ലുലു ഐ.പി.ഒ മേളയുടെ അവസാന ലാപ്പില്‍ കമ്പനിയുടെ ട്വിസ്റ്റ്, ഭാഗ്യം കാത്ത് നിക്ഷേപകര്‍
നവംബര്‍ 14ന് ഓഹരി എ.ഡി.എക്‌സില്‍ വ്യാപാരം ആരംഭിക്കും
മലയാളിയായ എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു റീറ്റെയ്ല്‍ ഹോള്‍ഡിംഗിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഇന്ന് അവസാനിക്കും. 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു തീരുമാനമെങ്കിലും ഐ.പി.ഒയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ അവസാന ലാപ്പില്‍ സര്‍പ്രൈസ് നീക്കം നടത്തിയിരിക്കുകയാണ് ലുലു ഗ്രൂപ്പ്. കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികള്‍ കൂടി അധികമായി വിറ്റഴിക്കാനാണ് തീരുമാനം.
മൊത്തം 30 ശതമാനം (310 കോടി ഓഹരികള്‍) ഓഹരികളാണ് വില്‍പ്പന നടത്തിയത്. അധികമായി വില്‍പ്പനയ്ക്ക് വച്ച 51.6 കോടിയിലധികം വരുന്ന ഓഹരികള്‍ പൂര്‍ണമായും യോഗ്യരായ നിക്ഷേപകര്‍ക്ക് (പ്രൊഫഷണല്‍ ഇന്‍വെസ്റ്റര്‍മാര്‍) മാത്രമായാണ് നീക്കിവച്ചിരിക്കുന്നത്.
ഇതോടെ ഐ.പി.ഒയുടെ സമാഹരണ ലക്ഷ്യം 164 കോടി ഡോളര്‍ മുതല്‍ 172 കോടി ഡോളര്‍ വരെ (ഏകദേശം 13,776 കോടി രൂപ മുതല്‍ 14,450 കോടി രൂപ)യായി. ഈ വര്‍ഷം യു.എ.ഇയില്‍ നടക്കുന്ന ഏറ്റവും വമ്പന്‍ ഐ.പി.ഒ എന്ന റെക്കോഡും ഇതോടെ ലുലു റീറ്റെയിലിന് സ്വന്തമാകും. എണ്ണക്കമ്പനിയായ എന്‍.എം.ഡി.സിയുടെ 87.7 കോടി ഡോളറിന്റെ (ഏകദേശം 7,377 കോടി രൂപ) ഐ.പി.ഒ റെക്കോഡാണ് ലുലു മറികടക്കുന്നത്.
അലോട്ട്‌മെന്റ് ഭാഗ്യം തേടി നിക്ഷേപകര്‍
കഴിഞ്ഞ ഒക്ടോബര്‍ 28നാണ് ലുലു റീറ്റെയ്ല്‍ ഓഹരികളുടെ പ്രാരംഭ ഓഹരി വില്‍പ്പന തുടങ്ങിയത്. ആദ്യം ദിനം ആദ്യ മണിക്കൂറില്‍ തന്നെ മുഴുവന്‍ ഓഹരികള്‍ക്കും അപേക്ഷ ലഭിച്ചിരുന്നു. ഓഹരിയൊന്നിന് 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയായിരുന്നു (44.40 രൂപ മുതല്‍ 46.49 രൂപവരെ) ഇഷ്യു വില.
നാളെയാണ് ഓഹരികളുടെ അന്തിമ വില പ്രഖ്യാപിക്കുക. ഐ.പി.ഒയുടെ ഉയര്‍ന്ന വിലയായ 2.04 ദിര്‍ഹമായിരിക്കും അന്തിമ വില. നവംബര്‍ 14 മുതല്‍ ഓഹരികള്‍ അബൂദാബി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ എ.ഡി.എക്‌സില്‍ വ്യാപാരം തുടങ്ങും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് നവംബര്‍ 13ന് മെസേജ് വഴി അറിയിപ്പ് കിട്ടും. 2.04 ദിര്‍ഹമിന് അപേക്ഷിച്ചവര്‍ക്കായിരിക്കും അലോട്ട്‌മെന്റ് കിട്ടുക.
നിക്ഷേപകരായി വമ്പന്‍മാർ
സൗദി അറേബ്യയിലെ മസാറ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് മുഖ്യ നിക്ഷേപകര്‍. കൂടാതെ അബുദാബി പെന്‍ഷന്‍ ഫണ്ട്, ബഹറിനിലെ മുംതലാക്കാത്ത് ഹോള്‍ഡിംഗ് കമ്പനി, എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവരും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ചേര്‍ന്നിട്ടുണ്ട്.
ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ലുലു റീറ്റെയ്ല്‍. ജി.സി.സിയില്‍ 116 ഹൈപ്പര്‍മാര്‍ക്കറ്റുകളും 102 എക്‌സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളും ലുലുവിനുണ്ട്. യു.എ.ഇയില്‍ 103 സ്‌റ്റോറുകളും സൗദി അറേബ്യയില്‍ 56 സ്‌റ്റോറുകളും, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ 81 സ്‌റ്റോറുകളും ലുലുവിനുണ്ട്.
2024 ജൂണ്‍ 30ന് അവസാനിച്ച ആറ് മാസത്തില്‍ ലുലു റീറ്റെയ്‌ലിന്റെ വരുമാനം 20.35 കോടി ഡോളര്‍ (1,711 കോടി രൂപ) വര്‍ധിച്ച് 390 ഡോളറായി (32,809 കോടി രൂപ). നികുതിക്കും പലിശയ്ക്കും മറ്റും മുമ്പുള്ള ലാഭം 4.2 ശതമാനം വര്‍ധിച്ച് 39.1 കോടി ഡോളറുമാണ്.