അന്തരീക്ഷം മാറുന്നു; അനിശ്ചിതത്വം മുന്നിൽ; വിദേശ സൂചനകൾ വിപരീതം; ക്രൂഡ് വില ഇടിവിൽ; ക്രിപ്റ്റോ തകർച്ചയിലും ആശങ്ക

ഓഹരി വിപണി അനിശ്ചിതത്വത്തിലേ ക്ക്. ധനലക്ഷ്മി ബാങ്കിൽ ശുഭസൂചനകൾ. സാമിൻ്റെ തകർച്ചയും ചാങ്ങിൻ്റെ നിലപാടുമാറ്റവും

Update:2022-11-10 08:25 IST

വളരെ പെട്ടെന്നാണു നിക്ഷേപാന്തരീക്ഷം മാറിമറിയുന്നത്. ആവേശവും ഉത്സാഹവും അനിശ്ചിതത്വത്തിനു വഴിമാറി. അനിശ്ചിതത്വം വിപണികൾക്ക് ഒട്ടും ഇഷ്ടമല്ല. നാളെ എന്ത്, എങ്ങോട്ട് എന്നൊന്നും വ്യക്തമല്ലാതിരുന്നാൽ നിക്ഷേപ തീരുമാനങ്ങൾ തന്നെ നീണ്ടു പോകും. 


അങ്ങനെയൊന്നിലേക്കാണു പൊടുന്നനെ ലോകം എത്തിയത്. അതിൻ്റെ പ്രതിഫലനം ഇന്നു വിപണിയിൽ ഉണ്ടാകും. ബുധനാഴ്ച തന്നെ ആ ദിശയിൽ ഇന്ത്യൻ വിപണി നീങ്ങിയതാണ്. പ്രധാന സൂചികകൾ കാൽ ശതമാനം വീതം താണു. രാത്രി യുഎസ് വിപണി രണ്ടു ശതമാനം തകർച്ചയിലായത് അതിൻ്റെ തുടർച്ച.


യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതും ക്രിപ്റ്റോ കറൻസി വിപണിയിലെ വലിയ കോളിളക്കവും വിപണിഗതിയെ സാരമായി ബാധിക്കും.മെറ്റാവേഴ്സ് അടക്കമുള്ള ടെക് കമ്പനികളിലെ പ്രശ്നങ്ങളും വിപണിയെ ആകുലപ്പെടുത്തുന്നു.


ചൈനയുടെ തളർച്ചയും ചിന്താവിഷയമാണ്. യുക്രെയ്നിൽ റഷ്യക്കു വലിയ തിരിച്ചടി നേരിട്ടതു യുദ്ധഗതി തിരിച്ചുവിടും. റഷ്യയിൽ വ്ലാദിമിർ പുടിൻ്റെ നില മോശമാക്കും. ഓഹരികൾ മാത്രമല്ല മറ്റ് ആസ്തികളും അനിശ്ചിതത്വമാണു കാണുന്നത്. ധനകാര്യ വിപണികൾ ഒറ്റപ്പെട്ടവയല്ല. ഒരിടത്തെ കുഴപ്പങ്ങൾ പെട്ടെന്നു തന്നെ പടരും.ആ പടരുമെന്ന ആശങ്കയാണ് എങ്ങും.


ഇന്നലെ യൂറോപ്യൻ വിപണികൾ ചെറിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. പിന്നീടു യുഎസ് വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം വലിയ താഴ്ചയിലായി. ഡൗ ജോൺസ് 1.95 ശതമാനം, എസ് ആൻഡ് പി 2.08 ശതമാനം, നാസ്ഡാക് 2.48 ശതമാനം എന്നിങ്ങനെ വീണു.


ഇന്നു രാവിലെ ജപ്പാനിലെ നിക്കൈ സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നാണു വ്യാപാരം. ചൈനീസ് വിപണിയും ഇടിവിലാണ്. 


സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 18,121 -ലേക്കു താഴ്ന്നാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 18,150 ലേക്കു കയറി. ഇന്ത്യൻ വിപണി താഴ്ചയാേടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.


ബുധനാഴ്ച സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെ തുടങ്ങിയെങ്കിലും പെട്ടെന്നു തന്നെ താ6ഴാട്ടായി. ക്രമമായി താഴ്ന്ന സൂചികകൾ അവസാന മണിക്കൂറിൽ കൂടുതൽ താഴ്ചയിലായി. സെൻസെക്സ് 151.6 പോയിൻ്റ് (0.25%) താണ് 61,033.55 ലും നിഫ്റ്റി 45.8 പോയിൻ്റ് (0.25%) താണ് 18,157-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.7%, സ്മോൾ ക്യാപ് സൂചിക 0.6% എന്നിങ്ങനെ താഴ്ന്നു. ബാങ്കുകളും എഫ്എംസിജിയും മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയ മേഖലകൾ. മറ്റെല്ലാം താഴോട്ടു നീങ്ങി.


വിദേശ നിക്ഷേപകർ ഇന്നലെ വാങ്ങൽ കുറച്ചു. 386.83 കോടിയുടെ ഓഹരികൾ മാത്രമേ അവർ വാങ്ങിയുള്ളു. സ്വദേശി ഫണ്ടുകൾ 1060.12 കോടിയുടെ ഓഹരികൾ വിറ്റു.


വിപണി അനിശ്ചിതത്വമാണു കാണിക്കുന്നതെന്നു വിദഗ്ധർ പറയുന്നു. 17,990-ലെ ഹ്രസ്വകാല പിന്തുണയിലാണു വിപണി നിൽക്കുന്നത്. അതു തകർന്നാൽ കൂടുതൽ താഴോട്ടു പതിക്കും. നിഫ്റ്റിക്ക് ഇന്ന് 18,120-ലും 18,010-ലും പിന്തുണയുണ്ട്. ഉയരുമോ 18,260-ലും 18,370-ലും തടസങ്ങൾ ഉണ്ടാകാം.


ക്രൂഡ് ഓയിൽ വിപണി കുത്തനെ താഴുകയാണ്. 100 ഡോളറിലേക്കു കയറുമെന്നു കഴിഞ്ഞയാഴ്ച ഭയപ്പെട്ടിരുന്ന ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു 92.5 ഡോളറിനു താഴെയാണ്. ചൈനയിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണു പ്രധാന കാരണം. യുഎസ് തെരഞ്ഞെടുപ്പിൽ ഒപെക് രാജ്യങ്ങളും റഷ്യയും ആഗ്രഹിച്ച തരം വിധി ഉണ്ടാകാത്തതു വിപണിയിൽ ചെറിയ അനിശ്ചിതത്വം ജനിപ്പിച്ചിട്ടുണ്ട്.


വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലാണ്. ചെമ്പ് ടണ്ണിന് 8000 ഡോളറിനു മുകളിൽ കയറി. റഷ്യൻ ചെമ്പിന് വിലക്ക് വരുമെന്ന യുഎസ് ഭീഷണി വില കൂടാൻ കാരണമായി. അതേ സമയം അലൂമിനിയം, സിങ്ക് തുടങ്ങിയവ താഴോട്ടു നീങ്ങി.


സ്വർണം ചെറിയ കയറ്റിറക്കങ്ങൾക്കു ശേഷം താഴ്ചയുടെ ദിശയിലാണ്. ഇന്നലെ 1702-1722 മേഖലയിലായിരുന്നു സ്വർണം. ഇന്നു രാവിലെ 1707-1708 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക 110- നു മുകളിൽ തുടർന്നാൽ സ്വർണത്തിനു കയറ്റം എളുപ്പമല്ല.


കേരളത്തിൽ സ്വർണം പവന് 440 രൂപ വർധിച്ച് 37,880 രൂപയായി. ഡോളർ -രൂപ നിരക്കിലെ മാറ്റമനുസരിച്ചാകും ഇന്നു വിലയിലെ മാറ്റം.


ഡോളർ സൂചിക താഴ്ന്നത് ഇന്നലെയും രൂപയെ ഉയർത്തി. ഡോളർ രാവിലെ 81.33 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 81.55 വരെ കയറിയെങ്കിലും 81.43 രൂപയിൽ ക്ലോസ് ചെയ്തു. മൂന്നു വ്യാപാര ദിനങ്ങൾക്കിടയിൽ ഡോളറിനു 144 പൈസ കുറഞ്ഞു. മറ്റു കറൻസികളുമായും ഡോളർ ദുർബലമായിരുന്നു.


ഡോളർ സൂചിക ഇന്നലെ 110.55 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അൽപം താണ് 110.3 ലെത്തി.


ധനലക്ഷ്മി ബാങ്കിൽ ശുഭസൂചനകൾ

ധനലക്ഷ്മി ബാങ്കിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്കു നീങ്ങുന്നതായി സൂചന. ബാങ്ക് മൂന്നു ഡയറക്ടർമാരെ ചേർക്കും. ഇതാേടെ ബോർഡിൽ എട്ടു പേരാകും.
ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചത് റദ്ദാക്കി. 120 കോടി രൂപയുടെ അവകാശ ഇഷ്യു നടത്താനും ധാരണയായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാങ്കിൻ്റെ രണ്ടാംപാദ റിസൽട്ട് പ്രതീക്ഷയിലും മെച്ചമായി.
അറ്റാദായം 3.6 കോടിയിൽ നിന്നു 16 കോടി രൂപയായി. അറ്റനിഷ്ക്രിയ ആസ്തി പകുതിയായി. ഇന്നലെ ബാങ്ക് ഓഹരി ഒൻപതു ശതമാനം ഉയർന്ന് 16.75 രൂപയായെങ്കിലും പിന്നീടു നഷ്ടത്തിൽ ക്ലോസ് ചെയ്തു.

എംആർഎഫും സിയറ്റും

ലാഭം പ്രതീക്ഷയിലും കുറവായതിനെ തുടർന്ന് എംആർഎഫ് ഓഹരി ഇന്നലെ 8.85 ശതമാനം ഇടിഞ്ഞു. 94,900 രൂപയിൽ നിന്ന് 86,500 രൂപയിലേക്ക്. അതേ സമയം സിയറ്റ് ടയേഴ്സിൻ്റെ ഓഹരി ഇൻട്രാ ഡേയിൽ 16 ശതമാനം കുതിച്ചു കയറി. ലാഭ വർധനയാണു കാരണം.

ഗൂഢകറൻസി വിപണി തകർച്ചയിൽ

പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ എഫ്ടിഎക്സ് തകർച്ചയിലേക്കു നീങ്ങുകയാണ്. അവരെ ഏറ്റെടുക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബിനാൻസ് പിന്മാറി. ഇതോടെ ബിറ്റ്കോയിൻ അടക്കമുള്ള ഗൂഢ (ക്രിപ്റ്റോ) കറൻസികളുടെയെല്ലാം വില കുത്തനേ ഇടിഞ്ഞു.

ബിറ്റ് കോയിൻ രണ്ടു ദിവസം കൊണ്ട് 20 ശതമാനത്തോളം താഴ്ചയിലായി. മൊത്തം ഗൂഢ കറൻസി വിപണിയുടെ മൂല്യം ഒരു വർഷം മുൻപത്തേതിൻ്റ നാലിലൊന്നായിട്ടുണ്ട്. 67,000 ഡോളറിനു മുകളിൽ കയറിയിട്ടുള്ള ബിറ്റ്കോയിൻ ഇപ്പോൾ 15,700 നടുത്താണ്. ബിറ്റ്കോയിൻ്റെ വിപണി മൂല്യം 1.13 ലക്ഷം കോടി ഡോളറിൽ നിന്ന് 35,000 കോടി ഡോളറിനു താഴെയായി. ഈഥർ മുതലുള്ള മറ്റു ഗൂഢ കറൻസികളും ഇടിഞ്ഞു.

ഗൂഢ കറൻസികളുടെ തകർച്ച നിക്ഷേപക സമൂഹത്തിനു വലിയ നഷ്ടമാണു വരുത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ക്രിപ്റ്റോയിലേക്കു നിക്ഷേപകർ കാര്യമായി നീങ്ങിയിരുന്നു. ഗോൾഡ്മാൻ സാക്സ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഗൂഢകറൻസികളെ അംഗീകരിച്ചതും മറ്റൊരു ആസ്തി വിഭാഗമായി അവയെ പരിഗണിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇങ്ങനെ നടത്തിയ നിക്ഷേപങ്ങൾ ഇപ്പോൾ ഒന്നുമല്ലാതായി മാറുന്ന സാഹചര്യമാണുള്ളത്.


സാമിൻ്റെ തകർച്ചയും ചാങ്ങിൻ്റെ നിലപാടുമാറ്റവും

പ്രശ്നത്തിലായ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിൻ്റെ സിഇഒ സാമുവൽ (സാം) ബാങ്ക്മാൻ - ഫ്രീഡിൻ്റെ സമ്പത്തിൻ്റെ 94 ശതമാനം ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി. രണ്ടു ദിവസം മുൻപ് 15,200 കോടി ഡോളർ ആയിരുന്ന സമ്പത്ത് ഇന്നലെ 99 കോടി ഡോളർ ആയി. എഫ്ടിഎക്സിൻ്റെ ടോക്കൺ എഫ്ടിടിയുടെ മൂല്യം ഒരു വർഷം കൊണ്ട് 93 ശതമാനം തകർന്നു. ചൊവ്വാഴ്ച മാത്രം 72 ശതമാനമായിരുന്നു വീഴ്ച.

എഫ്ടിഎക്സിനെ രക്ഷിക്കാമെന്ന് ഏറ്റിരുന്ന ബിനാൻസ് മേധാവി ചാങ് പെങ് ചാവോ ആണു തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. തൻ്റെ പക്കലുള്ള എഫ്ടിടികളെല്ലാം ഒഴിവാക്കുകയാണെന്നു കനേഡിയൻ പൗരത്വമുള്ള ചൈനാക്കാരനായ ചാവാേ പ്രഖ്യാപിച്ചു. ഇതോടെ മറ്റുള്ളവരും എഫ്ടിടി വിൽക്കാൻ തുടങ്ങി.

മറ്റു ഗൂഢ കറൻസികളും വിൽപ്പന പ്രളയത്തിലായി. 28-ാം വയസിൽ 1500 കോടി ഡോളർ സമ്പത്തിനുടമയായ സാം എന്ന അമേരിക്കക്കാരൻ മുപ്പതാം വയസിൽ പാപ്പരാകാൻ ഇതോടെ സാഹചര്യമായി. 2008-ൽ ലീമാൻ ബ്രദേഴ്സ് തകർന്നപ്പോഴത്തെ പോലുള്ള പ്രത്യാഘാതങ്ങളിലേക്ക് ഇതുവഴി തെളിക്കുമോ എന്നാണു ലോകത്തിൻ്റെ ആശങ്ക.

റിപ്പബ്ലിക്കൻ തരംഗം ഉണ്ടായില്ല, കാരണം ട്രംപ്

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ മുന്നേറ്റം ഉണ്ടാകുമെന്നാണു കരുതിയത്. റിപ്പബ്ലിക്കന്മാർക്കു നല്ല നേട്ടങ്ങൾ ഉണ്ടായെങ്കിലും അവർക്കനുകൂലമായ തരംഗം കാണപ്പെട്ടില്ല.ജനപ്രതിനിധി സഭയിൽ അവർക്കു നേരിയ ഭാരിപക്ഷമേ കിട്ടൂ. സെനറ്റിൻ്റെ നിയന്ത്രണം കിട്ടുമോ എന്നു ഡിസംബർ ആറിനം പുനർ വോട്ടിംഗ് കഴിഞ്ഞേ അറിയാനാകൂ.

കഴിഞ്ഞ രണ്ടു ദശക ക്കാലത്ത് ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്കു കിട്ടിയിട്ടുള്ളതിൽ ഏറ്റവും മികച്ച പിന്തുണ ഇത്തവണ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഡെമോക്രാറ്റിക് പാർട്ടിക്കു കിട്ടി. അൽപം നയചാതുരി കാണിച്ചാൽ ബൈഡനു തൻ്റെ ഭരണം വിജയകരമായി തുടരാനാവും.

ഉദ്ദേശിച്ച വിജയം റിപ്പബ്ലിക്കന്മാർക്കു കിട്ടാത്തതിനു കാരണം മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആണെന്നു തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി. ട്രംപ് അംഗീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്ത പ്രമുഖസ്ഥാനാർഥികൾ പരാജയപ്പെട്ടു. വീണ്ടും പ്രസിഡൻ്റാകാൻ മത്സരിക്കുമെന്ന് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കുകയാണു ട്രംപ്. അദ്ദേഹത്തിൻ്റെ സാധ്യതകൾ കുറയ്ക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം.

വിപണിക്കു ബൈഡൻ്റെ നയങ്ങൾ പലതും ഇഷ്ടമല്ല. അദ്ദേഹം കൂടുതൽ ദുർബലനായാൽ നന്നെന്നു കരുതിയ വിപണിക്ക് മറിച്ചു സംഭവിച്ചതിൽ നിരാശയുണ്ട്. ഒപെക് രാജ്യങ്ങളോടും റഷ്യയാേടും ബൈഡനു നല്ല ബന്ധമില്ലാത്തതാണു വിലക്കയറ്റ നിയന്ത്രണം സാധ്യമാകാത്തതിനു കാരണമെന്നാണു വിപണിയുടെ വിലയിരുത്തൽ. വലിയ എണ്ണക്കമ്പനികളോടും ബൈഡനു നല്ല ബന്ധമില്ല. ഇടക്കാല തെരഞ്ഞെടുപ്പിൽ ബൈഡനു കരുത്തു ചോരാത്തത് ഇന്ധന വിപണിയെ ഒട്ടും രസിപ്പിക്കുന്നില്ല. അതെല്ലാമാണ് ഇന്നലെ യുഎസ് വിപണിയുടെ വലിയ ഇടിവിനു കാരണം.

Tags:    

Similar News