ആവേശക്കുതിപ്പിൽ 18,000 കടന്നു നിഫ്റ്റി, സെൻസെക്സ് 60,000 നു മുകളിൽ; വളർച്ച സൂചനകൾ തൃപ്തികരം; വിദേശികൾ വീണ്ടും ഉത്സാഹത്തിൽ

നിഫ്റ്റിയുടെ പോക്ക് എങ്ങോട്ട്. കാതൽ മേഖലയിലെ വ്യവസായ വളർച്ച പറയുന്ന കാര്യങ്ങൾ. ടാറ്റാ സ്റ്റീലിൻ്റെ ലാഭം ഇടിയാൻ കാരണം

Update:2022-11-01 08:14 IST

ഇന്ത്യൻ വിപണി ഇന്നലെ നല്ല ആവേശത്തോടെ ഉയർന്നു. വിദേശ നിക്ഷേപകർ ഉത്സാഹപൂർവം ഓഹരികൾ വാങ്ങാൻ എത്തിയത് ഇതിനു സഹായിച്ചു. നിഫ്റ്റി 18,000-ൻ്റെയും സെൻസെക്സ് 60,000-ൻ്റെയും കടമ്പകൾ കടന്നു. അതേ സമയം യുഎസ് വിപണി ഫെഡ് തീരുമാനം ആസന്നമായതിൻ്റെ ആശങ്ക കാണിച്ചു ചെറിയ താഴ്ചയിലായി. ഡോളർ വീണ്ടും ഉയർന്നതോടെ രൂപയടക്കമുള്ള കറൻസികൾക്കു തിരിച്ചടിയായി.


സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,096-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക ഉയർന്ന് 18,175-ലെത്തി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങും എന്നാണ് ഇതിലെ സൂചന. 


ഇന്നു വലിയ ചാഞ്ചാട്ടമില്ലാത്ത ഒരു ദിവസമാകും വിപണിക്ക് എന്നാണു പ്രതീക്ഷ. മുഖ്യ സൂചികകൾ റിക്കാർഡ് നിലയിലേക്കു കയറാവുന്ന ഒരു ബുളളിഷ് ആവേശം വിപണിയിൽ ദൃശ്യമാണ്.


ഇന്നലെ യൂറോപ്യൻ വിപണികൾ നേട്ടത്തിൽ നിന്നു ചെറിയ നഷ്ടത്തിലേക്കിറങ്ങിയാണു ക്ലോസ് ചെയ്തത്. വ്യാപാര സമയത്തിനു ശേഷം പുറത്തു വന്ന കണക്കു യൂറോപ്പിൽ 10.9 ശതമാനം ചില്ലറ വിലക്കയറ്റമുണ്ടെന്നു കാണിച്ചു. ബ്രിട്ടനിൽ സൂചിക താഴ്ചയിൽ നിന്നു കയറി ക്ലാേസ് ചെയ്തു. 


യുഎസ് വിപണി താഴ്ന്നു തുടങ്ങി താഴ്ചയിൽ അവസാനിക്കുകയായിരുന്നു. എങ്കിലും ഡൗ ജോൺസ് സൂചിക 1976-നു ശേഷമുള്ള ഏറ്റവും മികച്ച മാസത്തിനാണു സമാപനം കുറിച്ചത്. കഴിഞ്ഞ മാസം ഡൗ 13.95 ശതമാനം ഉയർന്നു. ടെക് കമ്പനികളുടെ പ്രകടനം മോശമായതിനാൽ നാസ്ഡാക് സൂചിക 3.9 ശതമാനം പ്രതിമാസ നേട്ടമേ ഉണ്ടാക്കിയുള്ളു. 


ഇന്നു രാവിലെ ഓസീസ്, ഏഷ്യൻ വിപണികൾ മിതമായ നേട്ടത്തിലാണ്. കറൻസി വീണ്ടും താഴ്ന്നതാേടെ ജപ്പാനിലെ നിക്കെെ സൂചിക ചെറിയ നഷ്ടത്തിലേക്കു മാറി. കൊറിയൻ സൂചിക ഒരു ശതമാനം ഉയർന്നു.


ചൈനീസ് വിപണി ഇന്നു തിരിച്ചുവരവിലാണ്. ഷാങ്ഹായി സൂചിക മുക്കാൽ ശതമാനം ഉയർന്നു വ്യാപാരം തുടങ്ങി. ഹോങ് കോങ്ങിലെ ഹാങ് സെങ് രാവിലെ 1.75% കുതിച്ചു. ചൈനയുടെ ഒക്ടോബറിലെ ഫാക്ടറി ഉൽപാദനവും സേവന മേഖലയും ക്ഷീണത്തിലായി എന്ന് പിഎംഐ സർവേ കാണിച്ചു. വളർച്ചയ്ക്കു പകരം ഉൽപാദനക്കുറവാണ് സംഭവിച്ചത്.

രണ്ടു സൂചികകളും 50-നു താഴെയായി. വളർച്ച ഉണ്ടെങ്കിൽ 50-നു മുകളിൽ സൂചിക എത്തുമായിരുന്നു. കൂടുതൽ പ്രദേശങ്ങളിൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തിയ ചൈനീസ് നടപടി വളർച്ചയ്ക്കു വീണ്ടും തടസമാകും.


തിങ്കളാഴ്ച ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങിയിട്ടു ക്രമമായി കയറി ആവേശകരമായ നിലയിൽ ക്ലാേസ് ചെയ്യുകയായിരുന്നു. സെൻസെക്സ് 786.74 പോയിൻ്റ് (1.31%) കുതിച്ച് 60,746.59 ലും നിഫ്റ്റി 225.4 പോയിൻ്റ് (1.27%) ഉയർന്ന് 18,012.2 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.38 ശതമാനം കുതിച്ചെങ്കിലും സ്മോൾ ക്യാപ് സൂചിക 0.13 ശതമാനം മാത്രമേ ഉയർന്നുള്ളൂ.


എല്ലാ വ്യവസായ മേഖലകളും ഇന്നലെ നേട്ടമുണ്ടാക്കി. ഐടി, ഓട്ടോ, ബാങ്കിംഗ്, ധനകാര്യം, ഫാർമ, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ -ഗ്യാസ് തുടങ്ങിയവ നല്ല മുന്നേറ്റം കാണിച്ചു.


വിപണി ബുളളിഷ് മനോഭാവത്തിലാണെന്നു നിക്ഷേപ വിദഗ്ധർ പറയുന്നു.18,100-18,350 മേഖലയിലേക്കാണു നിഫ്റ്റി പോകുന്നത് എന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് 17,930-ലും 17,860-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോ,ൾ 18,100-ലും 18,150-ലും തടസങ്ങൾ ഉണ്ട്.


വിദേശ നിക്ഷേപകർ ഇന്നലെ 4178.61 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വാങ്ങി. കുറേ ആഴ്ചകൾക്കു ശേഷമാണു വിദേശികൾ ഈ തോതിൽ ഓഹരികൾ വാങ്ങുന്നത്. സ്വദേശി ഫണ്ടുകൾ 1107.1 കോടിയുടെ ഓഹരികൾ വിറ്റു.


ക്രൂഡ് ഓയിൽ വില ഇന്നലെ അൽപം താഴ്ന്ന് 94.85 ഡോളറിൽ എത്തി. ഇടയ്ക്കു 93 ഡോളറിലെത്തിയ ശേഷം തിരിച്ചു കയറിയതാണ്.
വ്യാവസായിക ലോഹങ്ങൾ ചെറിയ താഴ്ച കാണിച്ചു. ചെമ്പ് ഒന്നേകാൽ ശതമാനം താഴ്ന്നപ്പോൾ മറ്റു ലോഹങ്ങൾ അര ശതമാനം വരെയേ താഴ്ന്നുള്ളു.
സ്വർണം അൽപം താഴ്ന്ന് 1632 ഡോളറിലെത്തി. ഇന്നു രാവിലെ 1633-1634 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവനു 120 രൂപ കുറഞ്ഞ് 37,280 രൂപയായി.
രൂപ ഇന്നലെ രാവിലെ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീടു താഴ്ചയിലായി. ഡോളർ സൂചിക ഉയർന്നതാണു കാരണം. ഡോളർ 31 പൈസ നേട്ടത്തോടെ 82.78 രൂപയിൽ ക്ലോസ് ചെയ്തു.
സോളർ സൂചിക ഇന്നലെ ഉയർന്ന് 111.53 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 111.4 ലാണ്.
ചൈനയുടെ യുവാൻ ഡോളറിന് 7.3068 യുവാൻ എന്ന നിലയിലേക്കു താണു. യെൻ 148.37ലായി.'
തൃപ്തികരമായ വളർച്ച

ഇന്നലെ വിപണി ക്ലോസ് ചെയ്ത ശേഷം കാതൽ മേഖലയിലെ വ്യവസായ വളർച്ചയുടെ കണക്ക് വന്നു. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് സെപ്റ്റംബറിലുള്ളത്. 7.9 ശതമാനം. ഓഗസ്റ്റിൽ 4.1 ശതമാനമായിരുന്നു. ഇതോടു കൂടി കാതൽ മേഖലയുടെ അർധവാർഷിക വളർച്ച 9.6 ശതമാനമായി. കഴിഞ്ഞ വർഷം അത് 16.9 ശതമാനമായിരുന്നു.
കൽക്കരി, രാസവളം, സിമൻ്റ്, വൈദ്യുതി എന്നിവയുടെ ഉൽപാദനത്തിൽ ഇരട്ടയക്ക വളർച്ച ഉണ്ടായി. ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഉൽപാദനം കുറഞ്ഞു. വ്യവസായ ഉൽപാദനത്തിൻ്റെ 42 ശതമാനം കാതൽ മേഖല യിലാണ്.
നികുതിവരവ് കൂടി, ധനകമ്മിയും
കേന്ദ്ര സർക്കാരിൻ്റെ സെപ്റ്റംബർ വരെയുള്ള നികുതി വരുമാനത്തിൻ്റെയും കമ്മിയുടെയും കണക്കും തൃപ്തികരമായ നിരക്കിലാണ്. അർധ വർഷത്തെ ധനകമ്മി വാർഷിക പ്രതീക്ഷയുടെ 37.3 ശതമാനമേ വന്നുള്ളു.
കഴിഞ്ഞ വർഷം അർധവാർഷിക കമ്മി 5.3 ലക്ഷം കോടിയായിരുന്നത് ഇത്തവണ 6.19 ലക്ഷം കോടി രൂപയായി. വാർഷിക പ്രതീക്ഷ 16.6 ലക്ഷം കോടി രൂപ (ജിഡിപിയുടെ 6.4 ശതമാനം) ആണ്.
കേന്ദ്രത്തിൻ്റെ നികുതി വരുമാനം 9.9 ശതമാനം വർധിച്ച് 10.11 ലക്ഷം കോടിയായി. ഇക്കൊല്ലം ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ രണ്ടു ലക്ഷം കോടി രൂപ നികുതി വരുമാനം ഉണ്ടാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്. രാസവള ഭക്ഷ്യ സബ്സിഡികൾ വർധിക്കുന്നതു ചെലവിലും ആനുപാതിക വർധന ഉണ്ടാക്കും.
കമ്പനികൾ
ടാറ്റാ സ്റ്റീലിൻ്റെ ലാഭം കുത്തനേ ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നില്ല. അറ്റാദായം 90 ശതമാനം കുറഞ്ഞ് 1297 കോടി രൂപയായി. സ്റ്റീൽ വിൽപന റിക്കാർഡ് ആയി ഉയർന്നപ്പോഴാണു ലാഭത്തകർച്ച. സ്റ്റീൽ വിലയിടിവാണു ലാഭം കുറച്ചത്. യൂറോപ്യൻ വിപണിയിലാണു കൂടുതൽ നഷ്ടം. മൊത്തലാഭ മാർജിൻ 27.5 ശതമാനത്തിൽ നിന്ന് 10.5% ആയി. ബ്രിട്ടനിലെ യൂണിറ്റിൻ്റെ ഭാവിയെപ്പറ്റി അവിടത്തെ സർക്കാരുമായി കമ്പനി ചർച്ച നടത്തും.
എൽ ആൻഡ് ടിയും ഭാരതി എയർടെലും പ്രതീക്ഷ പോലെ മെച്ചപ്പെട്ട റിസൽട്ടുകൾ പുറത്തുവിട്ടു. 4 ജി ഉപയോക്താക്കൾ കൂടിയത് എയർടെലിനു വരുമാനം കൂട്ടി. രണ്ടാം പാദ ലാഭം 89% വർധിച്ച് 2145.2 കോടി രൂപയായി. എൽ ആൻഡ് ടി അറ്റാദായം 22.5% ഉയർന്ന് 2229 കോടി രൂപയിലെത്തി. വരുമാനം 42,763 കോടി. കമ്പനിക്ക് 51,914 കോടിയുടെ കോൺട്രാക്ടുകൾ ലഭിച്ചു.
ഫെഡ് ചെയ്യുന്നത്
ഇന്നും നാളെയും നടക്കുന്ന യുഎസ് ഫെഡ് യോഗം ഫെഡ് നിരക്ക് 3.00- 3.75 ൽ നിന്ന് 3.75-4.00 ശതമാനത്തിലേക്കു കൂട്ടും എന്നാണു പൊതു നിഗമനം. ഡിസംബറിലും തുടർന്നും എങ്ങനെയാകും നിരക്കു കൂട്ടുക എന്നതു സംബന്ധിച്ച സൂചനയാണു ഫെഡ് തീരുമാനത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത്.
നിരക്കുവർധനയുടെ തോതും വേഗവും കുറയണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിക്കും എന്ന സൂചന ലഭിച്ചാൽ വിപണികൾ ഉയരും. മറിച്ചായാൽ തളരും.


Tags:    

Similar News