വി.പി. നന്ദകുമാറിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി; മണപ്പുറം ഫിനാന്‍സ് ഓഹരികളില്‍ കുതിപ്പ്

നന്ദകുമാറിന്റെ ₹2,900 കോടിയുടെ ഓഹരികളും തിരിച്ച് നല്‍കാന്‍ ഇ.ഡിയോട് ഹൈക്കോടതി

Update: 2023-09-28 05:54 GMT

Image : VP Nandakumar

പണംതിരിമറി ആരോപിച്ച് പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ഇന്നലെ ഇക്കാര്യം മണപ്പുറം ഫിനാന്‍സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അയച്ച കത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ കമ്പനിയുടെ ഓഹരി വിലയിലും മുന്നേറ്റമുണ്ടായി.

തൃശൂര്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍., ഇ.ഡി രജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) എന്നിവയാണ് ഹൈക്കോടതി റദ്ദാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡിലൂടെ ഇ.ഡി പിടിച്ചെടുത്ത രേഖകളും ആസ്തികളും തിരിച്ച് നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
ഇ.ഡി തിരിച്ച് നല്‍കേണ്ടത് 2,900 കോടിയുടെ ഓഹരികള്‍
മണപ്പുറം ഫിനാന്‍സില്‍ വി.പി. നന്ദകുമാറിനുള്ള 19.29 കോടിയോളം ഓഹരികളാണ് മേയ് നാലിന് നടത്തിയ റെയ്ഡിലൂടെ ഇ.ഡി പിടിച്ചെടുത്ത് മരവിപ്പിച്ചത്. നിലവിലെ ഓഹരി വില പ്രകാരം 2,900 കോടിയോളം രൂപ മതിക്കുന്ന ഓഹരികളാണിവ. എന്നാല്‍, ഇ.ഡി ഈ ഓഹരികള്‍ക്ക് വെറും 140 കോടി രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്ന് അന്ന് വി.പി. നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു.
ഇവയും പിടിച്ചെടുത്ത മറ്റ് രേഖകളും മൂന്നാഴ്ചയ്ക്കകം വി.പി. നന്ദകുമാറിന് തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മൊത്തം 24.54 കോടി ഓഹരികളാണ് മണപ്പുറം ഫിനാന്‍സില്‍ വി.പി. നന്ദകുമാറിനുള്ളത്.
ഓഹരി വിലയില്‍ മുന്നേറ്റം
പൊലീസിന്റെയും ഇ.ഡിയുടെയും നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയെന്ന് സ്‌റ്റോക്ക് എക്‌സ്ചഞ്ചേുകളെ മണപ്പുറം ഫിനാന്‍സ് അറിയിച്ചതിന് പിന്നാലെ, കമ്പനിയുടെ ഓഹരി വില ഇന്നലെ ആറ് ശഥമാനത്തിലധികം ഉയര്‍ന്നിരുന്നു.
4.74 ശതമാനം നേട്ടവുമായി 147.05 രൂപയിലാണ് ഇന്നലെ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ 1.60 ശതമാനം ഉയര്‍ന്ന് 149.45 രൂപയിലാണ് എന്‍.എസ്.ഇയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 26 ശതമാനവും ഒരാഴ്ചയ്ക്കിടെ 9 ശതമാനത്തോളവും നേട്ടം (Return) നിക്ഷേപകര്‍ക്ക് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ നല്‍കിയിട്ടുണ്ട്.
കേസിന്റെ വഴി
പത്ത് വര്‍ഷത്തോളം പഴക്കമുള്ള സംഭവങ്ങളിന്മേലാണ് ഇ.ഡി റെയ്ഡുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്ന് മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കിയിരുന്നു.
മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ടല്ല, വി.പി. നന്ദകുമാറിന്റെ പ്രൊപ്രൈറ്ററി സ്ഥാപനമായ മണപ്പുറം അഗ്രോ ഫാംസുമായി ബന്ധപ്പെട്ട് വലപ്പാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അടിസ്ഥാനമാക്കിയായിരുന്നു ഇ.ഡിയുടെ അന്വേഷണം.
കാര്‍ഷിക മേഖലയ്ക്ക് വായ്പ നല്‍കുന്ന സ്ഥാപനമായിരുന്നു മണപ്പുറം അഗ്രോ ഫാംസ്. കമ്പനിക്കായി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപവും സ്വീകരിച്ചിരുന്നു. ഏകദേശം 144 കോടിയോളം രൂപ നിക്ഷേപമായി 2012 ഫെബ്രുവരി ഒന്നുവരെ കമ്പനി സ്വീകരിച്ചിരുന്നു.
എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിനാല്‍ നിക്ഷേപം സ്വീകരിക്കുന്നതും പുതുക്കുന്നതും നിറുത്തി.
നിരവധി പേര്‍ക്ക് നിക്ഷേപം തിരിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍, അവകാശികള്‍ എത്താത്തതിനെ തുടര്‍ന്ന് മിച്ചം വന്ന 119 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാറമേക്കാവ് ശാഖയില്‍ നിക്ഷേപിച്ചു. പിന്നീടും, അവകാശമുന്നയിച്ച് എത്തിയവര്‍ക്ക് നിക്ഷേപം തിരികെ നല്‍കി. 2022 സെപ്റ്റംബര്‍ പ്രകാരം അവകാശികളില്ലാതെ മിച്ചമുള്ളത് 9.29 ലക്ഷം രൂപ മാത്രമാണ്. ഇക്കാര്യം റിസര്‍വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഈ സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഇ.ഡിയും അന്വേഷണത്തിലേക്ക് കടക്കുകയുമായിരുന്നു.
Tags:    

Similar News