ചെറുകിട ഓഹരി നിക്ഷേപകര്‍ക്ക് ബജറ്റില്‍ വന്‍ തിരിച്ചടി, ലക്ഷ്യം ബാങ്ക് നിക്ഷേപ ചോര്‍ച്ച തടയല്‍?

ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി

Update:2024-07-23 16:31 IST

ഓഹരി വിപണി നിക്ഷേപകര്‍ക്ക് ബജറ്റില്‍ കനത്ത തിരിച്ചടി. ദീര്‍ഘകാല മൂലധന നേട്ട നികുതി (long-term capital gains tax/LTCG) നിലവിലെ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനവും ചില ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള മൂലധന നേട്ട നികുതി ( short-term capital gains tax/STCG) 20 ശതമാനവുമാക്കിയിരിക്കുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായി.

കൂടാതെ ഡെറിവേറ്റീവ് വിപണിയില്‍ ഊഹകച്ചവടം തടയിടാന്‍ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് (എഫ് ആന്റ് എ) നികുതി ഉയര്‍ത്തിയിട്ടുണ്ട്. ഫ്യൂച്ചേഴ്‌സ് സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (Security Transaction Tax /STT) 0.01 ശതമാനത്തില്‍ നിന്ന് 0.02ശതമാനവും ഓപ്ഷന്‍സ് എസ്.ടി.ടി 0.062 ശതമാനത്തില്‍ നിന്ന് 0.1 ശതമാനവുമാക്കി. ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
മൂലധന നേട്ടത്തിനുള്ള ഇളവ് പരിധി ഒരു ലക്ഷത്തില്‍ നിന്ന് 1.25 ലക്ഷം രൂപയാക്കിയത് മാത്രമാണ് ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് ഏക ആശ്വാസം. കൂടാതെ ഒരു വര്‍ഷത്തില്‍ കുടുതലുള്ള ലിസ്റ്റഡ് ഫിനാന്‍ഷ്യല്‍ ആസ്തികളിലെ നിക്ഷേപത്തെ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
വിപണിക്ക് നിരാശ
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം ഇന്ന് ഓഹരി വിപണിയില്‍ വലിയ ഇടിവുണ്ടായിരുന്നു. പിന്നീട് ചെറുതായി തിരിച്ചു കയറിയെങ്കിലും വിപണിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഓഹരി വിപണിയിലേക്കുള്ള നിക്ഷേപം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ അതു നടക്കുമെന്നാണ് നികുതി നിരക്കുകൾ പങ്കുവച്ചു കൊണ്ട് സെരോധയുടെ സ്ഥാപകൻ നിതിന്‍ കാമത്ത് എക്‌സില്‍ കുറിച്ചത്.
ബാങ്കുകളില്‍ നിന്ന് സമ്പാദ്യം മ്യൂച്വല്‍ഫണ്ടിലേക്കും ഓഹരികളിലേക്കും ഒഴുകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു തന്നെയാകാണം സര്‍ക്കാരും മൂലധനനേട്ട നികുതി ഉയര്‍ത്തിയതിലൂടെ ഉദ്ദേശിച്ചത്.
മൂലധന നേട്ടത്തില്‍ നിന്നുള്ള നികുതി വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വിപണിക്ക് പ്രതികൂലമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ പറഞ്ഞു. ഹ്രസ്വകാല മൂലധന നേട്ട (എസ്ടിസിജി) നികുതി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയത് കടുത്ത തീരുമാനമാണ്. ദീര്‍ഘകാല നേട്ട (എല്‍ടിസിജി) നികുതി 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചത് പരിഗണിക്കുമ്പോള്‍ എല്‍.ടി.സി.ജി നികുതി ഇളവ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 1.25 ലക്ഷം രൂപയായി ഉയര്‍ത്തിയത് വളരെ നേരിയതാണെന്ന് പറയാം. അതേസമയം, ഓഹരി വാങ്ങുന്നവരുടെ കൈകളില്‍ നിന്ന് നികുതി ഈടാക്കുന്നത് വിപണിക്ക് പ്രതികൂലമാണ്. ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് ട്രേഡിംഗിനു മേല്‍ ഉയര്‍ന്ന നികുതി ചുമത്തിയത് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. വിപണിയിലെ അമിതമായ ഊഹക്കച്ചവടങ്ങള്‍ കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News