പലിശക്കാര്യത്തിൽ വ്യക്തത; വിപണികൾക്ക് ആശ്വാസം; ഐടി മേഖലയ്ക്കു ക്ഷീണം തുടരുമെന്നു ബ്രോക്കറേജുകൾ; ചില്ലറ നിക്ഷേപകർ വിട്ടു നിൽക്കുന്നു
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് റീറ്റെയ്ൽ നിക്ഷേപകരും പിൻവലിയുന്നുവോ? പലിശ നിരക്കുകൾ എന്താകും? ഐടി തളർച്ചയ്ക്കു പിന്നിലെ യഥാർഥ്യം
യുഎസ് ഫെഡിൻ്റെ നിരക്കു വർധനയുടെ കാര്യത്തിൽ വ്യക്തത വരുത്തുന്ന ഫെഡ് മിനിറ്റ്സ് ഇന്നലെ പുറത്തു വന്നു. അതിനു ശേഷം യുഎസ് സൂചികകൾ ഉയർന്നു, കടപ്പത്ര വിലകൾ മെച്ചപ്പെട്ടു. യുഎസ് സൂചികകളുടെ ഫോർവേഡ് വ്യാപാരം നേരിയ നേട്ടം കാണിച്ചു. പിന്നീടു നാസ്ഡാക് ഫ്യൂച്ചേഴ്സ് അൽപം ഇടിവിലായത് ടെക് മേഖലയിൽ ആശ്വാസനില ആയില്ലെന്നു കാണിക്കുന്നു.
ഏഷ്യൻ വിപണികളും ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,140 വരെ കയറി. ഇന്നു രാവിലെ 16,153 ലെത്തി. പിന്നീട് 16,120 ലേക്കു താണു. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കത്തിലെ നേട്ടങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തി തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. ഐടി മേഖലയുടെ തകർച്ചയാണു വിപണിയെ വലിച്ചു താഴ്ത്തിയത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലെ വിൽപന പ്രളയവും വിപണിയെ ഇടിച്ചു. വിപണിക്കു കഴിഞ്ഞ മാസങ്ങളിൽ ശക്തമായ പിൻബലം നൽകിയ റീട്ടെയിൽ നിക്ഷേപകർ പിൻവലിഞ്ഞു നിൽക്കുന്നതും ഇടിവിനു കാരണമായി. വിദേശികൾ വിൽപന തുടരുകയും ചില്ലറ നിക്ഷേപകർ വിട്ടു നിൽക്കുകയും ചെയ്താൽ വിപണിക്കു വരും ദിവസങ്ങളിലും ക്ഷീണമാകും. വിദേശ വിപണികൾ കാണിക്കുന്ന ഉണർവ് സ്ഥായിയല്ലെന്ന വിശകലനങ്ങളും വിപണിയെ ഉലയ്ക്കുന്നു. ഇന്ത്യൻ വിപണി 10 ശതമാനം കൂട്ടി ഇടിയാനുണ്ടെന്നു ചില സർവേകളിൽ അഭിപ്രായം ഉയർന്നതും ക്ഷീണമായി.ആദിത്യ ബിർല ഗ്രൂപ്പിലെ ഗ്രാസിം പെയിൻ്റ് മേഖലയിൽ 10,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചത് പെയിൻ്റ് കമ്പനികളുടെ ഓഹരിവില ഗണ്യമായി ഇടിച്ചു. പഞ്ചസാര കമ്പനികളും വലിയ നഷ്ടത്തിലായി.
ഇന്നലെ സെൻസെക്സ് 303.35 പോയിൻ്റ് (0.56%) താഴ്ന്ന് 53,749.26 ലും നിഫ്റ്റി 99.35 പോയിൻ്റ് (0.62%) താഴ്ന്ന് 16,025.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.93 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.94 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 3. 38 ശതമാനം താഴ്ചയിലായി. മെറ്റൽ, വാഹന, ക്യാപ്പിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത് കെയർ സൂചികകളും നല്ല ഇടിവിലായി.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1803 കോടിയുടെ ഓഹരികൾ വിറ്റു. ഇതോടെ ഈ മാസം അവരുടെ വിൽപന 50,250 കോടി രൂപ കവിഞ്ഞു. സ്വദേശി ഫണ്ടുകൾ 2229.82 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണിയുടെ ബെയറിഷ് മനോഭാവം മാറിയിട്ടില്ലെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.ഓരോ ദിവസവും എത്തുന്ന ഉയർന്ന നിലയും താഴ്ന്ന നിലയും താഴ്ന്നു വരികയാണ്. 15,800-16,000 നിഫ്റ്റിയുടെ സപ്പോർട്ട് മേഖലയായി മാറി എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്നു 15,950-ലും 15,870-ലും സപ്പോർട്ട് ഉണ്ട്. 16,165-ഉം 16,300-ഉം തടസമാകും.
ക്രൂഡ് ഓയിൽ വില 115 ഡോളർ കടക്കുന്നതിൽ പരാജയപ്പെട്ടു പിന്മാറി. 114 ഡോളറിലാണു ബ്രെൻ്റ് ഇനം ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 114.8 ഡോളറിലേക്കു കയറി. ഇറാനുമായി സഹകരിച്ചു റഷ്യ നടത്തിയിരുന്ന എണ്ണ വിൽപനയും ഉപരോധ പരിധിയിൽ വരുത്തിയത് വില കൂടാൻ കാരണമായി.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ചയിലായി.ചെമ്പ് 1.84 ശതമാനവും ലെഡ് 2.76 ശതമാനവും നിക്കൽ 1.71 ശതമാനവും സിങ്ക് 1.13 ശതമാനവും താണു. അലൂമിനിയം വില കാൽ ശതമാനം കുറഞ്ഞു.
സ്വർണം കുതിപ്പ് നിർത്തി താഴ്ചയിലായി. 1853-1855 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. കേരളത്തിൽ ഇന്നലെ 120 രൂപ വർധിച്ചു പവന് 38,320 രൂപ ആയിരുന്നു.
റീട്ടെയിൽ നിക്ഷേപകർ പിൻവലിയുന്നു?
വിപണിയിലേക്കുള്ള ചില്ലറ നിക്ഷേപകരുടെ ഒഴുക്ക് അവസാനിക്കുന്നതായി പലരും വിലയിരുത്തുന്നു. വിപണിയുടെ ഇടിവാണു കാരണം. കഴിഞ്ഞ ഒക്ടോബറിലെ റിക്കാർഡിൽ നിന്ന് സെൻസെക്സും നിഫ്റ്റിയും 13 ശതമാനത്തിലധികം താഴ്ന്നു. ഇപ്പോഴത്തെ നിലയിൽ 12 മാസത്തെ നിക്ഷേപനേട്ടം ആറു ശതമാനത്തിൽ താഴെയാണ്. സർക്കാർ കടപ്പത്രങ്ങളും കമ്പനി കടപ്പത്രങ്ങളും മറ്റും അതിനേക്കാൾ നിക്ഷേപനേട്ടം നൽകുന്നു. ബാങ്ക് നിക്ഷേപങ്ങൾ ഏഴു ശതമാനം പലിശ നൽകുന്ന സമയം അകലെയല്ല. ഇതെല്ലാം മ്യൂച്വൽ ഫണ്ടുകൾ വഴിയും അല്ലാതെയുമുള്ള ചില്ലറ നിക്ഷേപകരുടെ നിക്ഷേപം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നു എന്നാണു വിദേശ ബ്രോക്കറേജ് ജെഫെറീസ് വിലയിരുത്തുന്നത്. കഴിഞ്ഞ 12 മാസം കൊണ്ടു 4.5 ലക്ഷം കോടി രൂപ റീട്ടെയിൽ നിക്ഷേപകരുടേതായി വിപണിയിൽ വന്നിരുന്നു. പുതിയ നിക്ഷേപം കുറച്ചെങ്കിലും വിദേശികളെപ്പോലെ അവർ നിക്ഷേപം പിൻവലിച്ചു തുടങ്ങിയിട്ടില്ല.
ഐടി തളർച്ചയ്ക്കു പിന്നിലെ യഥാർഥ്യം
ആഗോള ഓഹരി വിപണി പ്രവണതകൾക്കൊപ്പം ബിസിനസ് കാര്യങ്ങളും ഐടി മേഖലയുടെ തകർച്ചയ്ക്കു പിന്നിൽ ഉണ്ടെന്നു വിദേശ ബ്രോക്കറേജുകൾ. നാട്ടിലും വിദേശത്തും കമ്പനികൾ ടെക് മേഖലയിലെ ചെലവ് ചുരുക്കുകയാണ്. ഇത് കമ്പനികൾക്ക് കൂടുതൽ കോൺട്രാക്ടുകൾ കിട്ടുന്നതിനു തടസമാകും. നിലവിലുള്ള കോൺട്രാക്ടുകളിൽ പോലും വരുമാനം കുറയും. ഹ്രസ്വകാലത്തേക്കാണെങ്കിലും മാന്ദ്യം വരുന്നതു കാര്യങ്ങൾ കൂടുതൽ മോശമാക്കുമെന്ന് നൊമുറയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ജെപി മോർഗൻ്റെ റിപ്പോർട്ടിൽ ഐടി കമ്പനികളുടെ വരുമാന വർധനയുടെ നല്ലകാലം കഴിഞ്ഞെന്നാണു പറഞ്ഞത്. വരുമാനത്തിനു മേൽ കാർമേഘങ്ങൾ പടരുന്നു; ലാഭമാർജിൻ കുറയുന്നു എന്നാണ് അവരുടെ വിലയിരുത്തൽ.
ഇന്നലെ എൻ എസ്ഇയിലെ ഐടി സൂചിക 3.38 ശതമാനവും ബിഎസ്ഇയിലെ ഐടി സൂചിക 3.2 ശതമാനവും ഇടിഞ്ഞു. ജനുവരി മുതലുള്ള ഇടിവ് 26 ശതമാനമായി.
വലിയ ഐടി കമ്പനികൾക്ക് ഈ ധനകാര്യ വർഷം 13 ശതമാനവും അടുത്ത വർഷം 10 ശതമാനത്തിൽ താഴെയും വരുമാനവളർച്ചയേ പ്രമുഖ ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നുള്ളു.ചെറുകിട-ഇടത്തരം കമ്പനികൾക്കു വളർച്ച ഗണ്യമായി കുറയും.
2021-22 ൽ വലിയ കമ്പനികൾ 20 ശതമാനവും ചെറിയ കമ്പനികൾ 25 ശതമാനവും വരുമാനവളർച്ച കാണിച്ചതാണ്. ചെറിയ കമ്പനികൾക്ക് വിപണി ഉയർന്ന മൂല്യനിർണയം നടത്തിയത് ഇനി താഴ്ത്തും.
ദിശാബാേധം നൽകി ഫെഡ് മിനിറ്റ്സ്
വിപണികൾക്കു വേണ്ടതു ദിശാബോധമാണ്. അനിശ്ചിതത്വം ഇഷ്ടവുമല്ല. യുഎസ് കേന്ദ്രബാങ്ക് ഫെഡ് കമ്മിറ്റി (എഫ്ഒഎംസി) ഈ മാസം ചേർന്നതിൻ്റെ മിനിറ്റ്സ് ഇന്നലെ പുറത്തുവന്നു. ഫെഡ് ജൂണിലും ജൂലൈയിലും 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) വീതം അടിസ്ഥാന പലിശ വർധിപ്പിക്കൂ എന്നു കമ്മറ്റി യോഗത്തിലെ ചർച്ചകൾ കാണിക്കുന്നു. അമിത തോതിലോ തീരെ കുറഞ്ഞ തോതിലോ നിരക്കു കൂട്ടുന്നത് വളർച്ചയെ തടസപ്പെടുത്താതെ വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കില്ലെന്ന് അംഗങ്ങൾ വിലയിരുത്തി. ഡിസംബറോടെ 2.4 ശതമാനത്തിലേക്കു നിരക്ക് എത്തിക്കണം എന്നാണു പൊതുനിഗമനം.
വിപണി ഭയപ്പെട്ടിരുന്നതു പോലെ 75 ബേസിസ് പോയിൻ്റോ 100 ബേസിസ് പോയിൻ്റോ തോതിൽ വർധന ഉണ്ടാകില്ല. ഡിസംബറോടെ 2.9 ശതമാനം ലക്ഷ്യമിടും എന്ന നിഗമനവും മാറി. ഇപ്പോൾ 0.75-1.0 ശതമാനമാണു ഫെഡ് നിശ്ചയിച്ചിട്ടുള്ള നിരക്ക്. ലക്ഷ്യമിടുന്ന 2.4 ശതമാനത്തിലേക്ക് മൂന്നോ നാലോ വർധന വഴിയേ എത്തൂ എന്നതും ആശ്വാസകരമാണ്.
ഫെഡ് മിനിറ്റ്സ് വരും മുൻപ് യുഎസ് വിപണികൾ ചാഞ്ചാട്ടത്തിലായിരുന്നു. മിനിറ്റ്സിനു ശേഷം നാസ്ഡാക് 1.5 ശതമാനവും ഡൗ 0.6 ശതമാനവും എസ് ആൻഡ് പി 0.95 ശതമാനവും ഉയർന്നു ക്ലോസ് ചെയ്തു.