വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും സൂചികകള്‍ കയറ്റത്തില്‍, ബാങ്കുകള്‍ കുതിക്കുന്നു

രാവിലെ നല്ല ഉയര്‍ച്ച കാണിച്ച മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ പിന്നീടു ഗണ്യമായി താഴ്ന്നു. മെറ്റല്‍ ഓഹരികള്‍ നല്ല നേട്ടത്തിലാണ്

Update:2024-10-28 12:15 IST

Image by Canva

രാജ്യാന്തര സൂചനകളെ തുടര്‍ന്ന് അര ശതമാനത്തോളം ഉയര്‍ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കനത്ത വില്‍പന സമ്മര്‍ദത്തിലായി. നിഫ്റ്റി നേരിയ നഷ്ടത്തിലേക്കും മാറി. പിന്നീടു വിപണി തിരിച്ചു കയറി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് 500ഉം നിഫ്റ്റി 110ഉം പോയിന്റ് നേട്ടത്തിലാണ്. അപ്പോഴും വില്‍പന സമ്മര്‍ദം തുടര്‍ന്നു.
എന്നാല്‍ ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയര്‍ന്നു നീങ്ങുന്നു. ധനകാര്യ കമ്പനികളും കുതിച്ചു.
രാവിലെ നല്ല ഉയര്‍ച്ച കാണിച്ച മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ പിന്നീടു ഗണ്യമായി താഴ്ന്നു. മെറ്റല്‍ ഓഹരികള്‍ നല്ല നേട്ടത്തിലാണ്.
പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസല്‍ട്ട് ഐ.സി.ഐ.സി.ഐ ബാങ്കിനെ മൂന്നു ശതമാനം ഉയര്‍ത്തി. ബ്രോക്കറേജുകള്‍ ഓഹരിയുടെ ലക്ഷ്യവില 1,600 രൂപയിലേക്ക് ഉയര്‍ത്തി. മികച്ച റിസല്‍ട്ടിനെ തുടര്‍ന് യെസ് ബാങ്കും ബന്ധന്‍ ബാങ്കും ഒന്‍പതു ശതമാനത്തോളം കുതിച്ചു.
റിസല്‍ട്ട് മോശമായതോടെ ഐ,ഡി,എഫ്.സി ഫസ്റ്റ് ബാങ്ക് പത്തു ശതമാനം നഷ്ടത്തിലായി. പിന്നീടു നഷ്ടം കുറച്ചു. വിദേശ ബ്രോക്കറേജ് ജെഫ്രീസ് ഈ ഓഹരിക്കു വാങ്ങല്‍ ശിപാര്‍ശ നല്‍കി.
റിലയന്‍സിന്റെ 1:1 ബോണസ് ഇഷ്യുവിന്റെ റെക്കോര്‍ഡ് തീയതി കഴിഞ്ഞ സാഹചര്യത്തില്‍ ഓഹരിവില പകുതിയായി. പിന്നീടു കാല്‍ ശതമാനം ഉയര്‍ന്ന് 1,330 രൂപയ്ക്കു മുകളിലായി.
രണ്ടാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ (ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍) ഓഹരി 10 ശതമാനം ഇടിഞ്ഞു.
രണ്ടാം പാദത്തിലെ മികച്ച റിസല്‍ട്ടും ആസ്തി നിലവാരം മെച്ചമായതും ശ്രീറാം ഫിനാന്‍സിനെ അഞ്ചു ശതമാനം ഉയര്‍ത്തി.
ക്രൂഡ് ഓയില്‍ വില താഴ്ന്നതിനെ തുടര്‍ന്ന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഉയര്‍ന്നു. പെയിന്റ് കമ്പനികളും കയറി.
ഇന്‍ഫ്രാസ്ട്രക്ചര്‍ -കണ്‍സ്ട്രക്ഷന്‍ മേഖലയിലുള്ള ഐ.ടി.ഡി സിമന്റേഷനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ ധാരണയായി. ഐ.ടി.ഡി ഓഹരി നാലു ശതമാനം താഴ്ന്നു.
രൂപ ഇന്നു നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ താഴ്ന്ന് 84.07 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.08 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2730 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി.
ക്രൂഡ് ഓയില്‍ വില നാമമാത്രമായി താഴ്ന്നു. ബ്രെന്റ് ഇനം 72.58 ഡോളറായി.
Tags:    

Similar News