വിപണി ഇടിയുന്നു; രാസവള കമ്പനികള്‍ കയറി, സി.എസ്.ബി ബാങ്കിനും മുന്നേറ്റം
രാസവളവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നതായ റിപ്പോര്‍ട്ട് എഫ്.എ.സി.ടി, ചംബല്‍, ആര്‍.സി.എഫ്, എന്‍.എഫ്.എല്‍ തുടങ്ങിയ രാസവള കമ്പനികളെ ഏഴു ശതമാനം വരെ ഉയര്‍ത്തി.
വിപണി താഴോട്ടു യാത്ര തുടരുകയാണ്. നിഫ്റ്റി രാവിലെ 24,500നു തൊട്ടു മുകളില്‍ എത്തി നില്‍ക്കുന്നു. 24,500 നു താഴെ നിഫ്റ്റി ക്ലോസ് ചെയ്താല്‍ കൂടുതല്‍ താഴേക്ക് പോകും എന്നാണ് ആശങ്ക. സെന്‍സെക്‌സ് 81,200 നടുത്താണ്. ബാങ്ക് നിഫ്റ്റി മുഖ്യ സൂചികകള്‍ക്കൊപ്പം 0.60 ശതമാനം താഴ്ന്നു നില്‍ക്കുന്നു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ചെറിയ നേട്ടത്തിലാണ്.
റിയല്‍റ്റിയും മീഡിയയും ഫാര്‍മയും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലാണ്.
ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്നു 3,300 കോടിയില്‍പരം രൂപയുടെ ബാധ്യത നീക്കിക്കിട്ടിയ ഇന്‍ഡസ് ടവേഴ്‌സ് ഓഹരി നാലു ശതമാനം ഉയര്‍ന്നു.
രാസവളവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നതായ റിപ്പോര്‍ട്ട് എഫ്.എ.സി.ടി, ചംബല്‍, ആര്‍.സി.എഫ്, എന്‍.എഫ്.എല്‍ തുടങ്ങിയ രാസവള കമ്പനികളെ ഏഴു ശതമാനം വരെ ഉയര്‍ത്തി. ഡി.എ.പി വിലയില്‍ 12 മുതല്‍ 15 വരെ ശതമാനം വര്‍ധന ഉണ്ടാകും. നാലു വര്‍ഷത്തിനു ശേഷമാണു വിലവര്‍ധന.
സി.എസ്.ബി ബാങ്ക് ഇന്നു രാവിലെ ഏഴു ശതമാനത്തിലധികം ഉയര്‍ന്ന് 331.70 രൂപവരെ എത്തി. ബാങ്കിന്റെ വളര്‍ച്ച വേഗം കൂടി എന്നാണു വിപണി കരുതുന്നത്. ഒരു വര്‍ഷമായി താഴോട്ടായിരുന്ന ഓഹരി ഈ മാസം ബാങ്ക് നിഫ്റ്റിയെ മറി കടന്നു മുന്നേറി. മറ്റു കേരളാ ബാങ്കുകള്‍ ഇന്നു താഴ്ചയിലാണ്.
രൂപ ഇന്ന് വീണ്ടും താഴ്ന്നു. ഡോളര്‍ രണ്ടു പൈസ കയറി 84.88 രൂപ എന്ന റെക്കോര്‍ഡ് വിലയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.91 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ 2,655 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 57,200 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 73.84 ഡോളറിലേക്കു കുറഞ്ഞു.