'സാന്താ റാലി'ക്ക് തുടക്കമായോ? ബുള്ളുകൾ ആവേശത്തിൽ; ചൈനീസ് തളർച്ച ഇന്ത്യക്ക് അവസരം; യുഎസ് പലിശ തീരുമാനം 18ന്
ക്രൂഡ് ഓയിൽ കയറി, സ്വർണം ഇടിവിൽ, ക്രിപ്റ്റോകൾ കുതിക്കുന്നു
വെള്ളിയാഴ്ച കുതിച്ചു കയറിയ വിപണി ഒരു സാന്താ റാലിയുടെ തുടക്കമിട്ടോ? ഉത്തരം കിട്ടാൻ വ്യാഴം വരെ കാത്തിരിക്കണം. 18 നു യുഎസ് ഫെഡ് എടുക്കുന്ന പലിശ തീരുമാനവും അതോടൊപ്പം ഭാവിവളർച്ചയും പലിശയും സംബന്ധിച്ചു നടത്തുന്ന അനുമാനങ്ങളും വിപണിയെ നിർണായതമായി സ്വാധീനിക്കും. ആവേശത്തോടെ നിൽക്കുന്ന ബുള്ളുകൾ അതിനു മുൻപ് നിഫ്റ്റിയെ 25,000ലേക്കു കയറ്റും എന്നു ചിലർ കണക്കുകൂട്ടുന്നുണ്ട്. ചൈനീസ് വളർച്ച കുറയുന്നത് അങ്ങോട്ടുള്ള വിദേശനിക്ഷേപകരുടെ താൽപര്യം കുറച്ചിട്ടുണ്ട്. അത് ഇന്ത്യയിലേക്ക് വിദേശഫണ്ടുകളെ തിരിച്ചു വിടും എന്നാണു പ്രതീക്ഷ. വിലക്കയറ്റത്തിൽ ഗണ്യമായ കുറവ് ഇല്ല എന്നതും വ്യവസായ ഉൽപാദന വളർച്ച ആവേശകരമല്ല എന്നതും അവഗണിക്കാനാണു വിപണി ശ്രമിക്കുന്നത്. വലിയ കുതിപ്പിനിടയിലും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കഴിഞ്ഞ ദിവസം താഴ്ന്നു ക്ലോസ് ചെയ്തത് ചെറിയ കാര്യമല്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,777 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,770 ആയി. വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യുഎസ് വിപണി വെള്ളിയാഴ്ച ഭിന്ന ദിശകളിലായി. ഡൗ ജോൺസ് തുടർച്ചയായ ഏഴാം ദിവസം താഴ്ന്നപ്പോൾ എസ് ആൻഡ് പി മാറ്റമില്ലാതെയും നാസ്ഡാക് നാമമാത്ര കയറ്റത്തിലും ക്ലാേസ് ചെയ്തു. ആഴ്ച എടുത്താൽ ഡൗ 1.8 ഉം എസ് ആൻഡ് പി 0.6 ഉം ശതമാനം താഴ്ന്നു. നാസ്ഡാക് 0.3 ശതമാനം ഉയർന്നു.
നിർമിതബുദ്ധി വരുമാനത്തിലെ വലിയ വളർച്ച മൂലം വരുമാനവും ലാഭവും പ്രതീക്ഷയേക്കാൾ കൂടിയ ചിപ്പ് നിർമാതാവ് ബ്രോഡ്കോം 24 ശതമാനം കുതിച്ച് വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളറിനു മുകളിൽ എത്തിച്ചു. എൻവിഡിയ രണ്ടു ശതമാനത്തിലധികം താഴ്ന്നു. കാറുകൾ വരുത്തുന്ന അപകടങ്ങളുടെ വിവരം റിപ്പോർട്ട് ചെയ്യാൻ നിലവിലുള്ള വ്യവസ്ഥ മാറ്റണമെന്ന ഇലോൺ മസ്കിൻ്റെ ആവശ്യം നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചതായ റിപ്പോർട്ട് ടെസ്‌ല ഓഹരിയെ 2.2 ശതമാനം ഉയർത്തി. മസ്കിൻ്റെ സമ്പത്ത് 45,500 കോടി ഡോളറിനു മുകളിലെത്തി.
ഈ ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കിൽ 25 ബേസിസ് പോയിൻ്റ് (കാൽ ശതമാനം) കുറക്കും എന്നാണു വിപണി പ്രതീക്ഷിക്കുന്നത്. 97 ശതമാനം സാധ്യതയാണ് അതിനു കാണുന്നത്. എന്നാൽ 2025 ൻ്റെ ആദ്യപകുതിയിൽ പലിശ കുറയ്ക്കൽ സാവധാനമേ നടത്തൂ എന്ന് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു. വിലക്കയറ്റം കുറയാൻ മടിക്കുന്നതാണു കാരണം. 2025 ൽ പ്രതീക്ഷ ഒരു ശതമാനം കുറയ്ക്കലിനു പകരം അര ശതമാനമായി.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 86.06 പോയിൻ്റ് (0.20%) താഴ്ന്ന് 43,828.06 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.16 പോയിൻ്റ് (0.00%) നഷ്ടത്തോടെ 6051.09 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 23.88 പോയിൻ്റ് (0.12%) കൂടി 19,926.72 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്.. ഡൗ 0.09 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
നിക്ഷേപനേട്ടം 4.399 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും ഇടിഞ്ഞു.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച താഴ്ന്നു. യുകെ ജിഡിപി ഒക്ടോബറിൽ 0.1 ശതമാനം കുറഞ്ഞതും ജർമൻ കയറ്റുമതി വളർച്ച കുറവായതും വിപണികളെ താഴ്ത്തി. യൂറോപ്യൻ കേന്ദ്രബാങ്ക് വ്യാഴാഴ്ച പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. സ്വിസ് നാഷണൽ ബാങ്ക് അര ശതമാനം കുറച്ചിരുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ അര ശതമാനം കയറി പിന്നീടു താഴോട്ടായി. പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയയിൽ സൂചിക ഒരു ശതമാനം കയറി. ചൈനീസ് വ്യവസായ ഉൽപാദന കണക്കിലാണു വിപണിയുടെ ശ്രദ്ധ. ചൈനീസ് സൂചികകൾ താഴ്ന്നു വ്യാപാരം തുടങ്ങി.
കുതിച്ചു കയറി ഇന്ത്യൻ വിപണി
വെള്ളിയാഴ്ച ഇന്ത്യൻ വിപണി അപ്രതീക്ഷിതമായ കുതിപ്പ് നടത്തി. മുൻ ദിവസങ്ങളിലെ താഴ്ചയ്ക്കു ശേഷം ഏഷ്യൻ വിപണികളുടെ വീഴ്ചയെ പിന്തുടർന്നാണു വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1207 ഉം
നിഫ്റ്റി 367.90 ഉം പോയിൻ്റും ഇടിഞ്ഞു. പിന്നീടു വിദേശ നിക്ഷേപകർ വാങ്ങൽ പുനരാരംഭിച്ചതോടെ വിപണി ദിശമാറ്റി. താഴ്ന്ന നിലയിൽ നിന്ന് സെൻസെക്സ് 2131.10 ഉം നിഫ്റ്റി 611.50 ഉം പോയിൻ്റ് തിരിച്ചു കയറി. മുഖ്യസൂചികകൾ ഗണ്യമായ നേട്ടം ഉണ്ടാക്കിയപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ താഴ്ചയിലായി.
നിഫ്റ്റി വെള്ളിയാഴ്ച 219.60 പോയിൻ്റ് (0.89%) കുതിച്ച് 24,768.30 ൽ അവസാനിച്ചു. സെൻസെക്സ് 843.16 പോയിൻ്റ് (1.04%) നേട്ടത്തോടെ 82,133.12 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.65 ശതമാനം (367.35 പോയിൻ്റ്) കയറി 53,583.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.05 ശതമാനം താണ് 58,991.55 ലും സ്മോൾ ക്യാപ് സൂചിക 0.30 ശതമാനം കുറഞ്ഞ് 19,407.30 ലും ക്ലോസ് ചെയ്തു
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച വലിയ വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 2335.32 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 732.20 കോടി രൂപയുടെ അറ്റ വിൽപനയും നടത്തി. കഴിഞ്ഞ ആഴ്ച വിദേശികൾ 20 കോടി ഡോളറിൻ്റെ വിൽപനക്കാരായിരുന്നു. എന്നാൽ ഡിസംബറിൽ ഇതുവരെ അവർ 11,707 കോടി രൂപയുടെ അറ്റ വാങ്ങലുകാരാണ്.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1751 ഓഹരികൾ ഉയർന്നപ്പോൾ 2248 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1224 എണ്ണം ഉയർന്നു, താഴ്ന്നത് 1575 എണ്ണം.
എഫ്എംസിജിയും ഐടിയും ഫിനാൻസും കംപ്യൂട്ടർ ഡ്യുറബിൾസും ഓട്ടോയും ഉയർന്നു. മെറ്റലും റിയൽറ്റിയും ഫാർമയും നഷ്ടത്തിലായി.
നിഫ്റ്റിക്ക് 24,700 ലെ പ്രതിരോധം കടക്കാൻ കഴിഞ്ഞത് 25,000 ലക്ഷ്യമിട്ടു നീങ്ങാൻ വഴിയൊരുക്കുന്നു എന്നാണു നിഗമനം. എന്നാൽ കഴിഞ്ഞ ദിവസത്തെ വലിയ ഇടിവും കയറ്റവും പിന്തുണ നിലവാരം താഴേക്കു മാറ്റി.
നിഫ്റ്റിക്ക് ഇന്ന് 24,605 ലും 24,500 ലും പിന്തുണ കിട്ടാം. 24,815 ഉം 24,960 ഉം തടസങ്ങൾ ആകാം.
കമ്പനികൾ, വാർത്തകൾ
നവി മുംബൈ ഇൻ്റഗ്രേറ്റഡ് ഇൻസന്ധട്രിയൽ ഏരിയ (എൻഎംഐഐഎ) യിൽ 74 ശതമാനം ഓഹരി റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങി. ഇതോടെ എൻഎംഐഐഎ റിലയൻസിൻ്റെ ഉപകമ്പനിയായി. വില 1628 കോടി രൂപ. ബാക്കി ഓഹരി സർക്കാർ കമ്പനിയായ സിഡ്കോയ്ക്ക്.
മധ്യപ്രദേശ് മെട്രോ റെയിൽ കമ്പനിയിൽ നിന്ന് 1006.74 കോടി രൂപയുടെ മെട്രോ നിർമാണ കരാർ ആഫ്കോൺസ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിനു ലഭിച്ചു.
എണ്ണപ്പന കൃഷിക്കായി ഗോദ്റെജ് അഗ്രോവെറ്റിന് ഗുജറാത്ത് സർക്കാർ മൂന്നു ജില്ലകളിൽ ഭൂമി അലോട്ട് ചെയ്തു.
സ്വർണം ഇടിവിൽ
സ്വർണവില വെള്ളിയാഴ്ച ഇടിവ് തുടർന്നു. 1.32 ശതമാനം താഴ്ന്ന് ഔൺസിന് 2648.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 2655 ഡോളറിലേക്കു കയറി.
കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 57,840 രൂപയിലേക്കും ശനിയാഴ്ച 57,120 രൂപയിലേക്കും താഴ്ന്നു. രണ്ടു ദിവസം കൊണ്ട് 1160 രൂപയുടെ കുറവ്.
വെള്ളിവില ഔൺസിന് 30.60 ഡോളറിലേക്ക് താഴ്ന്നു.
രൂപ കയറി
കറൻസി വിപണിയിൽ ഡോളർ ഉയർന്നു തുടരുന്നു. വെള്ളിയാഴ്ച ഡോളർ സൂചിക നാമമാത്രമായി കൂടി 107.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.82 ലേക്കു താഴ്ന്നു.
രൂപ വെള്ളിയാഴ്ച നേട്ടം ഉണ്ടാക്കി. ഡോളർ ഏഴു പൈസ നഷ്ടത്തിൽ 84.79 രൂപയിൽ ക്ലാേസ് ചെയ്തു.
ക്രൂഡ് ഓയിൽ വില കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 74.49 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.24 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 71.11 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.35 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ കുതിക്കുന്നു
ഏറെ ചാഞ്ചാട്ടം കണ്ട ഒരാഴ്ചയ്ക്കു ശേഷം ക്രിപ്റ്റോകൾ ഈയാഴ്ച കുതിച്ചു കയറ്റത്തിലാണ്. ബിറ്റ് കോയിൻ അഞ്ചു ശതമാനത്തിലധികം ഉയർന്ന് 1,06,000 ഡോളർ കടന്നു. ഈഥർ വില 4010 ഡോളർ വരെ എത്തി.
വ്യാവസായിക ലോഹങ്ങൾ ഇപ്പോഴും ഭിന്നദിശകളിലാണ്. ചെമ്പ് 0.36 ശതമാനം താഴ്ന്നു ടണ്ണിന് 8940.36 ഡോളറിൽ എത്തി. അലൂമിനിയം 0.21 ശതമാനം ഉയർന്നു ടണ്ണിന് 2617.64 ഡോളർ ആയി. സിങ്ക് 1.24 ശതമാനം ഉയർന്നു. ലെഡ് 0.68 ഉം ടിൻ 0.76 ഉം നിക്കൽ 1.10 ഉം ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2024 ഡിസംബർ 13, വെള്ളി)
സെൻസെക്സ് 30 82,133.12 +1.04%
നിഫ്റ്റി50 24,768.30 +0.89%
ബാങ്ക് നിഫ്റ്റി 53,583.80 +0.65%
മിഡ് ക്യാപ് 100 58,991.55 -0.05%
സ്മോൾ ക്യാപ് 100 19,407.30 -0.30%
ഡൗ ജോൺസ് 43,828.06 -0.20%
എസ് ആൻഡ് പി 6051.09 -0.00%
നാസ്ഡാക് 19,926.72 +0.12%
ഡോളർ($) ₹84.79 -₹0.07
ഡോളർ സൂചിക 107.00 +0.02
സ്വർണം (ഔൺസ്) $2648.50 -$32.80
സ്വർണം(പവൻ) ₹57,120 -₹1160
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.49 +$01.18