താഴേക്ക് പതിച്ച് എല്‍ഐസി, വിപണി മൂല്യം അഞ്ച് ട്രില്യണ്‍ രൂപയില്‍ താഴെ
എല്‍ഐസിയുടെ ഓഹരി വില 2.97 ശതമാനം ഇടിഞ്ഞ് 776.50 രൂപയിലെത്തി
ഓഹരി വിപണിയില്‍ എല്‍ഐസി ഓഹരി കുത്തനെ പതിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം അഞ്ച് ട്രില്യണ്‍ രൂപയില്‍ താഴെയായി. ഇന്ന് ഓഹരി വില 2.97 ശതമാനം ഇടിഞ്ഞ് 776.50 രൂപയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയും ഇതാണ്. തുടര്‍ച്ചയായ അഞ്ച് ദിവസത്തിനിടെ ഓഹരി വിലയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവാണ് എല്‍ഐസി ഓഹരിയിലുണ്ടായത്.
കഴിഞ്ഞദിവസം എല്‍ഐസിയുടെ ഓഹരി വില ഇടിവിലേക്ക് വീണപ്പോള്‍ വിപണി മൂലധനത്തില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന എല്‍ഐസി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എല്‍ഐസിയുടെ ഓഹരി വിപണിയിലേക്കുള്ള കടന്നുവരവ് നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെങ്കിലും വന്‍തിരിച്ചടിയാണ് തുടര്‍ന്നുണ്ടായത്. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം കിഴിവോടെയായിരുന്നു എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ ഇഷ്യു വിലയായ 949 രൂപയ്ക്കെതിരെ 867.20 രൂപയിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 8.11 ശതമാനം താഴ്ന്ന് 872.00 രൂപയിലുമാണഅ എല്‍ഐസി വ്യാപാരം ആരംഭിച്ചത്. ഇപ്പോള്‍ ലിസ്റ്റിംഗ് പ്രൈസില്‍നിന്നും 10 ശതമാനത്തിലധികം ഇടിവോടെയാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.
എല്‍ഐസിയുടെ (LIC) പ്രാഥമിക ഓഹരി വില്‍പ്പന 2.95 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്തത്. എല്ലാ വിഭാഗത്തിലും കൂടുതലായി സബ്സ്‌ക്രിപ്ഷന്‍ കാണപ്പെട്ടപ്പോള്‍ പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങാണ് സബ്സ്ക്രൈബ് ചെയ്തത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 1.99 തവണയും ജീവനക്കാരുടെ വിഭാഗം 4.39 തവണയും സബ്സ്‌ക്രൈബ് ചെയ്തു. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.91 മടങ്ങ് അപേക്ഷകളുണ്ടായപ്പോള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.83 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. റീട്ടെയ്ല്‍, പോളിസി ഉടമകള്‍ക്ക് യഥാക്രമം 45 രൂപയും 60 രൂപയും അധിക കിഴിവും എല്‍ഐസി നല്‍കിയിരുന്നു.