വിപണികളിൽ അനിശ്ചിതത്വം മാറുന്നില്ല
വിദേശ സൂചനകൾ സമ്മിശ്രം; ഡോളർ കയറി, ലോഹങ്ങൾ ഇടിഞ്ഞു
ഓഹരി വിപണി അനിശ്ചിതത്വത്തിലാണ്. അടിയന്തര വെല്ലുവിളികൾ ഇല്ലെങ്കിലും ലോകമെങ്ങും വിപണികൾ ദിശാബാേധം കാണിക്കാതെയാണു നീങ്ങുന്നത്. ഇന്ത്യൻ വിപണിയിലും അതാണു നില. ഈ അനിശ്ചിതത്വം ഇന്നും തുടരാം.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധൻ രാത്രി ഒന്നാം സെഷനിൽ 18,358.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,287.5 വരെ ഇടിഞ്ഞു. ഇന്നു രാവിലെ 18,296 ലേക്കു കയറി, പിന്നീടു താണു. ഇന്ത്യൻ വിപണി താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെയും താഴ്ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കാൽ ശതമാനം കൂട്ടിയതിനെ തുടർന്ന് എഫ്ടിഎസ്ഇ നഷ്ടത്തിലായി. യുഎസ് വിപണി ഇന്നലെ ഭിന്നദിശകളിൽ നീങ്ങി. ഡിസ്നിയുടെ പ്രശ്നങ്ങൾ ഡൗ ജോൺസ് സൂചികയെ താഴ്ത്തി. ഗൂഗിൾ ഉപയോക്താക്കൾക്ക് എഐ സേവനം നൽകുമെന്നു പ്രഖ്യാപിച്ചത് നാസ് ഡാകിനെ
ഉയർത്തി. യുഎസ് കടത്തിന്റെ പരിധി സംബന്ധിച്ചു ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണ ഉണ്ടാകാത്തതു പിന്നീടു വിപണിയെ ഉലയ്ക്കാവുന്ന പ്രശ്നമാകാം. ഇന്നലെ ഡൗ ജോൺസ് 221.82 പോയിന്റ് (0.66 ശതമാനം) താഴ്ന്നപ്പോൾ എസ് ആൻഡ് പി 7.02 പോയിന്റ്(0.17%) താഴ്ന്നു. നാസ്ഡാക് 22.06 പോയിന്റ് (0.18%) ഉയർന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.20 ഉം നാസ്ഡാക് 0.27 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു ഭിന്നദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി താഴ്ന്നു. ജപ്പാനിലും ഹോങ്കോങ്ങിലും ഉയർന്ന നിലയിൽ വ്യാപാരമാരംഭിച്ചു. കൊറിയയിൽ ഇടിവാണ്. ചെെനീസ് വിപണി ഇന്നു തുടക്കത്തിൽ ഗണ്യമായി താണു.
ഇന്ത്യൻ വിപണി
വ്യാഴാഴ്ചയും ഇന്ത്യൻ വിപണി ചാഞ്ചാട്ടം തുടർന്നു. ചെറിയ നേട്ടത്തിൽ തുടങ്ങി താമസിയാതെ താഴ്ന്നു. വീണ്ടും സൂചികകൾ കയറിയിറങ്ങി. ഒടുവിൽ ചെറിയ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 35.62 പോയിന്റ് (0.06%) താഴ്ന്ന് 61,904.52 ലും നിഫ്റ്റി 18.10 പോയിന്റ് (0.1%) താഴ്ന്ന് 18,297.0 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.30 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.53 ശതമാനം കയറി. ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ മേഖലകളാണു താഴ്ന്നത്.
വിപണിയുടെ ഹ്രസ്വകാല കുതിപ്പ് തുടരാൻ തക്ക കരുത്ത് സൂചികകൾ കാണിക്കുന്നില്ല. നിഫ്റ്റിക്കു 18,275 ലും 18,200 ലും സപ്പോർട്ട് ഉണ്ട്. 18,365 ലും 18,440 ലും തടസങ്ങൾ നേരിടാം. വിദേശനിക്ഷേപകർ ഇന്നലെ 837.21 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 200.09 കോടിയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 74.98 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 71.34 ഡോളർ ആയി. യുഎസ് പലിശവർധന അവസാനിച്ചിട്ടില്ലെന്ന സൂചന ഡോളർ ഉയരാനും സ്വർണവില താഴാനും വഴിതെളിച്ചു. ഇന്നലെ 2042 വരെ കയറിയ സ്വർണം 2016 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2012- 2014 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 45,560 രൂപയിൽ തുടർന്നു. വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടരുകയാണ്. ചെമ്പ് രണ്ടു ശതമാനം താണു ടണ്ണിന് 8267 ഡോളർ ആയി. അലൂമിനിയം 2.23 ശതമാനം ഇടിഞ്ഞു 2217.38 ഡോളറിലെത്തി. നിക്കലും സിങ്കും മൂന്നു ശതമാനം വീതം താഴ്ന്നു. പ്രതീക്ഷ പോലെ ഡിമാൻഡ് ഉയരാത്തതും ഡോളർ കരുത്തു നേടിയതുമാണു കാരണം.
ഡോളർ ഉയർന്നതോടെ ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 26,900 ഡോളറിലാണ്. ഡോളർ ഇന്നലെ 05 പൈസ നഷ്ടത്തിൽ 81.99 രൂപയിലെത്തി. ഡോളർ സൂചിക 102.06 ലേക്കു കയറി. ഇന്നു രാവിലെ 102.05 ആയി.
കമ്പനികൾ, റിസൽട്ടുകൾ
കമ്പനികളുടെ റിസൽട്ടുകൾ വിപണി ഗതിയെ വലുതായി സ്വാധീനിച്ച ദിവസമായിരുന്നു ഇന്നലെ. എൽ ആൻഡ് ടിയുടെ ലാഭ മാർജിൻ കുറഞ്ഞത് ഓഹരിയെ അഞ്ചു ശതമാനത്തിലധികം താഴ്ത്തി. യുഎസ് ബിസിനസിലെ വരുമാനവും ലാഭവും കുറവായത് ഡോ. റെഡ്ഡീസ് ലബാേറട്ടറീസിന്റെ ഓഹരി വില എട്ടു ശതമാനത്തോളം ഇടിച്ചു. വിദേശത്തെ ഉപകമ്പനിയായ നൊവേലിസിന്റെ പ്രകടനം മോശമായത് ഹിൻഡാൽകോ ഓഹരിയെ നാലു ശതമാനം താഴ്ത്തി.
എന്നാൽ സിയറ്റിന്റെ ലാഭവും ലാഭമാർജിനും വർധിച നാലാംപാദ ഫലം ഓഹരിവില ആറു ശതമാനത്തിലധികം ഉയർത്തി. ടയർ കമ്പനികൾ പൊതുവേ മികച്ച റിസൽട്ടാണു നാലാം പാദത്തിൽ പുറത്തുവിട്ടത്.
ഏഷ്യൻ പെയിന്റ്സിന്റെ വരുമാനം 11 ശതമാനവും അറ്റാദായം 45 ശതമാനവും വർധിച്ച നാലാം പാദ ഫലം വിപണി ക്ലോസ് ചെയ്യുന്ന സമയത്തിനടുത്താണു വന്നത്.
ചരിത്രത്തിലെ ഏറ്റവും കൂടിയ വാർഷിക അറ്റാദായം കാണിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് റിസൽട്ടിന്റെ പ്രതികരണം ഇന്നത്തെ വ്യാപാരത്തിലേ ഉണ്ടാകൂ. നാലാം പാദ അറ്റാദായം 23 ശതമാനം വർധിച്ചു. മൊത്തം എൻപിഎ 5.9 ശതമാനത്തിൽ നിന്ന് 5.14 ശതമാനമായി താണു. നെറ്റ് എൻപിഎ 2.97 ശതമാനത്തിൽ നിന്ന് 1.86 ശതമാനമായി കുറഞ്ഞു.
ഇ.ഡി പരിശോധനയും ഓഹരികളും
മണപ്പുറം ജനറൽ ഫിനാൻസ് ഓഹരി ഇന്നലെ 0.48 ശതമാനം മാത്രം കയറി. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ഇന്നലെ ഈ ഓഹരിയുടെ വ്യാപാരം വിലക്കിയിരുന്നു. ഓഹരിയിൽ ഓപ്പൺ ഇന്ററസ്റ്റ് 95 ശതമാനമായി ഉയർന്നതിനെ തുടർന്നാണിത്. 80 ശതമാനത്തിലേക്ക് ഓപ്പൺ ഇന്ററസ്റ്റ് താഴ്ന്നാലേ വിലക്ക് നീങ്ങൂ. കനറാ ബാങ്ക്, ജിഎൻഎഫ്സി, ഭെൽ . എന്നിവയും ഇതേ കാരണത്താൽ വിലക്കിലാണ്.
ഇഡി റെയിഡ് മണപ്പുറം ജനറൽ ഫിനാൻസിന്റെ കാര്യങ്ങളിൽ അല്ലെങ്കിലും കമ്പനിയുടെ പ്രതിച്ഛായ മോശമാക്കിയത് ഭാവിയിൽ പണസമാഹരണത്തിനു പ്രശ്നമാകുമെന്നു ഫിച്ച് റേറ്റിംഗ്സ് വിലയിരുത്തി.
ഈയിടെ ഇഷ്യു നടത്തിയ മാൻകൈൻഡ് ഫാർമയിലെ ആദായനികുതി പരിശോധന ഇന്നലെ ഓഹരിവില കുത്തനേ ഇടിച്ചെങ്കിലും ക്ലോസിംഗിൽ നഷ്ടം 0.64 ശതമാനമായി കുറച്ചു. ഗർഭ പരിശോധന കിറ്റ്, കോൺഡം, ഗർഭനിരോധന ഗുളിക, ആന്റിബയോട്ടിക്കുകൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനിയാണു മാൻകൈൻഡ്.
അദാനി ഓഹരി വിൽപനയ്ക്ക്
അദാനി ഗ്രൂപ്പിലെ അദാനി എന്റർപ്രൈസസും അദാനി ഗ്രീൻ എനർജിയും അദാനി ട്രാൻസ്മിഷനും ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു. ശനിയാഴ്ച ചേരുന്ന എന്റർപ്രൈസസ് ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 250 കോടി ഡോളർ (20,000 കോടി രൂപ) ഓഹരി വിൽപന വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മൂന്നു മാസം മുൻപ് എന്റർപ്രൈസസ് ഓഹരിയുടെ തുടർവിൽപന വഴി 20,000 കോടി രൂപ സമാഹരിക്കാൻ കമ്പനി ഒരുങ്ങിയതാണ്. ഗ്രൂപ്പിന്റെ ധനകാര്യ നില ഭദ്രമല്ലെന്നും കൃത്രിമമായി ഓഹരി വില ഉയർത്തി നിർത്തിയിരിക്കുകയാണെന്നും ആരോപിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ആ പരിപാടി ഉപേക്ഷിച്ചു. എന്റർപ്രൈസസിന്റെ ഓഹരിക്ക് അന്ന് 3000 ലധികം രൂപ വില ഉണ്ടായിരുന്നു. ഇപ്പോൾ 2000 നു താഴെ മാത്രം.
33,300 കോടിയിലധികം രൂപയുടെ കടം എന്റർപ്രൈസസിനുണ്ട്. ഗ്രൂപ്പിന്റെ കടബാധ്യത 2.27 ലക്ഷം കോടി രൂപയാണ്. ഇതു കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഓഹരി വിൽപന.
എന്റർപ്രൈസസ് ഓഹരി ഇന്നലെ അഞ്ചു ശതമാനം ഉയർന്നു. ഗ്രൂപ്പിലെ മറ്റു കമ്പനികളും ഇന്നലെ ഒന്നു മുതൽ മൂന്നു വരെ ശതമാനം കയറി.
വിപണി സൂചനകൾ
(2023 മേയ് 11, വ്യാഴം)
സെൻസെക്സ് 30 61,904.52 -0.06%
നിഫ്റ്റി 50 18,297.10 -0.1%
ബാങ്ക് നിഫ്റ്റി 43,475.30 +0.33%
മിഡ് ക്യാപ് 100 32,601.30 +0.30%
സ്മോൾക്യാപ് 100 9881.10 +0.53%
ഡൗ ജോൺസ്30 33,309.51 -0.66%
എസ് ആൻഡ് പി500 4130.62 -0.17%
നാസ്ഡാക് 12,328.51 +0.18%
ഡോളർ ($) ₹82.09 +10 പൈസ
ഡോളർ സൂചിക 102.06 +0.58
സ്വർണം(ഔൺസ്) $2015.60 -$16.10
സ്വർണം(പവൻ ) ₹45,560 +₹ 0.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.98 -$1.43