എല്‍ഐസി ഐപിഒ; മാര്‍ച്ച് 31ന് മുമ്പ് ലിസ്റ്റ് ചെയ്യും

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് എല്‍ഐസി ഐപിഒയിലൂടെ സമാഹരിക്കാല്‍ ലക്ഷ്യമിടുന്ന തുക

Update:2022-01-28 11:43 IST

പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) മാര്‍ച്ച് 31ന് മുമ്പ് ലിസ്റ്റ് ചെയ്യും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് & പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഒയ്ക്കുള്ള അന്തിമ ഡ്രാഫ്റ്റ് പേപ്പര്‍ തയ്യാറായെന്നും സെബിയുടെ അനുമതിക്കായി ഉടന്‍ സമര്‍പ്പിക്കുമെന്നുമാണ് വിവരം.

എല്‍ഐസി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ്. അതുകൊണ്ടാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുമ്പ് ലിസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഡിപാം സെക്രട്ടറി വ്യക്തമാക്കി. 2021-22 ബജറ്റ് അനുസരിച്ച് ഓഹരി വില്‍പ്പനയിലൂടെ 1.75 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടത്. ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പനകളിലൂടെ ഈ സാമ്പത്തിക വര്‍ഷം 9,330 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) എല്‍ഐസിയുടെ അറ്റാദായം 1,437 കോടി രൂപയാണ്. 554.1 ശതമാനം ആണ് പുതിയ ബിസിനസ് പ്രീമിയങ്ങളുടെ വളര്‍ച്ച നിരക്ക്. മുന്‍വര്‍ഷം ഇതേ കാലയളിവില്‍ 6.14 കോടി രൂപയായിരുന്നു 6.14 കോടി രൂപയായിരുന്നു അറ്റാദായം. എല്‍ഐസിയുടെ മൂല്യം 15 ലക്ഷം കോടി രൂപയായേക്കുമെന്നാണ് സൂചനകള്‍. എല്‍ഐസിയുടെ മൂല്യം തീരുമാനിച്ചുകൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെങ്കിലും കേന്ദ്രം 15 ലക്ഷം കോടി രൂപയെന്ന മൂല്യത്തിലേക്കാണ് നോട്ടമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിക്ഷേപകര്‍ ഈ മൂല്യനിര്‍ണയത്തെ പിന്തുണച്ചാല്‍, മൂല്യത്തില്‍ എല്‍ഐസി, ടി സി എസ്സിനെ പിന്തള്ളിയേക്കും. നിലവില്‍ ടിസിഎസ്സിന് 14.3 ലക്ഷം കോടി രൂപ വാല്വേഷനാണുള്ളത്. റിലയന്‍സിന് 17 ലക്ഷം കോടി രൂപ മൂല്യവും.




Tags:    

Similar News