പ്രതീക്ഷ പോലെ പണനയം; സൂചികകള്‍ കുതിച്ചു

പണനയം പ്രതീക്ഷ തെറ്റിച്ചില്ല. ഓഹരി സൂചികകള്‍ റിക്കാര്‍ഡ് കുറിച്ച് കുതിച്ചു

Update: 2020-12-04 08:48 GMT

പണനയം പ്രതീക്ഷ പോലെ. വളര്‍ച്ചയും വിലക്കയറ്റവും സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ വിലയിരുത്തലും പ്രതീക്ഷകളോട് ഒത്തു പോകുന്നതായി. അതിന്റെ ഫലമായി സൂചികകള്‍ റിക്കാര്‍ഡ്കുറിച്ച് കുതിച്ചു. സെന്‍സെക്‌സ് 45,000 കടന്നു.

വിലക്കയറ്റം നേരിയ തോതിലേക്കു കുറയൂ എന്നാണു റിസര്‍വ് ബാങ്ക് വിലയിരുത്തല്‍. മൂന്നാം പാദത്തില്‍ 6.8ഉം നാലാംപാദത്തില്‍ 5.8 ഉം ശതമാനം ചില്ലറ വിലക്കയറ്റമാണു റിസര്‍വ് ബാങ്ക് പ്രതീക്ഷ.

ജിഡിപി ഇക്കൊല്ലം 7.5 ശതമാനമേ ചുരുങ്ങൂ എന്ന നിഗമനവും പ്രതീക്ഷകള്‍ക്കൊന്നും പോകുന്നു. മൂന്നും നാലും പാദങ്ങളില്‍ നേരിയ വളര്‍ച്ച ഉണ്ടാകും. 9.5 ശതമാനം ചുരുങ്ങുമെന്നാണ് ഒക്ടോബറില്‍ ബാങ്ക് പറഞ്ഞത്.

ബാങ്ക്, സ്റ്റീല്‍, ധനകാര്യ , ഫാര്‍മ, ഓട്ടോ ഓഹരികള്‍ ഇന്നു കുതിപ്പിലാണ്. ഉല്‍പാദനശേഷി കൂട്ടുന്ന അള്‍ട്രാടെക് സിമന്റിനു വില കയറി.

ഡോളര്‍ നിരക്ക് 73.77 രൂപയിലേക്കു താണു.

ക്രൂഡ് ഓയില്‍ ബ്രെന്റ് ഇനം വീപ്പയ്ക്ക് 49.65 ഡോളറായി. ഇന്നുതന്നെ 50 ഡോളര്‍ കടന്നേക്കും.

സ്വര്‍ണ വില ഔണ്‍സിന് 1842 ഡോളറായി. കേരളത്തില്‍ പവന് 160 രൂപ കൂടി 36,880 രൂപയായി.

Tags:    

Similar News