കുതിച്ചു പാഞ്ഞ് വിപണി, 21 ലക്ഷം കോടി കടന്ന് റിലയന്‍സ്
എയര്‍ടെല്ലും വോഡഫോണും ലാഭത്തില്‍ തുടങ്ങിയെങ്കിലും പിന്നീട് താണു
വിപണി നിര്‍ത്തലില്ലാതെ പായുകയാണ്. സെന്‍സെക്‌സ് 79,671.88 വരെയും നിഫ്റ്റി 24,174 വരെയും കയറി റെക്കോര്‍ഡ് കുറിച്ചു. പിന്നീട് അല്‍പം താണു.
മൊബൈല്‍ നിരക്ക് 10 മുതല്‍ 21 വരെ ശതമാനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ഓഹരി രാവിലെ അഞ്ചു ശതമാനം ഉയര്‍ന്നെങ്കിലും പിന്നീട് ഓഹരി നഷ്ടത്തിലായി.
റിലയന്‍സ് ജിയോ നിരക്കു കൂട്ടിയ സാഹചര്യത്തില്‍ റിലയന്‍സ് ഓഹരി ഇന്ന് 1.5 ശതമാനം കയറി 3129.85 രൂപയിലെത്തി. ഇതു റെക്കോര്‍ഡ് നിരക്കാണ്. കമ്പനിയുടെ വിപണിമൂല്യം 21 ട്രില്യണ്‍ (ലക്ഷം കോടി)രൂപയ്ക്കു മുകളിലായി.
വോഡഫോണ്‍ ഐഡിയ ആദ്യം മൂന്നു ശതമാനം കയറിയിട്ട് പിന്നീടു താഴ്ചയിലായി.
2.74 ശതമാനം ഓഹരി കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പോളികാബ് ഓഹരി അഞ്ചു ശതമാനം താഴ്ന്നു.
പുതിയ ഔഷധത്തിന് അംഗീകാരം കിട്ടിയതായി അറിയിച്ച വൊക്കാര്‍ട്ട് ലിമിറ്റഡ് അഞ്ചു ശതമാനം ഉയര്‍ന്നു.
സിഎസ്ബി ബാങ്ക് ഇന്ന് നാലു ശതമാനത്തോളം കയറി.
ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ ഒരു മേല്‍ക്കൂര തകര്‍ന്നതു മൂലം സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ജിഎംആര്‍ എയര്‍ പോര്‍ട്‌സ് ഓഹരി മൂന്നു ശതമാനം താണു.
369 രൂപയ്ക്ക് ഐപിഒ നടത്തിയ സ്റ്റാന്‍ലി ലൈഫ് സ്‌റ്റൈല്‍ 495 രൂപയില്‍ ലിസ്റ്റ് ചെയ്തു.
രൂപ ഇന്നു തുടക്കത്തില്‍ ഉയര്‍ന്നു. ഡോളര്‍ ആറു പൈസ താഴ്ന്ന് 83.40 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീടു ഡോളര്‍ 83.44 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ 2320 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 320 രൂപ കൂടി 52,920 രൂപയായി.
ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ഇനം 86.85 ഡോളര്‍ കടന്നു.