വിപണിയിൽ ബുള്ളിഷ് കുതിപ്പ് തുടരുമോ?
വിദേശികൾ നിക്ഷേപം കൂട്ടുന്നു; പാശ്ചാത്യ വിപണിയിൽ അനിശ്ചിതത്വം; മാന്ദ്യഭീതി അകലുന്നു
യുഎസ് വിപണി അനിശ്ചിതത്വം കാണിക്കുകയും ഫ്യൂച്ചേഴ്സ് താഴുകയും ചെയ്തതോടെ ഇന്ന് ഏഷ്യൻ വിപണികൾ താഴാേട്ടു നീങ്ങി. എന്നാൽ ആ വഴി പിന്തുടരാതെ ഇന്ത്യൻ വിപണി ബുള്ളിഷ് കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകർ.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കൾ രാത്രി ഒന്നാം സെഷനിൽ 18,350 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,300.5 ലേക്ക് താഴ്ന്നു. ഇന്നു രാവിലെ 18,290 വരെ താണിട്ട് 18,325 ലേക്കു കയറി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് വിപണി ഇന്നലെ അനിശ്ചിതത്വമാണു കാണിച്ചത്. നാളെ യുഎസ് ചില്ലറ വിലക്കയറ്റ കണക്കുകൾ വരുന്നതു കാത്തു കഴിയുകയാണ് വിപണി.
പ്രാദേശിക ബാങ്കുകളുടെ ഓഹരികൾ ഇന്നലെ രാവിലെ തിരിച്ചു കയറിയെങ്കിലും വിപണി ക്ലോസ് ചെയ്യുമ്പോൾ അവ നാമമാത്ര നേട്ടമേ നിലനിർത്തിയുള്ളു. വെള്ളിയാഴ്ച 87 ശതമാനം കയറിയ പസഫിക് വെസ്റ്റ് ഇന്നലെ തുടക്കത്തിൽ 30 ശതമാനം കയറിയിട്ടു ക്ലോസിംഗിൽ നാലു ശതമാനത്തിൽ ഒതുങ്ങി. പ്രാദേശിക ബാങ്കുകളുടെ സൂചിക അഞ്ചു ശതമാനം കയറിയിട്ടു രണ്ടു ശതമാനം നഷ്ടത്തിലേക്കു വീണാണു ക്ലോസ് ചെയ്തത്. അടിയന്തര സാഹചര്യമില്ലെങ്കിലും പ്രാദേശിക ബാങ്കുകളുടെ നില സുഭദമല്ലെന്നാണ് ഇതു കാണിക്കുന്നത്.
ഡൗ ജോൺസ് 55.69 പോയിന്റ് (0.17 ശതമാനം) താഴ്ന്നപ്പോൾ എസ് ആൻഡ് പി 1.87 പോയിന്റും (0.05%) നാസ്ഡാക് 21.50 പോയിന്റും (0.18%) ഉയർന്നു.
യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.14 ഉം ശതമാനം താഴ്ന്നു. പൊതുവേ ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു നഷ്ടത്തിലാണ്. ജപ്പാനിലെ നിക്കെെ ഇന്ന് ഉയർന്നു. ചെെനീസ് വിപണി തുടക്കത്തിൽ താഴ്ചയിലായി. ചെെനയുടെ കയറ്റുമതി കണക്ക് ഇന്നു പ്രസിദ്ധീകരിക്കുന്നതിലാണ് വിപണിയുടെ ശ്രദ്ധ.
ഇന്ത്യൻ വിപണി
തിങ്കളാഴ്ച തുടക്കത്തിൽ ചെറിയ നേട്ടത്തിലായിരുന്ന ഇന്ത്യൻ വിപണി ക്രമമായി കയറി നല്ല നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തലേ ദിവസത്തെ നഷ്ടം മുഴുവൻ നികത്തി. എച്ച്ഡിഎഫ്സി ദ്വയങ്ങൾ ഒന്നര ശതമാനത്താേളം ഉയർന്നു. എന്നാൽ പൊതുമേഖലാ ബാങ്കുകൾ അൽപം താഴ്ചയിലായി. വാഹന കമ്പനികൾ, റിയൽറ്റി, ധനകാര്യ കമ്പനികൾ, ഐടി കമ്പനികൾ, എഫ്എംസിജി എന്നിവ കുതിച്ചു.
സെൻസെക്സ് ഇന്നലെ 709.96 പോയിന്റ് (1.16%) കുതിച്ച് 61,764.25 ലും നിഫ്റ്റി 195.40 പോയിന്റ് (1.08%) കയറി 18,264.40 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.02 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.94 ശതമാനവും ഉയർന്നു.
വിപണി ബുള്ളിഷ് ആണ്. നിഫ്റ്റി 18,300 നു മുകളിലേക്കു കരുത്തോടെ കയറിയാൽ 18,600 - 18,700 മേഖലയാകാം അടുത്ത ലക്ഷ്യം എന്നു വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 18,150 ലും 18,030 ലും സപ്പോർട്ട് ഉണ്ട്. 18,285 ലും 18,405 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ഇന്നലെ 2123.76 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ 245.27 കോടിയുടെ ഓഹരികൾ വാങ്ങി. ഈ മാസം എല്ലാ ദിവസവും വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ വാങ്ങലുകാരായിരുന്നു.
വെള്ളിയാഴ്ച ഉയർന്ന ക്രൂഡ് ഓയിൽ ഇന്നലെ കയറ്റം തുടർന്നു. ബ്രെന്റ് ഇനം ക്രൂഡ് 77.01 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 73.16 ഡോളർ ആയി. ഇന്നു രാവിലെ വില അൽപം താണു. മാന്ദ്യഭീതി അകന്നു തുടങ്ങിയെന്നാണു ക്രൂഡ് വില കാണിക്കുന്നത്.
അമേരിക്കൻ സർക്കാരിന്റെ വായ്പാ പരിധി കൂട്ടുന്നതിന് റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള കോൺഗ്രസ് മടിക്കുന്നതു ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുമെന്ന യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലന്റെ മുന്നറിയിപ്പ് സ്വർണവില അൽപം ഉയർത്തി. ഇന്നലെ 2030 വരെ കയറിയ സ്വർണം 2022.2 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2022- 2024 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ പവൻ വില 80 രൂപ വർധിച്ച് 45,280 രൂപയായി. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് ഇന്നലെ അവധിയായിരുന്നു. ക്രിപ്റ്റോ കറൻസികൾ താഴ്ചയിലാണ്. ബിറ്റ്കോയിൻ 27,600 ഡോളറിലായി. ഡോളർ സൂചിക 101.38 ലേക്കു കയറി. ഇന്നു രാവിലെ 101.51 ആയി ഉയർന്നു.
കമ്പനികൾ, ഓഹരികൾ
മണപ്പുറം ജനറൽ ഫിനാൻസുമായി ഈയിടത്തെ റെയിഡിനു ബന്ധമില്ലെന്നു വ്യക്തമായതോടെ മണപ്പുറം ഓഹരി ഇന്നലെ ആറു ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ രണ്ടര ശതമാനം കയറി 130.85 രൂപ വരെ എത്തിയെങ്കിലും ക്ലോസിംഗ് 128.65 രൂപയിലായിരുന്നു.
സിഎസ്ബി ബാങ്ക് ഓഹരി ഇന്നലെ അഞ്ചു ശതമാനത്തിലധികം ഉയർന്ന് 295.5 രൂപയിലെത്തിയ ശേഷം 291.35 രൂപയിൽ ക്ലോസ് ചെയ്തു. എം ആർ എഫ് ഓഹരി ഇന്നലെ 99,933.5 രൂപ എന്ന സർവകാല റെക്കോഡിൽ എത്തിയിട്ട് അൽപം താഴ്ന്നു ക്ലോസ് ചെയ്തു. ഫ്യൂച്ചേഴ്സിൽ വില ഒരു ലക്ഷം രൂപയിൽ എത്തിയിരുന്നു.
ആദിത്യ ബിർല ഫാഷൻ - ടിസിഎൻഎസ് ലയനം
ആദിത്യ ബിർല ഫാഷൻ റീട്ടെയിൽ 1650 കോടി രൂപയ്ക്ക് ടിസിഎൻഎസ് ക്ലോത്തിംഗിനെ ഏറ്റെടുക്കുന്നതിനോടു വിപണി അനുകൂലമായല്ല പ്രതികരിച്ചത്. ഓഹരി ഒന്നിന് 503 രൂപ നൽകി 51 ശതമാനം ഓഹരി വാങ്ങാനാണു കരാർ. ഈ വില അമിതമാണെന്ന് ബ്രാേക്കറേജുകൾ കരുതുന്നു. എബി ഫാഷൻ ഓഹരി നാലു ശതമാനത്തോളം താഴ്ന്നു. ടിസിഎൻഎസ് ഓഹരി 20 ശതമാനം ഇടിഞ്ഞ് 416.75 രൂപയായി. ലയന ശേഷം ബിർലാ കമ്പനിയുടെ ഓഹരി നൽകുന്നതിനു പ്രഖ്യാപിച്ച റേഷ്യാേ തങ്ങൾക്കു നഷ്ടമാണെന്ന് ടിസിഎൻഎസ് ഓഹരിയുടമകൾ കരുതുന്നു. ടിസിഎൻഎസിന്റെ ഡബ്ള്യു, ഔറലിയ ബ്രാൻഡ് വസ്ത്രങ്ങൾ വിപണിയിൽ വലിയ സ്വീകാര്യത ഉള്ളവയാണ്. ബിർലായ്ക്ക് റിലയൻസ് റീട്ടെയിലിന്റെ ഫാഷൻ ബിസിനസിനോടു മത്സരിക്കാൻ ഈ ഏറ്റെടുക്കൽ കരുത്തു പകരും.
വിപണി സൂചനകൾ
(2023 മേയ് 08, തിങ്കൾ )
സെൻസെക്സ് 30 61,764.25 +1.16%
നിഫ്റ്റി 50 18,264.40 +1.08%
ബാങ്ക് നിഫ്റ്റി 43,284.00 +1.46%
മിഡ് ക്യാപ് 100 32,476.10: +1.02%
സ്മോൾക്യാപ് 100 9820.75 +0.94%
ഡൗ ജോൺസ്30 33,618.69 -0.17%
എസ് ആൻഡ് പി500 4138.12 +0.05%
നാസ്ഡാക് 12,256.92 +0.18%
ഡോളർ ($) ₹81.80 00 പൈസ
ഡോളർ സൂചിക 101.38 +0.10
സ്വർണം(ഔൺസ്) $2022.20 +$03.60
സ്വർണം(പവൻ ) ₹45,280 +₹60.00
ക്രൂഡ്(ബ്രെന്റ്)ഓയിൽ $77.01 +$1.71