ലാഭമെടുപ്പിൽ വിൽപന സമ്മർദം; ബാങ്ക് ഓഹരികൾ താഴേക്ക്‌

പ്രീ ഓപ്പൺ സെഷനിൽ 100 പോയിൻ്റിലേറെ ഉയർന്ന സെൻസെക്സ് പിന്നീടു 350-ലേറെ പോയിൻ്റ് താഴ്ന്നു

Update: 2020-12-15 05:47 GMT

കോവിഡ് നിയന്ത്രണങ്ങൾ പല രാജ്യങ്ങളിലും കർശനമാക്കിയത് ഏഷ്യൻ രാജ്യങ്ങളിൽ ഓഹരി സൂചികകളെ താഴ്ത്തി. പ്രീ ഓപ്പൺ സെഷനിൽ 100 പോയിൻ്റിലേറെ ഉയർന്ന സെൻസെക്സ് പിന്നീടു 350-ലേറെ പോയിൻ്റ് താണു. നിഫ്റ്റി 100 പോയിൻ്റോളം താഴ്ചയിലായി. ലാഭമെടുക്കലും ബാങ്ക് ഓഹരികളിൽ നിന്നു വിറ്റു മാറാനുള്ള ശ്രമവും സൂചികകളെ വലിച്ചു താഴ്ത്തി.

പൊതുമേഖലാ ഓഹരികളിൽ വലിയ വിൽപന ഉണ്ടായി. എസ്ബിഐ, പിഎൻബി, കനറാ ബാങ്ക് തുടങ്ങി പൊതുമേഖലാ ബാങ്ക് ഓഹരികളിലും വില്പന സമ്മർദമുണ്ട്. നോവാർട്ടിസ്, ഹോണ്ട പവർ, സുവേൻ ലൈഫ് തുടങ്ങിയവ ഇന്നു വ്യാപാരത്തിൽ നേട്ടം കാണിച്ചു. തിങ്കളാഴ്ച നല്ല ഉയർച്ച കുറിച്ച ഐഎഫ് ബി ഇന്ന് അഞ്ചു ശതമാനം താഴെയായി.

രാജ്യത്തു തൊഴിലില്ലായ്മ വർധിക്കുന്നതായി സിഎംഐഇ (സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി) റിപ്പോർട്ട്. ഡിസംബർ ആദ്യവാരം നഗരങ്ങളിൽ 11.62 ശതമാനവും ഗ്രാമങ്ങളിൽ 9.11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. സാമ്പത്തികരംഗം തിരിച്ചു വരുന്നുവെന്ന അവകാശവാദത്തിൻ്റെ പതിരു കാണിക്കുന്നതാണ് ഈ കണക്ക്.


Tags:    

Similar News