ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ചേര്‍ന്ന് ഫിനാന്‍ഷ്യല്‍ ഡാറ്റ പ്ലാറ്റ്‌ഫോം ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ്. ഓഹരികള്‍ കൈമാറുന്നത് 10 വര്‍ഷത്തെ ഡീലിന്റെ ഭാഗമായി

Update:2022-12-12 15:40 IST

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (LSEG) ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ് (Microsoft). ഇരു കമ്പനികളും തമ്മിലുള്ള 10 വര്‍ഷത്തെ കരാറിന്റെ ഭാഗമാണ് ഓഹരി ഏറ്റെടുക്കല്‍. സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഡാറ്റ പ്ലാറ്റ്‌ഫോം ക്ലൗഡിലേക്ക് ബന്ധിപ്പിക്കുന്നതിനിന്റെ ഭാഗമായാണ് ഇരുകമ്പനികളും സഹകരിക്കുന്നത്. കരാര്‍ കാലയളവില്‍ ക്ലൗഡ് ടെക്‌നോളജിക്കായി 2.8 ബില്യണ്‍ ഡോളറോളം ആണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചെലവഴിക്കുക.

ഡാറ്റ പ്ലാറ്റ്‌ഫോമായ റിഫിനിറ്റീവ് (Refinitiv), ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയുടെ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ മെച്ചപ്പെടുത്തും. ബ്ലാക്ക്‌സ്റ്റോണ്‍ ആന്‍ഡ് തോംസണ്‍ റോയിറ്റേഴ്‌സ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 27 ബില്യണ്‍ ഡോളറിന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഏറ്റെടുത്ത സ്ഥാപനമാണ് റിഫിനിറ്റീവ്. 2021 ജനുവരിയിലെ ഈ ഏറ്റെടുക്കലിന് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫിനാന്‍ഷ്യല്‍ ഡാറ്റ കമ്പനിയായി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാറിയിരുന്നു. ബ്ലൂംബെര്‍ഗ് എല്‍പി ആണ് മേഖലയില്‍ ഒന്നാമത്.

റിഫിനിറ്റീവ് ഇടപാടിലൂടെ റോയിറ്റേഴ്‌സ് കണ്‍സോര്‍ഷ്യത്തിന് ലഭിച്ച ഓഹരികളാണ് മൈക്രോസോഫ്റ്റ് എറ്റെടുക്കുക. 2023 ആദ്യ പാദത്തോടെ ഓഹരി കൈമാറ്റം പൂര്‍ത്തിയാവും. സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ക്കായി ഗവേഷണം, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതില്‍ ഇരു കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കും. അതിന്റെ ഭാഗമായി ഒരു ഓപ്പണ്‍, സെന്‍ട്രലൈസ്ഡ് ഫിനാന്‍ഷ്യല്‍ ഡാറ്റ പ്ലാറ്റ്‌ഫോമും ആരംഭിക്കും. പുതിയ സഹകരണത്തിലൂടെ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഡാറ്റ ജനാധിപത്യവത്കരിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ബ്ലോഗിലൂടെ അറിയിച്ചത്. സഹകരണത്തിലൂടെ 10 വര്‍ഷം കൊണ്ട് ഡോളറിന്റെ വരുമാനമാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News