ചുവപ്പു വിട്ട് വിപണിക്ക് വെള്ളിത്തിളക്കം; എയര്‍ടെല്‍, കിറ്റെക്സ്, സ്കൂബി ഡേ ഓഹരികള്‍ക്ക് മുന്നേറ്റം, കൊച്ചിൻ ഷിപ്പ്‌യാർഡിന് ഇടിവ്
ഓട്ടോ, ബാങ്ക്, ടെലികോം, എഫ്എംസിജി മേഖലകള്‍ വിപണിക്ക് കരുത്തായി
വെള്ളിയാഴ്ച ഓഹരി വിപണിക്ക് ഊഞ്ഞാലാട്ടത്തോടെ കുതിപ്പ്. സെൻസെക്സ് ഇൻട്രാഡേ നഷ്ടത്തിൽ നിന്ന് 1,000 പോയിൻ്റ് വീണ്ടെടുക്കുന്നതാണ് കണ്ടത്. അന്താരാഷ്ട്ര രാഷ്ട്രീയ അസ്ഥിരതകളും വിദേശ നിക്ഷേപകരുടെ (എഫ്.ഐ.ഐ) വിൽപ്പനയുമാണ് വിപണിയുടെ രാവിലത്തെ സെഷനിലുളള ഇടിവിന് കാരണം.
തുടര്‍ന്ന് ഓട്ടോ, ബാങ്ക്, ടെലികോം, എഫ്എംസിജി മേഖലകളുടെ നേതൃത്വത്തിൽ വിപണി ശക്തമായ വീണ്ടെടുപ്പ് നടത്തി. പണപ്പെരുപ്പത്തിലെ കുറവ്, ഒക്ടോബറിലെ ശക്തമായ വ്യാവസായിക ഉൽപ്പാദനം, യുഎസ് ഫെഡ് നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ തുടങ്ങിയവ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കിയത് വിപണിക്ക് ഊര്‍ജം പകര്‍ന്നു.
സെൻസെക്‌സ് 1.04 ശതമാനം ഉയർന്ന് 82,133.12 ലും നിഫ്റ്റി 0.89 ശതമാനം ഉയർന്ന് 24,768.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 843.16 പോയിൻ്റിന്റെയും നിഫ്റ്റി 219.60 പോയിൻ്റിന്റെയും നേട്ടം രേഖപ്പെടുത്തി.
മിഡ്ക്യാപ്, സ്മാള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് 0.05 ശതമാനം നഷ്ടത്തിലും സ്മാള്‍ ക്യാപ് 0.30 നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
1.29 ശതമാനം നേട്ടവുമായി എഫ്.എം.സി.ജി മേഖല നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.97 ശതമാനത്തിന്റെയും പ്രൈവറ്റ് ബാങ്ക് 0.80 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
ഇന്ന് നഷ്ടപ്പട്ടികയില്‍ മുന്നിട്ട് നിന്നത് മെറ്റല്‍ സൂചികയാണ്. 0.72 ശതമാനത്തിന്റെ നഷ്ടമാണ് മെറ്റല്‍ മേഖല രേഖപ്പെടുത്തിയത്. മീഡിയ 0.59 ശതമാനത്തിന്റെയും റിയല്‍റ്റി 0.44 ശതമാനത്തിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
ഭാരതി എയർടെല്ലിൻ്റെ ഓഹരി 4 ശതമാനത്തിലധികം ഉയർന്നു. എയർടെല്ലിൻ്റെ 13.2 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീലില്‍ വില്‍പ്പന നടന്നതായി ബ്ലൂംബെർഗ് വ്യക്തമാക്കി. ഏകദേശം 212.60 കോടി രൂപ വിലമതിക്കുന്ന ഇടപാടാണ് നടന്നത്. ഓഹരി 1,682 രൂപയിലാണ് ക്ലോസ് ചെയ്തത്.
2025 ജനുവരി മുതൽ തങ്ങളുടെ മുഴുവൻ വാണിജ്യ വാഹനങ്ങളുടെയും വില 3 ശതമാനം വരെ വർധിപ്പിക്കുമെന്ന് അശോക് ലെയ്‌ലാൻഡ് വ്യക്തമാക്കി. മോഡലും വേരിയൻ്റും അനുസരിച്ച് വില വർദ്ധനവിൻ്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്നാണ് വാഹന നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഓഹരി 1.04 ശതമാനം ഉയര്‍ന്ന് 234 രൂപയിലാണ് ക്ലോസ് ചെയ്തത്.
സമീപകാല ബുൾ റണ്ണിൽ നിന്നുളള ലാഭം പണമാക്കാൻ നിക്ഷേപകർ തിരക്കുകൂട്ടിയതിനെ തുടര്‍ന്ന് വാരി എനർജീസ് ഓഹരി ഏഴ് ദിവസത്തെ വിജയ പരമ്പരയിൽ നിന്ന് 2.45 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഏഴ് സെഷനുകളിൽ ഓഹരി 20 ശതമാനത്തിലധികമാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി രണ്ട് തുടര്‍ച്ചയായ വലിയ ഓർഡറുകൾ നേടിയതാണ് ഓഹരി മുന്നേറാനുളള കാരണം. ഓഹരി 3,211 രൂപയിലാണ് ക്ലോസ് ചെയ്തത്.
മെറ്റല്‍ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, സെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ചൈന സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് വിട്ടുനില്‍ക്കുന്നത് നിക്ഷേപകരെ സംശയത്തിൻ്റെ നിഴലിലാക്കിയതാണ് ഓഹരികളെ ബാധിച്ചത്. ചൈനയില്‍ വലിയ തോതിലുള്ള സാമ്പത്തിക ഉത്തേജനത്തിന് സാധ്യതയില്ലെന്നാണ് നിക്ഷേപകർ കരുതുന്നത്.
മികച്ച പ്രകടനവുമായി കിറ്റെക്സും സ്കൂബി ഡേയും
കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥ ഇടിയുന്നത് അവിടത്തെ ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് തിരിച്ചടിയായിരിക്കുകയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ബംഗ്ലാദേശിനാണ്. ടെക്സ്റ്റൈല്‍ കമ്പനികള്‍ പലതും രാജ്യം വിടാനുളള ഒരുക്കത്തിലാണ്. ഇത് ഗുണമായിരിക്കുന്നത് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനികള്‍ക്കാണ്. കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനികളായ കിറ്റെക്സ്, സ്കൂബി ഡേ ഗാര്‍മെന്റ്സ് ഓഹരികള്‍ മികച്ച പ്രകടനം നടത്തി.
കിറ്റെക്സ് 5 ശതമാനം ഉയര്‍ന്ന് 870 രൂപയിലും സ്കൂബി ഡേ 5 ശതമാനം ഉയര്‍ന്ന് 106 രൂപയിലുമാണ് ക്ലോസ് ചെയ്തത്. ബി.പി.എല്‍ (3.43%), ഹാരിസണ്‍സ് മലയാളം (3.59%), പോപ്പുലര്‍ വെഹിക്കിള്‍സ് (3.37%), കേരള ആയുര്‍വേദ (2.56%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 1.97 ശതമാനം ഇടിഞ്ഞ് 1615 രൂപയിലും ഫാക്ട് 1.05 ശതമാനം ഇടിഞ്ഞ് 990 രൂപയിലുമാണ് വെളളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ടോളിന്‍സ് ടയേഴ്സ് (4.73%), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.41%), എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ്, പോപ്പീസ് കെയര്‍, റബ്ഫില്ല ഇന്റര്‍നാഷണല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.