താണു, വീണ്ടും താണു, തിരിച്ചു കയറി

അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളുടെ ബലാബലം

Update: 2021-03-19 05:30 GMT

താഴ്ചയിൽ തുടങ്ങി, കൂടുതൽ താഴോട്ടു പോയി, കുറേ തിരിച്ചു കയറി: ഇന്നു വ്യാപാരം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ സംഭവിച്ച കാര്യങ്ങളാണിവ.

രാജ്യത്തും ആഗാേള തലത്തിലും അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ക്രൂഡ് ഓയിൽ വില താഴ്ന്നതിൻ്റെ നേട്ടം അനുഭവിക്കാൻ പലിശ വർധന മൂലം സാധിക്കില്ല. പലിശ മാത്രമല്ല കിട്ടാക്കടങ്ങളും ബാങ്കുകളെ ഇപ്പോൾ അനാകർഷകമാക്കുന്നു.

പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകി പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്കു ധാരാളം ആനുകൂല്യങ്ങൾ നൽകുന്ന പൊളിക്കൽ നയം വിപണിയെ ചലിപ്പിച്ചില്ല. കോവിഡ് മൂലം പലേടത്തും നിയന്ത്രണങ്ങൾ വന്നതും കയറ്റുമതി വളർച്ചയെപ്പറ്റി ആശങ്ക ഉയരുന്നതും പൊതുവേ വിപണിയിൽ ഉത്സാഹം കെടുത്തി.

ഇന്നു രാവിലെ 10 വർഷ സർക്കാർ കടപ്പത്രങ്ങളുടെ വില അൽപം ഉയർന്നു. കടപ്പത്രത്തിലെ നിക്ഷേപനേട്ടം (yield) വ്യാഴാഴ്ചത്തെ 6.2020 ശതമാനത്തിൽ നിന്ന് 6.184 ശതമാനമായി താണു. അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 1.69 ശതമാനത്തിലേക്കു താണതിനെ തുടർന്നാണ് ഇന്ത്യയിലെ മാറ്റം. ഇത് വിപണിയിൽ ചെറുതല്ലാത്ത ആശ്വാസം പകർന്നു. ഓഹരി സൂചികകൾ താഴ്ചയിൽ നിന്ന് അൽപം ഉയർന്നു.

187 രൂപയ്ക്ക് ഐപിഒ നടത്തിയ ഈസി ട്രിപ്പ് 225 രൂപയിൽ ലിസ്റ്റ് ചെയ്തു.

റീട്ടെയിൽ ബിസിനസ് റിലയൻസിനു വിൽക്കാനുള്ള കരാർ നടപ്പാക്കാൻ കോടതി വിലക്ക് വന്നത് ഫ്യൂച്ചർ റീട്ടെയിലിൻ്റെ വില 10 ശതമാനം ഇടിച്ചു.

അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനിയിലെ പണം വകമാറ്റൽ ആരോപണം നേരിടുന്ന എഡൽ വൈസ് ഗ്രൂപ്പിലെ എഡൽ വൈസ് ഫിനാൻസിൻ്റെ ഓഹരിവില ഇന്നും അഞ്ചു ശതമാനത്തോളം താണു. ഇന്നലെയും അഞ്ചു ശതമാനം താണതാണ്.

സ്വർണം അന്താരാഷ്ട്ര വിപണിയിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നു. കേരളത്തിൽ പവന് 80 രൂപ താണ് 33,680 രൂപയായി.

ക്രൂഡ് ഓയിൽ വില തലേന്നത്തെ ഏഴു ശതമാനം ഇടിവിനു ശേഷം ഇന്നു രാവിലെ ഒരു ശതമാനം ഉയർന്നു.

ഡോളർ നിരക്കും കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 72.54 രൂപയിലാണു ഡോളർ ഓപ്പൺ ചെയ്തത്.

Tags:    

Similar News