ലുലു റീറ്റെയ്ല്‍ ഓഹരികളുടെ വില ഇങ്ങനെ, ഇപ്പോള്‍ വാങ്ങാം; റീറ്റെയ്ല്‍ വിഹിതം ഉയര്‍ത്താന്‍ സാധ്യത
മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം;
നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ലുലു റീറ്റെയ്ല്‍ ഐ.പി.ഒയ്ക്ക് തുടക്കമായി. ഓഹരിയൊന്നിന് 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം (44-55 രൂപ) വരെയാണ് വില. നവംബര്‍ 5ന് അന്തിമ വില പ്രഖ്യാപിക്കും.
ഓഹരിയുടെ പ്രൈസ് ബാന്‍ഡ് അനുസരിച്ച് 5.01 ബില്യണ്‍ ദിര്‍ഹം മുതല്‍ 5.27 ബില്യണ്‍ ദിര്‍ഹം (ഏകദേശം 11,500 - 12,000 കോടി രൂപ) വരെയാകും ലുലു ഗ്രൂപ്പ് ഐ.പി.ഒ വഴി സമാഹരിക്കുക.
യു.എ.ഇ സമയം രാവിലെ 8 മണി (ഇന്ത്യന്‍ സമയം 11.30) മുതലാണ് ഐ.പി.ഒ ആരംഭിച്ചത്. ഓഹരിക്ക് പ്രതീക്ഷിക്കുന്നതിലുമധികം സബ്‌സ്‌ക്രിപ്ഷന്‍ നേടാനായേക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. വിപണിയുടെ പ്രതീക്ഷകള്‍ക്കും അല്‍പം മുകളിലാണ് ഐ.പി.ഒ വില നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് ദിര്‍ഹത്തിന് താഴെയായിരുന്നു പ്രതീക്ഷകള്‍.
വിപുലമായ പഠനത്തിനും നിക്ഷേപക സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ക്കും ശേഷമാണ് വില നിശ്ചയിച്ചതെന്ന് ലുലു റീറ്റെയ്ല്‍ സി.ഇ.ഒ സെയ്ഫി രൂപവാല പറഞ്ഞു.
റീറ്റെയ്ല്‍ വിഹിതം കൂട്ടിയേക്കും
മൊത്തം 25 ശതമാനം ഓഹരികളാണ് ലുലു റീറ്റെയ്ല്‍ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 10 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഓഹരികള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് റീറ്റെയ്ല്‍ ഓഫര്‍ കൂട്ടിയേക്കാമെന്നും സംസാരമുണ്ട്. ഇഷ്യു അവസാനിക്കുന്നതിന് മുമ്പ് ഏത് നിമിഷവും റീറ്റെയ്ല്‍ വിഹിതം വര്‍ധിപ്പിക്കാന്‍ ലുലുവിന് അവകാശമുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും ലുലു ഓഹരികള്‍ വാങ്ങാന്‍ അവസരമുണ്ട്. നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 5,000 ദിര്‍ഹത്തിന്റെ ഓഹരി അപേക്ഷ നല്‍കാന്‍ സാധിക്കും. ഇന്ത്യന്‍ രൂപയില്‍ 1.14 ലക്ഷം രൂപയ്ക്കടുത്ത്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് മിനിമം 1,000 ഓഹരികളാകും ലഭിക്കുക. യോഗ്യരായ ജീവനക്കാര്‍ക്ക് 2,000 ഓഹരികളും.
വിദേശ നിക്ഷേപകര്‍ക്ക് ഐ.പി.ഒയില്‍ പങ്കെടുക്കാന്‍ അബുദാബി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എ.ഡി.എക്‌സ്) നിന്നുള്ള നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ (എന്‍.ഐ.എന്‍) നിര്‍ബന്ധമാണ്. കൂടുതൽ വായിക്കാം.
നികുതിക്ക് ശേഷമുള്ള വാര്‍ഷിക ലാഭത്തിന്റെ 75 ശതമാനം ലാഭവിഹിതമായി നല്‍കാനും ലുലു ലക്ഷ്യമിടുന്നു. അര്‍ദ്ധവാര്‍ഷികമായാണ് ഇത് നല്‍കുക. ആദ്യ ലാഭവിഹിതം 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതിയില്‍ നല്‍കും.