ഉയരങ്ങളില്‍ വില്‍പന സമ്മര്‍ദം, അപ്പോളോ ടയേഴ്‌സിന് കുതിപ്പ്; നിഫ്റ്റി 22,300 കടന്നിട്ടു മടങ്ങി

പ്രധാന ഐ.ടി ഓഹരികള്‍ 1.2 മുതല്‍ മൂന്നു വരെ ശതമാനം ഉയര്‍ന്നു

Update:2024-05-16 10:32 IST

Image: Canva

പലിശ കുറയുന്നതിലെ ആവേശം തണുപ്പിക്കുന്ന രീതിയിലാണ് രാഷ്ട്രീയ ആശങ്ക വിപണിയെ ഗ്രസിച്ചിരിക്കുന്നത്. ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ശേഷം കൂടുതല്‍ ഉയര്‍ന്ന വിപണി പിന്നീടു ചെറിയ നേട്ടത്തിലേക്കു താഴ്ന്നു. 22,330 വരെ കയറിയ നിഫ്റ്റി പിന്നീട് 22,230നു താഴെ എത്തി. ഉയര്‍ന്ന നിലവാരത്തില്‍ വില്‍പന സമ്മര്‍ദം കനത്തതായി.
അമേരിക്കയില്‍ ടെക് ഓഹരികള്‍ ഇന്നലെ നേട്ടം കാണിച്ചതിന്റെ ചുവടുപിടിച്ച് ഐ.ടി ഓഹരികള്‍ രാവിലെ കുതിച്ചു. പ്രധാന ഐ.ടി ഓഹരികള്‍ 1.2 മുതല്‍ മൂന്നു വരെ ശതമാനം ഉയര്‍ന്നു. പലിശ നിരക്ക് കുറയുന്നത് യുഎസിലെ കമ്പനികളുടെ ടെക് ബജറ്റ് വര്‍ധിപ്പിക്കും. ഇന്ത്യന്‍ കമ്പനികള്‍ക്കാണ് അതിന്റെ പ്രധാന നേട്ടം ലഭിക്കുക. ഐ.ടി സൂചിക രണ്ടു ശതമാനത്തോളം ഉയര്‍ന്നു.
മെറ്റല്‍ ഓഹരികള്‍ക്ക് കയറ്റം
മെറ്റല്‍ ഓഹരികളും നല്ല കയറ്റത്തിലാണ്. ലോക വിപണിയില്‍ ചെമ്പ് അടക്കമുള്ള ലോഹങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് കമ്പനികളും മികച്ച കയറ്റത്തിലായി. ഓബറോയ് റിയല്‍റ്റി എഴര ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്ന അപ്പോളോ ടയേഴ്‌സ് ഇന്ന് ആറു ശതമാനം കുതിച്ചു. നാലാം പാദത്തില്‍ എട്ടു ശതമാനം വരുമാന വര്‍ധനയില്‍ അറ്റാദായം 64 ശതമാനം വര്‍ധിപ്പിച്ച ടിറ്റാഗഢ് റെയില്‍ സിസ്റ്റംസ് ഓഹരി ഒന്‍പതു ശതമാനം ഉയര്‍ന്നു.
സോമാനി സിറാമിക്‌സ് ഓഹരി ഇന്നു രാവിലെ 17 ശതമാനം കുതിച്ച് 729 രൂപയിലെത്തി. രൂപ ഇന്നു നേട്ടത്തോടെ തുടങ്ങി. ഡോളര്‍ നാലു പൈസ നഷ്ടത്തില്‍ 83.45 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 2,390 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 560 രൂപ കയറി 54,280 രൂപയായി. ഏപ്രില്‍ 19ലെ 54,520 രൂപയാണു കേരളത്തില്‍ പവന്റെ റെക്കോര്‍ഡ് വില. ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 83.08 ഡോളറില്‍ എത്തി.
Tags:    

Similar News