വിപണിയില്‍ വില്‍പനസമ്മര്‍ദ്ദം; 'ചെറുകിട' ഓഹരികള്‍ താഴേക്ക്, ഐ.ടി.സിക്ക് നല്ല നേട്ടം

എന്‍.എം.ഡി.സി ഓഹരി ഇടിഞ്ഞു; രൂപയെ തളര്‍ത്തി ഡോളര്‍ മുന്നോട്ട്

Update: 2024-03-13 06:08 GMT

Image by Canva

ഉയര്‍ന്നു വ്യാപാരം തുടങ്ങിയ വിപണി വില്‍പന സമ്മര്‍ദത്തെ തുടര്‍ന്ന് താഴുന്നു. തുടക്കത്തില്‍ 22,446.75 വരെ കയറിയ നിഫ്റ്റി പിന്നീട് 22,260 വരെ താഴ്ന്നു. സെന്‍സെക്‌സ് 74,053 വരെ കയറിയിട്ട് 73,573 വരെ താഴ്ന്നു.

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, മൈക്രോ ക്യാപ് ഓഹരികള്‍ ഇന്നും വലിയ ഇടിവിലാണ്. സ്‌മോള്‍, മൈക്രോ ക്യാപ്പുകള്‍ യഥാക്രമം രണ്ടരയും മൂന്നും ശതമാനം ഇടിഞ്ഞു. കേന്ദ്ര പൊതുമേഖലാ കമ്പനികള്‍ നാലു ശതമാനം താഴ്ചയിലായി.

മെറ്റല്‍, മീഡിയ, പി.എസ്.യു ബാങ്ക്, ഓട്ടോ, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകള്‍ വലിയ താഴ്ചയിലാണ്. എഫ്.എം.സി.ജി ഓഹരികള്‍ നല്ല നേട്ടമുണ്ടാക്കി.

ഐ.ടി.സിയിലെ മൂന്നര ശതമാനം ഓഹരി ബ്ലോക്കുകളായി വിദേശ പ്രൊമോട്ടര്‍ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ (ബാറ്റ്) വിറ്റു. ശരാശരി 400 രൂപയ്ക്കാണു വില്‍പന. ഐ.ടി.സി ഓഹരി പ്രീ ഓപ്പണില്‍ 10 ശതമാനം ഉയര്‍ന്ന് 450 രൂപയായി. പിന്നീട് നേട്ടം ആറു ശതമാനമായി. പ്രമുഖ ബ്രോക്കറേജുകള്‍ ഐ.ടി.സി ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തി. മോര്‍ഗന്‍ സ്റ്റാന്‍ലി 490 രൂപയും സി.എല്‍.എസ്.എ 468 രൂപയും ലക്ഷ്യവിലയാക്കി. ബാറ്റ് ഓഹരി വില്‍ക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എത്ര ഓഹരികള്‍ വിപണിയില്‍ ഇറക്കുമെന്ന് അറിയാത്തതിനാല്‍ ഐ.ടി.സി ഓഹരി താഴ്ന്നു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ആ ആശങ്ക മാറി.

ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞ സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ ഓഹരി ഇന്നും അഞ്ചു ശതമാനം താഴ്ചയിലാണ്. പ്രൊമോട്ടര്‍മാരായ ഷപ്പൂര്‍ജി പല്ലോണ്‍ജി ഓഹരി വില്‍ക്കുമെന്ന അറിയിപ്പാണു കാരണം. ഇരുമ്പയിരിന്റെ അന്താരാഷ്ട്ര വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ എന്‍.എം.ഡി.സി ഓഹരി മൂന്നു ശതമാനം താണു.

രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ നാലു പൈസ കയറി 82.81 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 82.84 രൂപയായി. സ്വര്‍ണം ലോകവിപണിയില്‍ 2,160 ഡോളറിലേക്ക് ഉയര്‍ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 48,280 രൂപയായി. ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് 82.31 ഡോളറിലേക്കു കയറി.

Tags:    

Similar News