സൂചികകള്‍ക്ക് വീഴ്ച, കയറ്റുമതി പ്രതീക്ഷയില്‍ ഉയര്‍ന്ന് കിംഗ്‌സ് ഇന്‍ഫ്ര; ഹാരിസണ്‍സ്, സ്‌കൂബിഡേ ഓഹരികള്‍ക്കും മികച്ച മുന്നേറ്റം
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേട്ടം തുടര്‍ന്നു
കഴിഞ്ഞവാരം നേട്ടത്തില്‍ അവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ഇന്ന് ആ നേട്ടം പിന്തുടരാനായില്ല. സെന്‍സെക്‌സ് 384 പോയിന്റ് ഇടിഞ്ഞ് 81,748.57ലും നിഫ്റ്റി 100 പോയിന്റ് ഇടിഞ്ഞ് 24,668.25ലുമെത്തി. ബാങ്കിംഗ് ഓഹരികള്‍ രാവിലത്തെ നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറിയത് സൂചികകളെ വന്‍ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചു നിറുത്തിയെങ്കിലും ഐ.ടി ഓഹരികള്‍ വിപണിയെ കരകയറാന്‍ അനുവദിച്ചില്ല
ബുധനാഴ്ച യു.എസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗ് നടക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിക്ക് നേട്ടം നിലനിറുത്താന്‍ സാധിക്കാതെ പോയത്. അടിസ്ഥാന പലിശ നിരക്കില്‍ അര ശതമാനം കുറവ് വരുത്തുമെന്നതാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. പ്രതീക്ഷയ്ക്കനുസരിച്ച് യോഗ തീരുമാനം വന്നാല്‍ വിപണി ഉയരും. എന്നാല്‍ വലിയ ഉയര്‍ച്ച പ്രതീക്ഷിക്കേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ആഭ്യന്തര ഐ.ടി, ബാങ്കിംഗ് ഓഹരികള്‍ക്കായിരിക്കും പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ ഗുണം പ്രധാനമായും ലഭിക്കുക.
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.77 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.64 ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി റിയല്‍റ്റിയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 3.10 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഓട്ടോ, ഫാര്‍മ, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവയും ഇന്ന് നേട്ടത്തിലായി.
ഒബ്‌റോയ് റിയല്‍റ്റിയാണ് ഇന്ന് വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയത്. ഓഹരി വില 6 ശതമാനത്തിലധികം ഉയര്‍ന്നു. ബ്രോക്കറേജ് സ്ഥാപനമായ അവെന്‍ഡസ് സ്പാര്‍ക്കില്‍ നിന്ന് ബൈ ശിപാര്‍ശ കിട്ടിയതാണ് ഓഹരിയെ ഉയര്‍ത്തിയത്.
യു.എസില്‍ കാന്‍സര്‍ രോഗിയില്‍ സയാനിച്ച് എന്ന മരുന്ന് വിജയകരമായി പരീക്ഷിച്ചത് വോക്ക്ഹാര്‍ട്ട് ഓഹരിയെ 10 ശതമാനം ഉയര്‍ത്തി.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ സിമന്റ് കമ്പനികളൊഴികെയെല്ലാം ഇന്ന് നഷ്ടത്തിലാണ്. ഈ വര്‍ഷം ഇതുവരെ അദാനി കമ്പനികളുടെ സംയോജിത വിപണി മൂല്യം 6.2 ശതമാനം ഇടിഞ്ഞ് 13.31 ലക്ഷം കോടി രൂപയായി. 87,805 രൂപയുടെ ഇടിവാണുണ്ടായത്. യു.എസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ ശേഷം ഓഹരികള്‍ നിരീക്ഷണത്തിലാണ്.
കിംഗ്‌സ് ഇന്‍ഫ്രാ കുതിപ്പിൽ
കേരള ഓഹരികളില്‍ ഇന്ന് ഹാരിസണ്‍സ് മലയാളമാണ് വലിയ മുന്നേറ്റം കാഴ്ചവച്ചത്. ഓഹരി വില 8 ശതമാനത്തോളം ഉയര്‍ന്നു. കിംഗ്‌സ് ഇന്‍ഫ്രാ ഓഹരികളും വലിയ മുന്നേറ്റം കാഴ്ചവച്ചു. ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതിക്കാര്‍ക്ക് മികച്ച വിപണി വിഹിതം ലഭിക്കുമെന്ന പ്രതീക്ഷകളാണ് ഓഹരിയെ ഉയര്‍ത്തിയത്. അക്വാകള്‍ച്ചര്‍ കമ്പനിയായ അവന്തി ഫീഡ്‌സ് ഓഹരി വിലയും ഉയര്‍ന്നു.
വെനസ്വേലയിലെ വമ്പന്‍ ചെമ്മീന്‍ ഉത്പാദന കമ്പനിയായ ഗ്രൂപ്പോ ലാമറില്‍ റെയ്ഡ് നടത്തിയതായ വാര്‍ത്തകളാണ് ഓഹരികള്‍ക്ക് നേട്ടമായത്. യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന കമ്പനികള്‍ക്ക് ഇത് ഗുണമാകുമെന്നാണ് കരുതുന്നത്.
ടെക്‌സ്റ്റൈല്‍ കമ്പനിയായ സ്‌കൂബി ഡേ ഓഹരികളും ഇന്ന് 4.99 ശതമാനം ഉയര്‍ന്നു. പോപ്പീസ് കെയര്‍ (3.19 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.74 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (1.91 ശതമാനം), ഫാക്ട് (1.52 ശതമാനം) എന്നിവയാണ് ഇന്ന് മോശമല്ലാത്ത നേട്ടം കാഴ്ചവച്ചത്.
അതേ സമയം യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് ഇന്ന് അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലാണ്. വേസ്‌റ്റേണ്‍ പ്ലൈവുഡ്‌സ് ഇന്ത്യ 4.93 ശതമാനവും പ്രൈ ഇന്‍ഡസ്ട്രീസ് 4.99 ശതമാനവും ഇടിഞ്ഞു.