈ ഓട്ടോ സ്‌റ്റോക്കിന് വന്‍ ഡിമാന്‍ഡാണ്. ലാന്‍ഡ്‌റോവര്‍ ഉള്‍പ്പെടെയുള്ള ടാറ്റ വാഹനങ്ങളുടെ ആഗോള ഹോള്‍സെയില്‍ വില്‍പ്പനയില്‍ ഇന്നലെ 20 ശതമാനം നേട്ടവും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഓഹരി പങ്കാളിത്ത രേഖ പ്രകാരം, രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 3,77,50,000 ഓഹരികളുണ്ട്, ഇത് ടാറ്റ ഗ്രൂപ്പിന്റെ ആകെ മൂലധനത്തിന്റെ 1.14 ശതമാനമാണ്. 2021 മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ 4,27,50,000 ഓഹരികള്‍ അഥവാ 1.29 ശതമാനം ഗ്രൂപ്പ് ഓഹരികള്‍ ജുന്‍ജുന്‍വാല കൈവശം വച്ചിരുന്നു. പിന്നീട് കുറയ്ക്കുകയായിരുന്നു. അതേസമയം ടാറ്റ മോട്ടോഴ്‌സ് 2021 സെപ്റ്റംബര്‍ പാദത്തിലെ ഓഹരി പങ്കാളിത്തത്തിന്റെ വിവരങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
നസറ ടെക്‌നോളജീസ്, ടൈറ്റന്‍ കമ്പനി എന്നിവയുടെ ശക്തമായ ഉയര്‍ച്ച കൂടിയായപ്പോള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തി കുതിച്ചുയര്‍ന്നതായി ഓഹരിവിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.