എല്‍ഐസി ഐപിഒ വൈകുമോ?
നടപടിക്രമങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവില്ലെന്ന് റിപ്പോര്‍ട്ട്. നിഷേധിച്ച് ഡിഐപിഎഎം.
രാജ്യം ഏറ്റവും അധികം കാത്തിരിക്കുന്ന പ്രാരംഭ ഓഹരി വില്‍പ്പനയാണ്( ഐപിഒ) പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടേത്. 2021-22 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ ഐപിഒ നടത്താനാണ് എല്‍ഐസി ലക്ഷ്യമിടുന്നത്. അതിനിടെയാണ് ഐപിഒ ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകില്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഐപിഒയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം എല്‍ഐസിക്ക് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
വാല്യുവേഷന്‍ സംബന്ധിച്ച് ഇതുവരെ തീരുമാനത്തില്‍ എത്താനായിട്ടില്ല എന്നാണ് വിവരം. ഓഹരികളുടെ വലുപ്പം, പ്രോഡക്ട് മിക്‌സ്, റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ലാഭം പങ്കിടുന്ന ഘടന തുടങ്ങിവ മൂല്യനിര്‍ണയം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട ചെയ്തു. മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കിയാവും ഐപിഒയ്ക്കുള്ള ഓഹരികളുടെ എണ്ണം തീരുമാനിക്കുക.
എന്നാല്‍ ഐപിഒ ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ ശരിയല്ലെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) വ്യക്തമാക്കി. 2020-21 അവസാനപാദത്തില്‍ ഐപിഒ നടക്കുമെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡേ് ട്വീറ്റ് ചെയ്തത്.
2020-21 സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 1.75 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് എല്‍ഐസി ഐപിഒ. ഐപിഒയ്ക്ക് ശേഷം 5 വര്‍ഷം വരെ എല്‍ഐസിയുടെ 75 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈകളില്‍ തന്നെയായിരിക്കും. ശേഷം ഒഹരി വിഹിതം 51 ശതമാനമായി കുറയ്ക്കും. 80000-90000 കോടി രൂപ സമാഹരിക്കാനാണ് ഐപിഒയിലൂടെ എല്‍ഐസി ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഐപിഒയുടെ 10 ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.