ആശങ്ക മാറി ആവേശമായി

ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ ശേഷിക്കേ ഓഹരി വിപണി ആവേശത്തിൽ

Update: 2021-02-01 05:06 GMT

ബജറ്റിനെപ്പറ്റിയുള്ള ആശകൾ ഇന്നു വ്യാപാരത്തുടക്കത്തിൽ സൂചികകളെ ഒരു ശതമാനത്തോളം ഉയർത്തി. ജപ്പാനിലടക്കം ഏഷ്യൻ വിപണികളിലെ ഉയർച്ചയും സഹായകമായി.

പൊതുമേഖലാ ഓഹരി വിൽപനയുടെ ലക്ഷ്യം ഗണ്യമായി ഉയർത്തുമെന്ന പ്രതീക്ഷ പൊതുമേഖലാ ഓഹരികൾക്കു വില കൂട്ടി. സിനിമാശാലകളിൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിച്ചത് പിവിആർ , ഇനോക്സ് തുടങ്ങിയ മൾട്ടിപ്ളെക്സ് ഓപ്പറേറ്റർമാരുടെ ഓഹരികൾക്കു നേട്ടമായി. പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ട സിപ്ളയുടെ ഓഹരി വില ഇടിഞ്ഞു. എസ്കോർട്സിനും വില താണു.
സിഗററ്റിനു നികുതി കൂട്ടുമെന്ന സംസാരം ഐടിസിയുടെയും ഗോഡ്ഫ്രേ ഫിലിപ്സിസിൻ്റെ യും വില ഇടിച്ചു.
മികച്ച റിസൽട്ട് ഉണ്ടായെങ്കിലും 4500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ച ടെക് മഹീന്ദ്രയുടെ ഓഹരി വില താഴോട്ടു പോയി. മറ്റു പ്രമുഖ ഐ ടി ഓഹരികൾക്കും ഇന്നു ക്ഷീണമാണ്.
പ്രശ്ന കടങ്ങളുടെ പേരിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൻ്റെ ഓഹരി വില ആറര ശതമാനം ഇടിഞ്ഞു.
കിട്ടാക്കടങ്ങളും പ്രശ്നകടങ്ങളും എറ്റെടുക്കാൻ "ചീത്ത'' ബാങ്ക് ഉണ്ടാക്കുമെന്ന റിപ്പോർട്ടുകൾ ബാങ്ക് എൻബിഎഫ്സി ഓഹരികൾക്കു കരുത്തായി. മിക്ക ബാങ്കുകളും നല്ല ഉയർച്ച നേടി.
മിഡ് ക്യാപ് ഓഹരികൾക്ക് വിലയിടിഞ്ഞു.
രാജ്യാന്തര വിപണിയിൽ സ്വർണ വില 1861 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു 160 രൂപ വർധിച്ച് 16,800 രൂപയായി.
ഡോളറിനു വീണ്ടും ക്ഷീണം. അഞ്ചു പൈസ താണ് 72.9 രൂപയിലാണു വ്യാപാരം തുടങ്ങിയത്.പിന്നീട് 72.88 ലേക്കു താണു.


Tags:    

Similar News