ഐ.പി.ഒയ്ക്ക് മുന്‍പ് ഭക്ഷണ വിതരണ കമ്പനിയില്‍ ഓഹരികള്‍ സ്വന്തമാക്കി മാധുരി ദീക്ഷിത്

ഈ ആഴ്ച കമ്പനി അപേക്ഷ സമര്‍പ്പിച്ചേക്കും, സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ₹11,700 കോടി

Update:2024-09-20 15:41 IST

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിഗി ഈ ആഴ്ച അവസാനത്തോടെ സെബിക്ക് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായുള്ള അപേക്ഷ (draft red herring prospectus /DRHP) സമര്‍പ്പിച്ചേക്കുമെന്ന്  സൂചനകള്‍.

നേരത്തെ നടത്തിയ രഹസ്യ ഫയലിംഗിന് അനുമതി ലഭിച്ചതാണ് ഇപ്പോള്‍ ഡി.ആര്‍.എച്ച്.പി സമര്‍പ്പിക്കുന്നതിലേക്ക് കടന്നിരിക്കുന്നത്. ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ച ശേഷം കമ്പനിയുടെ മാനേജ്‌മെന്റ് ഇന്ത്യയിലും യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലും ഇന്‍വെസ്റ്റര്‍ റോഡ് ഷോകളില്‍ പങ്കെടുക്കും.

ഓഹരി നേടി മാധുരിയും

പ്രമുഖ ഹിന്ദി സിനിമ താരം മാധുരി ദീക്ഷിത് ഐ.പി.ഒയ്ക്ക് മുന്നോടിയായി 
സ്വിഗി
യില്‍ ഓഹരി സ്വന്തമാക്കിയിരിക്കുകയാണ്. മാധുരി ദീക്ഷിതും ഇപ്പോള്‍ ഓയോ ഹോട്ടല്‍സിന്റെ ഉടമസ്ഥതയിലുള്ള കോ-വര്‍ക്കിംഗ് സ്‌പേസ് പ്ലാറ്റ്‌ഫോമായ ഇന്നോവ്8ന്റെ സ്ഥാപകന്‍ ഋതേഷ് മാലിക്കും ചേര്‍ന്നാണ് സെക്കന്ററി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങിയതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരും ചേര്‍ന്ന് മൂന്ന് കോടിരൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഒന്നര കോടി രൂപ വീതം മുടക്കിയാണ് ഓഹരി പങ്കാളികളായത്. സ്വിഗിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ വെന്‍ഡസ് വഴിയായിരുന്നു ഇടപാട്. ഓഹരി ഒന്നിന് 345 രൂപ പ്രകാരമായിരുന്നു വില്‍പ്പന എന്നാണ് അറിയുന്നത്. സ്വിഗി ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. നിലവിലുള്ള നിക്ഷേപകര്‍ ഓഹരി വില്‍ക്കുമ്പോള്‍ കമ്പനിയുടെ ഇടപെടലില്ലാതെ തന്നെ പുതിയ നിക്ഷേപകര്‍ക്ക് വാങ്ങാനാകും ഇതിനെയാണ് സെക്കന്ററി ഇടപാട് എന്നു പറയുന്നത്.

കാത്തിരിപ്പിൽ നിക്ഷേപകർ 

ഈ വര്‍ഷം നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.ഒകളില്‍ ഒന്നാണ് സ്വിഗിയുടേത്. 140 കോടി ഡോളര്‍ (ഏകദേശം 11,700 കോടി രൂപ) ആണ് ഐ.പി.ഒ വഴി സ്വിഗി സമാഹരിക്കാനുദ്ദേശിക്കുന്നത്. നേരത്തെ 120 കോടി ഡോളറായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളില്‍ നിന്നുള്ള മത്സരം ശക്തമായ സാഹചര്യത്തിലാണ് കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നത്. പ്രോസസ് (32 ശതമാനം), സോഫ്റ്റ്ബാങ്ക് (8 ശതമാന), ആക്‌സല്‍ (6 ശതമാനം) എന്നിവര്‍ സ്വിഗിയുടെ മുഖ്യ നിക്ഷേപകരാണ്.

നിലവില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ 90 ശതമാനവും വഹിക്കുന്നത് സ്വിഗ്ഗിയും സൊമാറ്റോയും ചേര്‍ന്നാണ്. 2021 ലാണ് സൊമാറ്റോ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് എത്തിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗിയുടെ നഷ്ടം 43 ശതമാനം കുറഞ്ഞ് 2,350 കോടി രൂപയായിട്ടുണ്ട്. ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ഇന്‍സ്റ്റ മാര്‍ട്ടിന്റെ അടക്കമുള്ള മികച്ച പ്രകടനമാണ് കമ്പനിക്ക് ഗുണമായത്.



Similar News